നാട്ടിലൊരു മീന്‍കച്ചവടക്കാരന്‍ ജമാല്‍ ഇക്കയുണ്ടായിരുന്നു കാവുംകൊട്ടയില്‍ നടന്ന് മാത്രം മീന്‍വിറ്റിരുന്ന ആ മനുഷ്യന്റെ പ്രത്യേകത കടലില്‍ നിന്ന് ലഭിച്ച് ഏറെ സമയം കഴിയാത്ത പച്ചമത്സ്യം മാത്രമെ വില്‍ക്കുകയുള്ളൂ എന്നായിരുന്നു. നേരംമെത്ര വൈകിയാലും കടപ്പുറത്ത് നിന്ന് പച്ചമത്സ്യമെ ഇക്ക വാങ്ങിച്ചിരുന്നുള്ളൂ അത് കിട്ടിയില്ലേല്‍ അന്നത്തെ കച്ചവടവും വേണ്ടായെന്ന് വെക്കും. മറ്റുള്ള കച്ചവടക്കാരെല്ലാം തന്നെ തങ്ങളുടെ കച്ചവടം സൈക്കിളിലേക്കും ടു വീലറുകളിലേക്കും മാറ്റിയപ്പോളും ഇക്ക തന്റെ കാവുംകൊട്ടയുംമായി നടന്ന് തന്നെയായിരുന്നു കച്ചവടം.
ഇക്കയുടെ കൈയ്യില്‍ നിന്ന് മാത്രം മത്സ്യം വാങ്ങിച്ചിരുന്ന കുറയേറെ വീട്ടുകാരെയറിയാം നേരം വൈകിയാലും ഇക്കയുടെ കൂക്കിവിളിക്കായി കാത്തിരിക്കുന്ന ഏറെ കുടുംബങ്ങള്‍ അതൊരു വിശ്വാസത്തിന്‍ മേലുള്ള കാത്തിരിപ്പാണ് കൊടുക്കുന്നവരും വാങ്ങിക്കുന്നവരും തമ്മില്‍ പുലര്‍ത്തുന്ന വിശ്വാസം ആത്മാര്‍ത്ഥത എല്ലാം അതില്‍ കാണാം.
ഇങ്ങിനെയുള്ള കുറെയേറെ ജമാല്‍ ഇക്കമാരും പിന്ന അലുമിനിയം വട്ടക തലയിലേന്തി മത്സ്യം വില്‍ക്കുന്ന കുറെ ചേച്ചിമാരെയും അവരുടെ സന്തോഷവും സങ്കടങ്ങളുമെല്ലാം നേരില്‍ കണ്ടറിഞ്ഞും വളര്‍ന്നൊരു കടപ്പുറത്ത്ക്കാരനാണ് ഈയ്യുള്ളവനും നിങ്ങള്‍ പറഞ്ഞ് പരത്തുന്ന ഫോര്‍മലിന്‍ ഭീതിയാല്‍ പട്ടിണിയിലാകുന്നത് അന്നത്തെ അന്നത്തിനായി പണിയെടുക്കുന്ന ഇവരെ കൂടിയാണെന്ന് അനാവശ്യമായി ഭീതി പരത്തുന്ന നിങ്ങള്‍ മനസ്സിലാക്കണം.
കുറഞ്ഞ വര്‍ഷങ്ങളാണെങ്കിലും ഒരു മത്സ്യത്തൊഴിലാളിയായി വള്ളങ്ങളിലും ബോട്ടിലും പണിയെടുത്തിട്ടുണ്ട് ആ കാലയളവില്‍ ഒരിക്കല്‍ പോലും കാണാത്ത ഒന്നാണ് നിങ്ങള്‍ ഈ പറയുന്ന ഫോര്‍മലിന്‍. എന്റെയറിവില്‍ കേരളത്തീരത്തൊരു മത്സ്യബന്ധന തൊഴിലാളികളും ഇങ്ങിനെയൊന്ന് കണ്ടിട്ടുണ്ടാവില്ലാ അതിന്റെ ആവശ്യം അവര്‍ക്ക് വരുന്നില്ല. വള്ളങ്ങളാണെങ്കില്‍ ലഭിക്കുന്ന മത്സ്യം അന്നേ ദിവസം മണിക്കൂറുകള്‍ക്കുള്ളില്‍ കരയിലെത്തിച്ച് കച്ചവടക്കാര്‍ക്ക് കൊടുക്കുന്നവരാണ് പിന്നെ ആഴക്കടല്‍ പണിക്ക് പോകുന്ന ബോട്ടുകളില്‍ വലിയ ഫ്രീസറുകളാണുള്ളത്. അത്രമാത്രം ഐസ് സംഭരിച്ച് തന്നെയാണ് അവര്‍ മത്സ്യബന്ധനത്തിനായി ആഴക്കടലിലേക്ക് പോകാറുള്ളത് ലഭിച്ച മത്സ്യം ഐസ് ചെയ്യുകയെന്നതിലപ്പുറം അവരും ഇത്തരം രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാറില്ല.
കടല്‍പ്പണിക്കിടയില്‍ പലപ്പോളായി ഉച്ചഭക്ഷണത്തിനുള്ള മത്സ്യത്തിനായി ഇതേ ബോട്ടുകാരെ കടലില്‍ വെച്ച് തന്നെ ആശ്രയിച്ചിട്ടുള്ള ആ ഉറപ്പില്‍ തന്നെയാണ് പറയുന്നത് അവരും ഫോര്‍മലിന്‍ ഉപയോഗിക്കാറില്ലായെന്നുള്ളത്.
ഇവിടെ മത്സ്യലഭ്യത കുറഞ്ഞ സമയങ്ങളില്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മത്സ്യങ്ങളില്‍ ഇതുപയോഗിക്കുന്നുണ്ടാവാം അത്തരം മത്സ്യങ്ങളെല്ലാം തന്നെ വരുന്നത് അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലൂടെയാണെന്നിരിക്കെ ആരോഗ്യവകുപ്പ് കര്‍ശനമായ പരിശോധനയും നടപടിയും ഇടുത്താല്‍ തടയാവുന്ന ഒന്നേയുള്ളൂ ഇതെന്നിരിക്കെ അനാവശ്യമായി ഭീതിപരത്തി മത്സ്യവുമായി ബന്ധപ്പെട്ട് അതിജീവനം നടത്തുന്നവരെ കഷ്ടത്തിലാക്കുന്ന നിലപാടുകളുമായി മുന്നോട്ട് പോകരുത്.
ഇനിയതല്ലായെങ്കില്‍ നമ്മളുടെ കടപ്പുറത്തെ മത്സ്യവിപണനം നടത്തുന്നയിടങ്ങളിലും ആരോഗ്യവകുപ്പ് ഉദ്യാഗസ്ഥര്‍ പരിശോധന നടത്തട്ടെ. എവിടെ നിന്നൊക്കെയോ കിട്ടുന്ന ചിത്രങ്ങളും വൃക്തമല്ലാത്ത വാര്‍ത്തകളും വെച്ച് വാട്സ്അപ്പും എഫ്.ബി വഴിയും ഫോര്‍വേഡ് ചെയ്ത് രസിക്കുമ്പോള്‍ നിങ്ങളറിയാതെ നിങ്ങള്‍ പട്ടിണിയിലാക്കുന്നത് അനേകം കുടുംബങ്ങളെയാണ് അവരുടെ അതിജീവന ശ്രമങ്ങളെയാണ്.
ഒരു മത്സ്യത്തൊഴിലാളിയായിരുന്നുവെന്നതിലപ്പുറം ഇന്ന് ഇതെഴുതുന്ന നേരവും കടലില്‍ പണിയെടുക്കുന്ന ഒരഛന്റെ മകനാണെന്നുള്ളതും കൊണ്ടും ആ തൊഴിലിലെ സത്യവും ആത്മാര്‍ത്ഥതയും അറിയാവുന്ന ഒരാളാണെന്നുള്ള നിലയിലുള്ള അപേക്ഷയാണ്
അനാവശ്യമായ ഭീതി പരത്തരുത് കഷ്ടത്തിലാവുന്നത് വന്‍കച്ചവടക്കാരൊന്നും അല്ലാ സാധാരണക്കാരായ പാവങ്ങളാണ് അവരെ അശ്രയിച്ച് കഴിയുന്നവരുടെ ജീവിതങ്ങളാണ്…