ഫോര്‍മാലിന്‍ കലര്‍ത്തിയ മീന്‍ കഴിക്കേണ്ടി വരുന്നവരുടെ ആകുലതകളാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം മലയാളത്തിന്റെ പ്രബുദ്ധ പത്രമായ മനോരമ ഗദ്ഗദത്തോടെ പങ്കുവെച്ചത്. അതിര്‍ത്തി കടന്നെത്തുന്ന മീനുകളെല്ലാം ഫോര്‍മാലിന്‍ എന്ന രാസവസ്തുവില്‍ മുങ്ങിക്കുളിച്ചവയാണെന്നും ഈ മീന്‍ ഭക്ഷിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നുമെല്ലാം വിശദമായി പറഞ്ഞു വെച്ചു കൊണ്ട് മലയാളികളുടെ തീന്‍ മേശകളിലെ മീന്‍ കൊതിക്ക് ഒറ്റത്തവണ കൊണ്ട് തീര്‍പ്പുണ്ടാക്കാനും അവര്‍ക്ക് സാധിച്ചു.
ഇത്രയും സാമൂഹിക പ്രതിബദ്ധതയുള്ള, വായനക്കാരുടെ ആരോഗ്യത്തില്‍ വലിയ ശ്രദ്ധയുള്ളവര്‍, കൂട്ടത്തില്‍ പറയാന്‍ വിട്ടു പോവുകയോ മനഃപൂര്‍വ്വം ഒഴിവാക്കുകയോ ചെയ്ത ഒന്നു കൂടിയുണ്ട്. അത് ഇവിടുത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ കടലിന്ന് കൊണ്ടു വരുന്ന മീനിന്റെ കാര്യമാണേ! അവര്‍ക്ക് ചിലപ്പൊ അതിര്‍ത്തി കടന്നു വരുന്നതും മൊത്തക്കച്ചവടത്തിനും കയറ്റുമതിക്കും ഒക്കെ ഉപയോഗിക്കുന്ന വലിയ കളികളോടാവും താല്പര്യം.
നിങ്ങള്‍ പറഞ്ഞു പരത്തുന്ന ഫോര്‍മലിന്‍ ഭീതിയില്‍ പട്ടിണിയിലാകുന്നത് കുറെ മത്സ്യത്തൊഴിലാളികളാണ്
ഇവിടുത്തെ മത്സ്യബന്ധന ഹാര്‍ബറുകളില്‍ നിന്നും മറ്റ് മത്സ്യബന്ധന ഗ്രാമങ്ങളില്‍ നിന്നും ചെറിയ വള്ളങ്ങളില്‍ ഉച്ച കഴിഞ്ഞ് കടലിലേക്ക് പോയി, പാതിരാത്രിയോടെയോ പിറ്റേന്ന് പുലര്‍ച്ചയോടെയോ മീനുമായി തിരിച്ചു വരുന്ന, അന്നന്നത്തെ അധ്വാനത്തില്‍ നിന്ന് കിട്ടുന്നതും കൊണ്ട് വീട്ടിലേക്ക് പോരുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ് ഇപ്പോഴത്തെ ഈ ഫോര്‍മലിന്‍ ഫോബിയയുടെ പേരില്‍ ഏറ്റവുമധികം ദുരിതം അനുഭവിക്കുന്നതെന്ന് പറഞ്ഞു വയ്ക്കാനാണ് ഈ പോസ്റ്റ്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം കടലില്‍ പോയി വന്ന, പിടിച്ച മീനിന് വില കിട്ടാതെ പോയ ഒരു മത്സ്യത്തൊഴിലാളി സംസാരിക്കുന്നതാണ് താഴത്തെ വീഡിയോയിലുള്ളത്.
ചന്തകളില്‍ പോയും, വീട്ടു പടിക്കലെത്തുന്ന മീന്‍കാരി/കാരന്റെ കയ്യില്‍ നിന്ന് മീന്‍ മേടിക്കുന്നവരുമായ സാധാരണക്കാര്‍ക്ക് അവരുടെ കയ്യിലെത്തുന്ന മീന്‍ ഏതൊക്കെ കൈകളിലൂടെ കടന്നു പോയിട്ടാണ് സ്വന്തം വീട്ടകങ്ങളിലേക്ക് എത്തുന്നതെന്ന കാര്യത്തില്‍ വലിയ ധാരണയൊന്നും ഇല്ലാത്തതിനെ ഏറ്റവുമധികം ചൂഷണം ചെയ്യുന്നത് ഇടനിലക്കാരായ കച്ചവടക്കാരാണ്. ഇത്തരം പത്രറിപ്പോര്‍ട്ടുകളിലൂടെ പടര്‍ന്നു പിടിക്കുന്ന ഭയങ്ങള്‍ മൂലം ഇടനിലക്കാരുടെ ചൂഷണങ്ങള്‍ക്ക് എല്ലാക്കാലത്തും നിന്നു കൊടുക്കേണ്ടി വരുന്നത് നിസ്സഹായരായ മത്സ്യത്തൊഴിലാളികളും!
കടലില്‍ നിന്നും ഇവര്‍ പിടിച്ചു കൊണ്ടു വരുന്ന ഫ്രെഷ് മീന്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി തീര്‍ത്തും തുച്ഛമായ വിലയ്ക്ക് വണ്ടിക്കാര്‍ വില പറഞ്ഞെടുക്കുന്നത് നിസ്സഹായരായി നോക്കി നില്‍ക്കേണ്ടി വരുന്ന അവസ്ഥയാണ് നിലവിലുള്ളത്. ചന്തയിലേക്കും വീടുകളിലേക്കും മീന്‍ തലച്ചുമടായി കൊണ്ടു പോയി വില്‍ക്കുന്ന ഞങ്ങളുടെ അമ്മമാരുടെ അവസ്ഥയും വ്യത്യസ്തമല്ല. കൊണ്ടുപോവുന്ന മീന്‍ വില്ക്കാനാവാതെ അതേപടി തിരിച്ചു കൊണ്ടു വരികയാണവര്‍. ഇങ്ങനെ ഉണ്ടാവുന്ന നഷ്ടങ്ങള്‍ ഈ മനുഷ്യരെ വീണ്ടും വീണ്ടും വല്‍നറബിള്‍ ആക്കുകയാണെന്ന യാഥാര്‍ത്ഥ്യം അധികൃതര്‍ എന്നാണ് മനസിലാക്കുക.
ഫോര്‍മാലിന്‍ പോലുള്ള രാസവസ്തുക്കള്‍ കലര്‍ത്തിയ മീന്‍ വില്ക്കുന്ന യന്ത്രവല്‍കൃത ബോട്ടുകാരെയും മറ്റ് മൊത്തക്കച്ചവട മുതലാളിമാരെയും കണ്ടെത്തി ശിക്ഷിക്കുക തന്നെ വേണം. പക്ഷേ അതിന്റെ പേരില്‍ ഇവിടുത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളോട് ചെയ്തു കൊണ്ടിരിക്കുന്ന ഈ അനീതിക്ക് മറുപടി പറയേണ്ടത് ഇവിടുത്തെ സംവിധാനങ്ങള്‍ തന്നെയാണ്.
NB: മനോരമ പത്രം ഇതാദ്യമായൊന്നുമല്ല പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുന്നത്. മുന്‍പ് ഓഖിക്കു പുറകെ ശവശരീരങ്ങള്‍ ഭക്ഷിക്കുന്ന മീനുകളുടെ പേരില്‍ പരിഭ്രാന്തി പടര്‍ന്നു പിടിച്ചപ്പോഴും സ്ഥിതി മെച്ചപ്പെടുത്തുന്നതിന് പകരം മോര്‍ച്ചറി ടേബിളില്‍ നിന്നും ഇഴഞ്ഞു വരുന്ന ഞണ്ടിന്റെ ചിത്രം ഉത്തര കേരളത്തിലെ ഏതോ ഒരു എഡിഷന്റെ മുന്‍പേജില്‍ത്തന്നെ കൊടുത്തു കൊണ്ട് ജനങ്ങളുടെ തെറ്റിദ്ധാരണ പിന്നെയും വര്‍ധിപ്പിച്ചവരാണ് അവര്‍. പിന്നെ വിഴിഞ്ഞം തുറമുഖത്തിന്റെ ആസ്ഥാന പ്രൊമോഷന്‍ ഏറ്റെടുത്തു കൊണ്ട് കേരളം സിംഗപ്പൂരാവുന്ന മായികവിദ്യയുടെ ഗ്രാഫിക്കല്‍ റെപ്രസന്റേഷന്‍ സഹിതം ഒരു പേജ് മുഴുവന്‍ അച്ചടിച്ച് വിട്ടതിന്റെ കഥയൊന്നും പറയാതിരിക്കുന്നതാണ് ഭേദം!