ചലച്ചിത്രമേഖലയുടെ സമഗ്ര പരിഷ്‌കരണം ലക്ഷ്യമിടുന്ന സിനിമാ റഗുലേറ്ററി അതോറിറ്റി രൂപവത്കരണം അനിശ്ചിതത്വത്തില്‍. സിനിമാമേഖലയില്‍ സമഗ്ര ഇടപെടല്‍ വേണമെന്ന ആവശ്യത്തിന്‍മേലാണ് സര്‍ക്കാര്‍അതോറിറ്റി രൂപികരിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ അതോറിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മന്ദഗതിയില്‍ ആയതിന്റെ ആശങ്കയിലാണ് സര്‍ക്കാര്‍.
അതോറിറ്റി യാഥാര്‍ത്ഥ്യമാക്കാന്‍ കരട് ബില്‍ തയ്യാറായെങ്കിലും സിനിമാമേഖലയില്‍ നിന്ന് കടുത്ത എതിര്‍പ്പാണുയരുന്നത്. ജുഡീഷ്യല്‍ സ്വഭാവമുള്ള അതോറിറ്റിയുടെ പ്രവര്‍ത്തനം ചലച്ചിത്രമേഖലയില്‍ പ്രായോഗികമാകുമോയെന്ന് സര്‍ക്കാരിനും ആശങ്കയുണ്ട്. വിഷയത്തില്‍ സിനിമാമേഖലയിലെ സംഘടനകളുടെ യോഗം വിളിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍.
ജില്ലാ ജഡ്ജി പദവിയിലുള്ളയാള്‍ അധ്യക്ഷനും ചലച്ചിത്രമേഖലയില്‍ നിന്നുള്ള രണ്ടുപേര്‍ അംഗങ്ങളുമായാണ് അതോറിറ്റി രൂപവത്കരിക്കുന്നത്. ഇതിന്റെ ഘടനയും ചട്ടങ്ങളും ഉള്‍പ്പെടുത്തിയ ബില്ലിന്റെ കരടിന് അന്തിമരൂപം നല്‍കുന്നതിനുമുമ്പ് ചലച്ചിത്രമേഖലയിലെ പ്രമുഖരുമായി സാംസ്‌കാരിക വകുപ്പ് ചര്‍ച്ച നടത്തിയിരുന്നു. സംഘടനാ പ്രതിനിധികളായെത്തിയവര്‍ അതോറിറ്റി രൂപവത്കരണത്തോട് പൂര്‍ണമായി യോജിച്ചില്ലെന്നാണ് വിവരം.
എന്നാല്‍ അതോറിറ്റിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കൂടുതല്‍ വിവരങ്ങള്‍ തങ്ങള്‍ക്ക് കൈമാറിയിട്ടില്ലെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. അന്തിമകരട് തങ്ങളെ കാണിച്ചിട്ടില്ലെന്നും അതിനാല്‍ വ്യക്തമായ ധാരണയില്ലെന്നും ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഫെഫ്കയുടെ ഭാഗത്തുനിന്നും അന്തിമകരടിനെതിരെ ഒരു നീക്കങ്ങളും ഇതുവരെ നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറ്റ് സിനിമാ സംഘടനകളുമായി സര്‍ക്കാര്‍ കൂടിയാലോചിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായ കമ്മിറ്റിയുടെ ശുപാര്‍ശകളില്‍ ഏതെല്ലാമാണ് അന്തിമകരടില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്ന കാര്യം അറിയില്ലെന്നും ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. അതോറിറ്റി രൂപീകരിക്കാനുള്ള തീരുമാനത്തെ സംവിധായകന്‍ ആഷിഖ് അബു അടക്കമുള്ള നിരവധി പേര്‍ സ്വാഗതം ചെയ്തിരുന്നു.
അടൂര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായ കമ്മിറ്റിയുടെ ശുപാര്‍ശകളാണ് തയ്യാറാക്കിയ നിയമത്തിനാധാരം. സിനിമാരംഗത്തെ പരിഷ്‌കരണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സാംസ്‌കാരിക വകുപ്പ് ആലോചിച്ചെങ്കിലും മേഖലയിലെ എതിര്‍പ്പുമൂലം നടന്നിരുന്നില്ല. അതോറിറ്റി നടത്താന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഇവയാണ്.സംഘടനകള്‍, നിര്‍മാതാക്കള്‍, എക്‌സിബിറ്റേഴ്‌സ്, വിതരണക്കാര്‍, ടൈറ്റില്‍ തുടങ്ങിയ തുടങ്ങിയ എല്ലാ മേഖലകളിലും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും. ചട്ടങ്ങള്‍ ലംഘിച്ചാല്‍ പരമാവധി അഞ്ചുലക്ഷം രൂപവരെയാണ് പിഴ ചുമത്തുക. വീഴ്ചകളും നിയമലംഘനങ്ങളും ക്രിമിനല്‍ കുറ്റമായി കാണും.
പരാതികള്‍ അതോറിറ്റി പരിശോധിച്ച് പരിഹാരം കാണും. സിനിമയിലെ അനാവശ്യ വിലക്കുകളോ പ്രവണതകളോ അനുവദിക്കില്ല. സിനിമാമേഖലയില്‍ സമഗ്രമാറ്റത്തിന് സര്‍ക്കാരിന്റെ മേല്‍നോട്ടവും നിരീക്ഷണവും ഉണ്ടായിരിക്കും. ഇത്രയും കാര്യങ്ങളാണ് അതോറിറ്റി രൂപീകരണത്തിലൂടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.
സിനിമയുമായുള്ള തര്‍ക്കങ്ങളും പരാതികളും കൈകാര്യം ചെയ്യുന്നതിനായാണ് റഗുലേറ്ററി അതോറിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചത്.
സിനിമാ രംഗത്തെ തൊഴില്‍ തര്‍ക്കങ്ങള്‍, നിര്‍മാണക്കാരും വിതരണക്കാരും തിയേറ്റര്‍ ഉടമകളും തമ്മിലുള്ള പ്രശ്നങ്ങള്‍ തുടങ്ങിയവയെല്ലാം അതോറിറ്റി കൈകാര്യം ചെയ്യുമെന്നാണ് തീരുമാനം. ഇതോടെ തര്‍ക്കങ്ങളും പരാതികളും സിനിമാ മേഖലയിലെ സംഘടനകള്‍ കൈകാര്യം ചെയ്യുന്നതു നിയമ വിരുദ്ധമാകും. അഭിനേതാക്കള്‍, മറ്റു സിനിമാ പ്രവര്‍ത്തകര്‍ എന്നിവരെ വിലക്കാനോ മാറ്റിനിര്‍ത്താനോ സംഘടനകള്‍ക്ക് അവകാശമുണ്ടാകില്ല. നിര്‍മാണം, വിതരണം എന്നിവ ഉള്‍പ്പെടെ എല്ലാ പരാതികളും അതോറ്റിയില്‍ നല്‍കണമെന്നും ചട്ടമുണ്ട്.
ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന സ്വകാര്യ ബുക്കിംഗ് കമ്പനികളുടെ ചൂഷണം ഇല്ലാതാക്കാനും ബുക്കിംഗ് സര്‍ക്കാര്‍ ഏറ്റെടുക്കാനും സിനിമാ റഗുലേറ്ററി അതോറിറ്റി വഴി ആലോചനയുണ്ട്. നിലവില്‍ 30 രൂപയോളം ഇന്റര്‍നെറ്റ് ഹാന്‍ഡിലിംഗ് ഫീ എന്ന പേരില്‍ ബുക്കിംഗ് ആപ്പുകള്‍ വാങ്ങുന്നുണ്ട്. നിലവില്‍ പുതിയ നികുതി ടിക്കറ്റുകള്‍ക്ക് മേല്‍ ചുമത്തിയതോടെ ഏറ്റവും കുറഞ്ഞ നിരക്ക് 120 രൂപയായിട്ടുണ്ട്.
ഈ ടിക്കറ്റ് ഓണ്‍ലൈനായി ബുക്ക് ചെയ്യുമ്പോള്‍ ചുരുങ്ങിയത് 30 രൂപ ബുക്കിംഗ് കമ്പനിക്ക് നല്‍കണം. അതായത് നാലുപേരുള്ള ഒരു കുടുംബം ടിക്കറ്റ് എടുക്കുമ്പോള്‍ 120 രൂപ അധികം. സര്‍ക്കാര്‍ ഇത് ഏറ്റെടുക്കുന്നതോടെ ബുക്കിംഗ് ചാര്‍ജുകള്‍ ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് സൂചന. നിലവില്‍ ഒരു സിനിമയ്ക്ക് 120 രൂപ ടിക്കറ്റ് നിരക്കില്‍ ബുക്ക് ചെയ്യുമ്പോള്‍ 1കോടി ഇരുപത് ലക്ഷം രൂപയാണ് തിയേറ്ററിലേക്ക് കിട്ടുന്നത്. അതേസമയം ഓണ്‍ലൈന്‍ ബുക്കിംഗ് കമ്പനിക്ക് കിട്ടുന്നത് 30 ലക്ഷം രൂപയാണ്. സിനിമാമേഖലയിലെ ഇത്തരം പ്രശ്‌നങ്ങളുടെ പരിഹാരവും സിനിമാ റെഗുലേറ്ററി അതോറിറ്റി വഴി ഉദ്ദേശിക്കുന്നുണ്ട്.
സംഘടനകള്‍ക്ക് എതിര്‍പ്പുണ്ടെങ്കിലും സിനിമാമേഖലയില്‍ സമഗ്ര ഇടപെടല്‍ വേണമെന്നാണ് സര്‍ക്കാര്‍ നിലപാട്. സംഘടനകളുടെ നിലപാട് അറിഞ്ഞിട്ടേ അന്തിമ തീരുമാനമെടുക്കൂ. ബില്ലിലെ നിര്‍ദേശങ്ങള്‍ കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ തയ്യാറാക്കിയിരുന്നു. ഇത് നിയമവകുപ്പ് പരിഗണിച്ച് കരട് ബില്‍ സാംസ്‌കാരിക വകുപ്പിന് നല്‍കിയിരുന്നു. ഇതില്‍ പുനപരിശോധന നടത്താനാണ് സര്‍ക്കാര്‍ തീരുമാനം.