| Thursday, 18th July 2024, 3:12 pm

അർജന്റീനക്ക് കോപ്പ അമേരിക്ക നേടാൻ അവന്റെ ആവശ്യമൊന്നുമുണ്ടായിരുന്നില്ല: മുൻ അമേരിക്കൻ താരം

സ്പോര്‍ട്സ് ഡെസ്‌ക്

കോപ്പ അമേരിക്കയുടെ ഫൈനലില്‍ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി അര്‍ജന്റീന കിരീടം നേടിയിരുന്നു. കോപ്പ അമേരിക്കയിലെ അര്‍ജന്റീനയുടെ തുടര്‍ച്ചയായ രണ്ടാം കിരീടനേട്ടമാണിത്.

കിരീടം നേടിയതിന് പിന്നാലെ ഒരു ചരിത്രനേട്ടവും അര്‍ജന്റീന സ്വന്തമാക്കിയിരുന്നു. കോപ്പ അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ സ്വന്തമാക്കുന്ന ടീമായി മാറാനാണ് അര്‍ജന്റീനക്ക് സാധിച്ചത്. 16 കിരീടങ്ങളാണ് അര്‍ജന്റീന കോപ്പയില്‍ നേടിയത്. 15 കിരീടങ്ങള്‍ നേടിയ ഉറുഗ്വായെ മറികടന്നുകൊണ്ടാണ് അര്‍ജന്റീന ഈ നേട്ടം സ്വന്തമാക്കിയത്.

ഇപ്പോള്‍ കോപ്പ അമേരിക്കയിലെ അര്‍ജന്റീനയുടെ വിജയത്തെക്കുറിച്ചും മെസിയുടെ പ്രകടനങ്ങളെ കുറിച്ചും സംസാരിച്ചിരിക്കുകയാണ് മുന്‍ അമേരിക്കന്‍ താരം അലക്‌സി ലാലക്‌സ്.

ഈ കോപ്പ അമേരിക്കയില്‍ മെസിയില്ലാതെ തന്നെ അര്‍ജന്റീനക്ക് കിരീടം നേടാന്‍ സാധിക്കുമായിരുന്നു എന്നാണ് ലാലസ് പറഞ്ഞത്. സ്റ്റേറ്റ് ഓഫ് യൂണിയന്‍ പോഡ്കാസ്റ്റിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഈ കോപ്പ അമേരിക്കയില്‍ ടീം എന്ന നിലയില്‍ മെസിയെ ആശ്രയിക്കാതെയാണ് അര്‍ജന്റീന നേടിയത്. സത്യസന്ധമായി പറയട്ടെ ഈ ടൂര്‍ണമെന്റില്‍ അര്‍ജന്റീനക്ക് മെസി ഒരു ഘടകമായിരുന്നില്ല. കാരണം മെസി കളിക്കളത്തില്‍ നിന്നും പോയതിനുശേഷം അര്‍ജന്റീന ടീമിന് ഒന്നുംതന്നെ സംഭവിച്ചില്ല. മെസി പോയതിനുശേഷം കളിക്കളത്തിലേക്ക് പകരക്കാര്‍ വന്നു അവസാനം അവര്‍ അര്‍ജന്റീന വിജയിപ്പിച്ചു,’ ലാലസ് പറഞ്ഞു.

മെസിയുടെ അര്‍ജന്റീനന്‍ ടീമിനൊപ്പം ഉള്ള ഭാവിയെക്കുറിച്ചും മുന്‍ അമേരിക്കന്‍ താരം പറഞ്ഞു.

മെസിക്ക് ഇനി അര്‍ജന്റീനക്കായി മികച്ച പ്രകടനങ്ങള്‍ നടത്താന്‍ കഴിയില്ലെന്നും അടുത്ത രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ അര്‍ജന്റീനക്കൊപ്പം അവന് കളിക്കാന്‍ സാധിക്കില്ലെന്നും ഞാനിപ്പോള്‍ പറയുന്നില്ല. എന്നാല്‍ മെസി ഇല്ലാതെതന്നെ മത്സരങ്ങള്‍ കളിക്കാന്‍ അര്‍ജന്റീനക്ക് സാധിക്കണം,’ ലാലസ് കൂട്ടിച്ചേര്‍ത്തു.

മത്സരത്തില്‍ മെസി പരിക്ക് പറ്റി പുറത്തായിരുന്നു. 65ാം മിനിട്ടില്‍ കാലിന് പരിക്കേറ്റതിന് പിന്നാലെയാണ് താരം മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങിയത്. ഇനി മെസിയുടെ മുന്നിലുള്ളത് മേജര്‍ സോക്കര്‍ ലീഗില്‍ ഇന്റര്‍മയാമിക്കൊപ്പമുള്ള മത്സരങ്ങളാണ്. പരിക്കിനെ തുടര്‍ന്ന് താരത്തിന് ഈ മത്സരങ്ങളും നഷ്ടമായേക്കും.

Content Highlight: Formar USA Player talks about Lionel Messi

We use cookies to give you the best possible experience. Learn more