| Saturday, 7th December 2024, 9:43 pm

'റൊമാനിയന്‍ തെരഞ്ഞെടുപ്പില്‍ ഔപചാരിക അട്ടിമറി'; ഫലം അസാധുവാക്കിയതില്‍ വലതുപക്ഷ സ്ഥാനാര്‍ത്ഥി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബുക്കാറസ്റ്റ്: 2024 റൊമാനിയന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കിയതിനെതിരെ തീവ്ര വലതുപക്ഷ നേതാവായ കാലിന്‍ ജോര്‍ജസ്‌കു. തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കിയ നീക്കം ഔദ്യോഗിക അട്ടിമറിയെന്നാണ് കാലിന്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് പ്രതികരിച്ചത്.

റൊമാനിയയിലെ ഭരണഘടനാ കോടതിയാണ് തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ നടപടി ക്രമങ്ങളും പിന്നീട് പുനരാരംഭിക്കുമെന്നും കോടതി അറിയിച്ചിരുന്നു.

ഇതില്‍ പ്രതിഷേധിച്ചാണ് തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി കൂടിയായിരുന്ന കാലിന്‍ പ്രതികരിച്ചിരിക്കുന്നത്. നിയമവാഴ്ച കോമയിലാണെന്നും രാഷ്ട്രീയ ഉത്തരവുകള്‍ക്ക് വിധേയമാണ് നീക്കമാണ് ഉണ്ടായതെന്നുമാണ് കാലിന്റെ പ്രതികരണം.

തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കിയ നീക്കം ഒരിക്കലും നീതിയല്ലെന്നും എന്നാല്‍ കോടതി ഉത്തരവ് അനുസരിക്കുന്നുവെന്നും കാലിന്‍ മാധ്യമങ്ങളോട് പറഞ്ഞു. റൊമാനിയയിലെ അഴിമതി നിറഞ്ഞ വ്യവസ്ഥ പിശാചുമായി ഒരു ഉടമ്പടിയുണ്ടാക്കി അതിന്റെ യഥാര്‍ത്ഥ മുഖം കാണിച്ചുവെന്നും കാലിന്‍ ജോര്‍ജസ്‌കു കൂട്ടിച്ചേര്‍ത്തു.

നവംബറില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ കാലിന്‍ ജോര്‍ജസ്‌കു ലിബറല്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ എലീന ലാസ്‌കോണിയെയും നിലവിലെ പ്രധാനമന്ത്രി മാര്‍സെല്‍ സിയോലാക്കുവിനെയും പിന്തള്ളി വിജയം നേടിയിരുന്നു.

22.94 ശതമാനം വോട്ടാണ് കാലിന്‍ ആദ്യ റൗണ്ടില്‍ നേടിയത്. എലീന 19.18 ശതമാനവും മാര്‍സെല്‍ 19.15 ശതമാനം വോട്ടുമാണ് നേടിയത്.

എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം കോടതി റദ്ദാക്കുകയായിരുന്നു. തെരഞ്ഞെടുപ്പിന്റെ കൃത്യതയും നിയമസാധുതയും ഉറപ്പാക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അസാധുവാക്കല്‍ നടപടി.

വെള്ളിയാഴചയാണ് കാലിന്റെ വിജയം റൊമാനിയന്‍ കോടതി അസാധുവാക്കിയത്. അതേസമയം കോടതി ഉത്തരവിനെ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പിന്തുണ അറിയിച്ചിരുന്നു.

റൊമാനിയയിലെ ജനാധിപത്യ സ്ഥാപനങ്ങളില്‍ കടന്നുകൂടിയ വിദേശ സ്വാധീനത്തിനെതിരായ നടപടിയില്‍ ആത്മവിശ്വാസമുണ്ട് എന്നാണ് യു.എസ് വക്താവായ മാത്യു മില്ലര്‍ പറഞ്ഞത്.

നേരത്തെ ബി.ബി.സിക്ക് നല്‍കിയ പ്രതികരണത്തില്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ഉക്രൈയിന് നല്‍കുന്ന പിന്തുണ അവസാനിപ്പിക്കുമെന്ന് കാലിന്‍ പറഞ്ഞിരുന്നു. രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികളുടെ നുണകള്‍ താന്‍ കാര്യമാക്കുന്നില്ലെന്നും കാലിന്‍ പ്രതികരിച്ചിരുന്നു.

Content Highlight: ‘Formal coup in Romanian elections’; Right-wing candidate against court over annulment of results

We use cookies to give you the best possible experience. Learn more