കേരളീയരുടെ ഇഷ്ട വിഭവമായ മത്സ്യത്തിന്റെ മേല്‍ ഒട്ടേറെ ആരോപണങ്ങള്‍ ഉയര്‍ന്നു കേട്ട വാരമാണ് കഴിഞ്ഞു പോയത്. ഓഖിക്ക് ശേഷം നില മെച്ചപ്പെടുത്തി വരുകയായിരുന്ന തീരത്തിനും അവിടുത്തെ ജനങ്ങള്‍ക്കും മേല്‍ ഇരുട്ടടി പോലെയാണ് ഫോര്‍മലിന്‍ ഫോബിയ വന്നു വീണത്. ഏറെ പ്രചാരമുള്ള മലയാള പത്രമായ മനോരമയില്‍ ഈയടുത്ത ദിവസങ്ങളിലായി പ്രസിദ്ധീകരിച്ച ബൃഹത് ലേഖനങ്ങള്‍ കൂടിയായതോടെ ഫോര്‍മാലിന്‍ കലര്‍ന്ന മീന്‍ മേടിക്കാനും ഭക്ഷിക്കാനും അവിടെയുള്ളവര്‍ ഭയന്നു. എല്ലായ്‌പോഴും എന്ന പോലെ ഇത്തവണയും ഇത് പ്രതികൂലമായി ബാധിച്ചത് ഇന്നാട്ടിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളെയാണ്. ഇരുട്ടി വെളുക്കുവോളം കടലില്‍ പണിയെടുത്തു അവര്‍ സമ്പാദിച്ചു കൊണ്ട് വരുന്ന മീന്‍ മേടിക്കാന്‍ ആളുകളില്ലാതായതോടെ, മീനിന് വില കിട്ടതായതോടെ വലഞ്ഞു പോയിരിക്കുകയാണവര്‍.
ശക്തമായ അണുനാശിനി സ്വഭാവമുള്ളതും ടിഷ്യുവിനെ കഠിനപ്പെടുത്തുകയും ചെയ്യുന്ന സ്വഭാവമുള്ള ഫോര്‍മലിന്‍ ജൈവഭാഗങ്ങളെയും ശരീരഭാഗങ്ങളെയും കേടുകൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഒന്നാണ്. സര്‍ജിക്കല്‍ ഉപകരണങ്ങളെ അണുവിമുക്തമാകാനുള്ള ആന്റിസെപ്ടിക് ആയും ഇത് ഉപയോഗിക്കാറുണ്ട്. കേരളത്തിലുള്ളവരുടെ മീന്‍ ഉപഭോഗത്തിന് പര്യാപ്തമായ വിധത്തിലുള്ള അളവില്‍ മീന്‍ ഇവിടെ നിന്നും കിട്ടാതെ വരുന്നതിനാല്‍ അതിര്‍ത്തി സംസ്ഥാനങ്ങളെ പലപ്പോഴും നാം മീനിനു വേണ്ടി ആശ്രയിക്കാറുണ്ട്. ഇങ്ങനെ അതിര്‍ത്തി കടന്ന് എത്തുന്ന മീനുകളിലാണ് പലപ്പോഴും ഫോര്‍മാലിന്റെ അമിതമായ അളവ് കണ്ടു വരാറുള്ളത്. സംഭരണ കേന്ദ്രങ്ങളിലും ഇടനിലക്കാരുടെ കൈകളിലുമായി ദിവസങ്ങളോളവും ആഴ്ചകളോളവും കേടു വരാതെ ഇരിക്കുന്ന ഈ മത്സ്യങ്ങള്‍ എന്‍ഡ് കണ്‍സ്യൂമര്‍ അഥവാ ഒടുവിലായി മേടിക്കുന്ന ഉപഭോക്താവിന്റെ കൈകളില്‍ എത്തുന്നതോടെ അപകടകരമാം വിധം ഫോര്‍മാലിന്‍ അളവ് കടന്നു കൂടിയ നിലയിലാവുന്നു. ഈ മീന്‍ ഭക്ഷിക്കുന്നത് കാന്‍സര്‍ ഉള്‍പ്പെടെ പല മാരക രോഗങ്ങള്‍ക്കും കാരണം ആയേക്കാമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ചെക്ക്പോസ്റ്റുകളിലായി പിടികൂടിയ, അതിര്‍ത്തി കടന്നെത്തിയ ചെമ്മീന്‍ ഉള്‍പ്പെടെയുള്ള മത്സ്യങ്ങളില്‍ ഫോര്‍മലിന്റെ അളവ് കൂടുതല്‍ ആണെന്ന ലാബ് റിപ്പോര്‍ട്ടുകളും അതിനു പുറകേ മനോരമയുടെ എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ച മുഴു നീളന്‍ ലേഖനവും കൂടിയായതോടെ മത്സ്യ വിപണി വളരെ ക്ഷീണത്തിലായി എന്നുള്ളത് വാസ്തവമാണ്. എന്നാല്‍ ഈ ക്ഷീണം ഏറ്റവും കൂടുതല്‍ ബാധിച്ചത് ഇവിടുത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളെയാണ്. ചെക് പോസ്റ്റുകളില്‍ എത്തുന്ന മീന്‍ വണ്ടികള്‍ പരിശോധിക്കാനും വിഷം കലര്‍ത്തിയ മീനാണ് ജനങ്ങള്‍ക്ക് കിട്ടുന്നതെന്ന് പ്രചരിപ്പിക്കാനും ഉത്സാഹിക്കുന്നതിനിടയില്‍ പലപ്പോഴും ഇതിന്റെ പ്രഹരം എല്ലാം ഏറ്റ് വാങ്ങേണ്ടവര്‍ സാധാരണക്കാരായ ഈ തദ്ദേശീയ സമൂഹം ആണെന്ന കാര്യം നാം മറന്നു പോവുന്നു.
“ഞങ്ങള്‍ കൊണ്ട് വരുന്നത് ഫ്രഷ് മീനാണ്. ഐസ് പോലും ഇടാതെ അന്നേരം കിട്ടുന്ന മീന്‍ അന്നേരം തന്നെ കരയിലേക്ക് കൊണ്ട് വന്ന് വില്‍ക്കുകയാണ് ചെയ്യുന്നത്. ഒരാഴ്ചയ്ക്കു മുന്‍പ് വരെ 45 -50 രൂപ വരെ വിറ്റ മീനിന് ഇപ്പോള്‍ കിട്ടുന്നത് 14-15 രൂപയാണ്. കഴിഞ്ഞ ആഴ്ചയില്‍ ഒരു ദിവസം ഇതേ മീന്‍ രണ്ട് രൂപയ്ക്കും കൊടുക്കേണ്ട ഗതികേട് ഉണ്ടായി. അന്‍പത് രൂപയ്ക്ക് വിട്ട മീനിന് രണ്ടു രൂപ! ഇത് ന്യായമായ കാര്യം ആണെന്ന് നിങ്ങള്‍ക്ക് തന്നെ തോന്നുന്നുണ്ടോ? കഴിഞ്ഞ രണ്ടാഴ്ചയായി ഇതിന്റെ പേരില്‍ മീനിന് വിലയില്ലാതെ ദുരിതം അനുഭവിക്കുകയാണ് ഞങ്ങള്‍”.
പുല്ലുവിള കടപ്പുറത്തുള്ള ഒരു ഫിഷ് ലാന്‍ഡിംഗ് സെന്ററിലിരുന്ന് തന്റെ കേടു വന്ന വല ശരിയാകുന്നതിനിടയില്‍ മുപ്പത്തിയെഴു വയസുകാരനായ ആന്റണി പറഞ്ഞുവെച്ചതാണിത്. അദ്ദേഹത്തിനൊപ്പമിരുന്ന് വലപ്പണികളില്‍ ഏര്‍പ്പെട്ടിരുന്ന മറ്റു മത്സ്യത്തൊഴിലാളികളുടെ അഭിപ്രായവും വ്യത്യസ്തം ആയിരുന്നില്ല. വിഴിഞ്ഞത്തെ മത്സ്യബന്ധന ഹാര്‍ബറില്‍ നിന്നും കടലിലേക്ക് വള്ളം ഇറക്കുന്ന ഇവര്‍
കേരളത്തിന് പുറത്തു നിന്നും ഇവിടേക്ക് കൊണ്ട് വരുന്ന മീനുകളില്‍ ഫോര്‍മലിനും അമോണിയായും പോലുള്ള രാസവസ്തുക്കള്‍ കലര്‍ത്തിയാണ് കൊണ്ട് വരുന്നതെന്ന് തങ്ങളും മനസിലാക്കിയിട്ടുണ്ടെന്നു ഇവര്‍ പറയുന്നു. തങ്ങള്‍ കൊണ്ട് വരുന്ന നല്ല മീനും ഈ രാസവസ്തുക്കള്‍ ചേര്‍ത്ത മീനും കലര്‍ത്തിയാണ് ചന്തകളില്‍ വില്‍ക്കാന്‍ കൊണ്ട് വരുന്നത്. ഇതാണ് പലപ്പോഴും പ്രശ്നങ്ങള്‍ക്ക് വഴി വയ്ക്കുന്നതും. മീന്‍ മേടിക്കാന്‍ എത്തുന്നവരെ സംബന്ധിച്ചടുത്തോളം ഇതെല്ലം കടലില്‍ നിന്നും എത്തിക്കുന്ന മീനാണ്, മത്സ്യത്തൊഴിലാളികള്‍ കൊണ്ടുവരുന്ന മീനാണ്. യാഥാര്‍ഥ്യമെന്തെന്നാല്‍, കടലില്‍ നിന്നും തങ്ങള്‍ ഹാര്‍ബറുകളില്‍ മീന്‍ എത്തിച്ച് ലേലക്കാരന്‍ വില പറഞ്ഞ് എടുത്തു കഴിഞ്ഞാല്‍ പിന്നെ ഇതിന്റെ മേലുള്ള നിയന്ത്രണം മൊത്തമായി മേടിക്കുന്നവര്‍ക്കാണ്. അവര്‍ അമിത ലാഭത്തിന് വേണ്ടി ചെയ്യുന്ന കാര്യങ്ങളാണ് തങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും ഇടയിലെ വിശ്വാസത്തിന് മങ്ങല്‍ ഏല്പിക്കുന്നതെന്നും ഈ മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
യന്ത്രവല്‍കൃത ബോട്ടുകളില്‍ പോയി മത്സ്യ ബന്ധനം നടത്തുന്ന പരമ്പരാഗത സ്വഭാവം ഇല്ലാത്ത മത്സ്യത്തൊഴിലാളികള്‍ കൊണ്ട് വരുന്ന മത്സ്യങ്ങളിലും ചിലപ്പോള്‍ ഇങ്ങനെ രാസസാന്നിധ്യം കണ്ടെത്താറുണ്ട്. ഇതോടൊപ്പം, മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഫോര്‍മാലിന്‍ കലര്‍ത്തി എത്തിക്കുന്ന മത്സ്യങ്ങളും കൂടിയാവുന്നതോടെയാണ് ഈ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നത്.
ചന്തകളിലും വീടുകളിലും മറ്റും പോയി മീന്‍ വില്‍ക്കുന്ന മത്സ്യക്കച്ചവട സ്ത്രീകളുടെ അവസ്ഥയും വ്യത്യസ്തമല്ല. സ്വന്തം നാട്ടിലെ മത്സ്യത്തൊഴിലാളികളില്‍ നിന്നും പണം കൊടുത്തു വാങ്ങിയ മീന്‍, ചരുവങ്ങളില്‍ നിറച്ച് വില്പനയ്ക്ക് കൊണ്ട് വരുന്ന അവരും ഇതേ ഫോര്‍മലിന്റെ പേരില്‍ ക്രൂശിക്കപ്പെടുകയാണ്.
“ഇവിടുത്തെ മത്സ്യത്തൊഴിലാളികള്‍ തങ്ങളുടെ മീനുകളില്‍ രാസവസ്തുക്കള്‍ കലര്‍ത്തില്ല. തന്റെ തൊഴിലിനോട് കൂറ് പുലര്‍ത്തുന്നവര്‍ അല്ല അവര്‍. പുറമെ നിന്നെത്തുന്ന ലാഭകൊതിയന്മാരാണ് ഈ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം. മഹാരാഷ്ട്ര, ഗോവ, വിശാഖപട്ടണം തുടങ്ങിയ ഇടങ്ങളില്‍ നിന്നും ഫോര്‍മാലിന്‍ കലര്‍ത്തിയ ഐസ്, റോഡ് മാര്‍ഗ്ഗത്തിനു പുറമെ ട്രെയിന്‍ വഴിയും അടുത്ത കാലത്തായി എത്തിക്കുന്ന പ്രവണതയുണ്ട്. ഇതിലൂടെ ചെക്ക്പോസ്റ്റുകളിലെ പരിശോധനയില്‍ നിന്നും ഇവര്‍ ഒഴിവാക്കപ്പെടുകയാണ്. കൂടാതെ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഈ പ്രതിസന്ധിക്ക് ട്രോളിങ് നിരോധനവും ഒരു പ്രധാന കാരണമാണ്. യന്ത്രവല്‍കൃത ബോട്ടുകള്‍ വഴിയായി കിട്ടിയിരുന്ന മീന്‍ ലഭ്യത ഇല്ലാതായതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ മുതലെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായും കൂടിയാണ് നിലവിലെ ഫോര്‍മാലിന്‍ വിഷയത്തെ കാണേണ്ടത്.
ഇവരെക്കൂടാതെ ഓണ്‍ലൈന്‍ മീന്‍ കച്ചവടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും മാര്‍ക്കറ്റ് ലോബികളും കൂടിയാവുന്നതോടെ സ്ഥിതി കൂടുതല്‍ വഷളാവുന്ന കാഴ്ചയാണ് കാണുന്നത്. മത്സ്യത്തൊഴിലാളികളെ പ്രതിനിധികരിക്കുന്ന വ്യക്തി എന്ന നിലയില്‍ ആശങ്കയുടെ ആവശ്യമില്ലെന്നാണ് എനിക്ക് പൊതുസമൂഹത്തോട് പറയാനുള്ളത്. ഇവിടുത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ഒരിക്കലും ഫോര്‍മാലിന്‍ പോലുള്ളവ ഉപയോഗിക്കുന്നവരല്ല.
ഇക്കാര്യത്തില്‍ സര്‍ക്കാരിനാണ് കൂടുതല്‍ വ്യക്തത ഉണ്ടാവേണ്ടത്. അതിര്‍ത്തികളിലേ പരിശോധനകള്‍ നല്ലതു തന്നെ. അതേസമയം ഇവിടുത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ കൊണ്ട് വരുന്ന മത്സ്യം ശുദ്ധമായവ ആണെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ചുമതല ഇവിടുത്തെ ആരോഗ്യ-ഭക്ഷ്യ വകുപ്പുകള്‍ക്കുണ്ട്. ഫോര്‍മലിനും അമോണിയായും പോലുള്ളവ കലര്‍ന്ന് വരുന്ന മീന്‍ പരിശോധനയില്‍ പിടിക്കപ്പെടുമ്പോള്‍ കുറ്റകര്‍ക്ക് ജാമ്യമില്ല വകുപ്പ് പ്രകാരം കുറ്റം ചുമത്താനും പിഴ ഈടാക്കാനും നടപടിയുണ്ടാവണം.
പ്രോട്ടിന്‍ ഗുണങ്ങളാല്‍ സമ്പുഷ്ടമായ മത്സ്യം എത്തിക്കുന്നവര്‍ എന്ന നിലയില്‍ ഇത്തരമൊരു പ്രതിസന്ധി ഘട്ടം ഉണ്ടാവുമ്പോള്‍ ഇവിടുത്തെ സാധാരണക്കാരനായ മത്സ്യത്തൊഴിലാളിക്കൊപ്പം നില്‍ക്കേണ്ട ധാര്‍മിക ബാധ്യത നമ്മുടെ സര്‍ക്കാരിനും പൊതു സാമൂഹത്തിനുമുണ്ട്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അത് സംഭവയ്ക്കുന്നില്ല. ഈ സമൂഹവുമായി ഏറെ അടുത്തു നില്‍ക്കുന്നവര്‍ എന്ന നിലയില്‍ മത സ്ഥാപനങ്ങള്‍ക്കും ചില ഉത്തരവാദിത്വങ്ങളുണ്ട്. പക്ഷെ മുന്‍പ് ഓഖിയില്‍ സംഭവിച്ചത് പോലെ തന്നെ ഇപ്പോഴും ഈ ജനവിഭാഗത്തെ വേണ്ടപ്പെട്ടവര്‍ എല്ലാം തഴയുന്ന കാഴ്ച മനുഷ്യത്വ രഹിതവുമാണ്.-നാഷണല്‍ ഫിഷ് വര്‍ക്കേഴ്സ് ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായ ടി. പീറ്ററിന്റെ വാക്കുകളാണ് ഇവ.
ഇങ്ങനെ ദുരിതത്തില്‍ ആഴ്ന്നു പോവുന്ന ജീവിതങ്ങള്‍ നിരവധിയാണ്. തന്റെ കയ്യിലുള്ള മീന്‍ പച്ചയാണെന്നും മായം കലര്‍ത്തിയിട്ടില്ലെന്നും പറഞ്ഞു നോക്കാന്‍ അല്ലാതെ മറ്റൊന്നും ഇവര്‍ക്ക് അറിയില്ല. വര്‍ഷത്തില്‍ ഏറ്റവുമധികം മത്സ്യകൊയ്ത്ത് ഉണ്ടാവുന്ന ഈ ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ (കടപ്പുറം ഭാഷയില്‍ പറഞ്ഞാല്‍ ആനയാടി മാസങ്ങളില്‍) തന്നെ തങ്ങളെ ഫോര്‍മാലിന്‍ ഫോബിയ പിടികൂടിയത്തിന്റെ അങ്കലാപ്പിലും കൂടിയാണവര്‍. ഇനി അടുത്ത ജൂണ്‍ ആവുന്നത് വരെയും പിടിച്ച് നില്‍ക്കാനുള്ള വരുമാനം കിട്ടേണ്ട സമയമാണിത്.
ഏറ്റവുമധികം മീന്‍ കിട്ടുന്ന സമയം. ഇടനിലക്കരുടെയും മൊത്തകച്ചവടക്കരുടെയും യന്ത്രവല്‍കൃത ബോട്ടുകരുടെയുമൊക്കെ കച്ചവട വ്യവഹാരങ്ങള്‍ കാര്യക്ഷമമായി പരിശോധിച്ച് അവര്‍ വില്‍ക്കാന്‍ ശ്രേമിക്കുന്ന മീനിന്റെ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചകള്‍ ഒന്നും ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്തുകയാണ് ഇപ്പോള്‍ വേണ്ടത്. റബ്ബറിനും കുറുമുളകിനുമൊക്കെ വിലയിടിയുമ്പോള്‍ കര്‍ഷകര്‍ക്ക് നമ്മുടെ സര്‍ക്കാരുകള്‍ താങ്ങ് വില ഏര്‍പ്പെടുത്തുന്നത് പോലെ ഇവിടുത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി, അവരുടെ കുടുംബങ്ങള്‍ പട്ടിണി ആവാതിരിക്കാന്‍ വേണ്ടി നമ്മുടെ സംവിധാനങ്ങള്‍ എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്ന് സംശയമാണ്. കടലില്‍ മീന്‍ തീരെ കുറയുന്ന വറുതിയുടെ സമയത്ത് പഞ്ഞമാസ തുക എന്ന പേരില്‍ മൂന്നു മാസത്തിലൊരിക്കല്‍ കിട്ടുന്ന മൂവായിരം രൂപയാണ് മേല്പറഞ്ഞ താങ്ങു വിലയുടെ മാതൃകയില്‍ ഇപ്പോള്‍ നിലവിലുള്ള ഏക കൈത്താങ്ങ്. ഒരു കുടുംബം പുലര്‍ത്താന്‍ ഈ തുക എങ്ങനെ പര്യാപ്തമാവുമെന്ന ചോദ്യം ഇവിടെ പ്രസക്തമാവുന്നുണ്ട്.
ദളിതര്‍ക്കും ആദിവാസികള്‍ക്കും ഒപ്പം സാമ്പത്തികമായും സാമൂഹികമായും ഏറെ പിന്നോക്കം നില്‍ക്കുന്ന ഒരു സമൂഹമാണ് മത്സ്യത്തൊഴിലാളികളുടേത്. അതുകൊണ്ടു തന്നെ വളരെയധികം വല്‍നറബിള്‍ ആയ ഒരു സമൂഹം എന്ന നിലയില്‍ എല്ല വിധ ചൂഷണങ്ങളില്‍ നിന്നും ഇവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തവും അധികൃതര്‍ക്കുണ്ടെന്ന കാര്യവും ഇവിടെ ഊന്നി പറയാന്‍ ആഗ്രഹിക്കുന്നു.