ബംഗ്ലാദേശിനെതിരായ മത്സരത്തിന് പിന്നാലെയാണ് ക്രിക്കറ്റ് ലോകത്തിന്റെ നെറുകയിലെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസം കോഹ്‌ലി. ടി-20 ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം എന്ന നേട്ടമാണ് താരം സ്വന്തം കൈപ്പിടിയിലൊതുക്കിയത്.
നിലവില്‍ 1033 റണ്‍സാണ് കോഹ്ലി തന്റെ ടി-20 ലോകകപ്പ് കരിയറില്‍ നിന്നും സ്വന്തമാക്കിയിരിക്കുന്നത്. 25 മത്സരത്തിലെ 23 ഇന്നിങ്സില്‍ നിന്നുമാണ് കോഹ്‌ലി ഈ നേട്ടം സ്വന്തമാക്കിയത്.
ശ്രീലങ്കന്‍ ഇതിഹാസം മഹേല ജയവര്‍ധനെയുടെ റെക്കോര്‍ഡ് തകര്‍ത്തായിരുന്നു കോഹ്‌ലി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തിയത്. മഹേല ജയവര്‍ധനെ 31 ഇന്നിങ്സില്‍ നിന്നും നേടിയ 1016 എന്ന സ്‌കോറാണ് കോഹ്ലി മറികടന്നത്. വെസ്റ്റിന്‍ഡീസ് ബാറ്റര്‍ ക്രിസ് ഗെയ്ല്‍ (965), ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ (921) എന്നിവരാണ് റണ്‍വേട്ടയില്‍ മൂന്നും, നാലും സ്ഥാനത്തുള്ളവര്‍.
ഇപ്പേഴിതാ, റണ്‍വേട്ടയില്‍ തന്റെ റെക്കോര്‍ഡ് മറികടന്ന കോഹ്‌ലിയെന്ന ബാറ്റിങ് ഇതിഹാസത്തെ വാനോളം പുകഴ്ത്തി എത്തിയിരിക്കുകയാണ് മറ്റൊരു ഇതിഹാസമായ മഹേല ജയവര്‍ധനെ.
‘റെക്കോര്‍ഡുകള്‍ തകര്‍ക്കാനുള്ളതാണ്. ആരെങ്കിലും എപ്പോഴെങ്കിലും എന്റെ റെക്കോര്‍ഡ് തകര്‍ക്കുമായിരുന്നു, അത് നിങ്ങളായി, വിരാട്, മിടുക്കനായ സുഹൃത്തേ, അഭിനന്ദനങ്ങള്‍. നിങ്ങള്‍ ഒരു പോരാളിയാണ്,’ ഐ.സി.സി പങ്കുവെച്ച വീഡിയോയില്‍ ജയവര്‍ധനെ പറഞ്ഞു.
ഫോം താല്‍ക്കാലികമാണ്, പക്ഷേ ക്ലാസ് ശാശ്വതവും. കൊള്ളാം, സുഹൃത്തേയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കെ.പി. രാഹുലിന്റെയും കോഹ്‌ലിയുടെയും അര്‍ധസെഞ്ച്വറി പ്രകടനത്തിലാണ് നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെതിരെ മികച്ച സ്‌കോര്‍ കണ്ടെത്തിയത്. ടി-20 ലോകകപ്പില്‍ താരത്തിന്റെ 12ാമത്തെ അര്‍ധസെഞ്ച്വറിയാണിത്.
44 പന്തില്‍ 64 റണ്‍സെടുത്ത് കോഹ്‌ലി പുറത്താകാതെ നിന്നപ്പോള്‍, 32 പന്തില്‍ നിന്നും 50 റണ്‍സുമായി രാഹുലും ബാറ്റിങ്ങില്‍ തിളങ്ങി. 16 പന്തില്‍ നിന്നും 30 റണ്‍സുമായി സൂര്യകുമാര്‍ യാദവ് ഇരുവര്‍ക്കും മികച്ച പിന്തുണയും നല്‍കി. മൂവരുടെയും തകര്‍പ്പന്‍ ഇന്നിങ്സിന്റെ ബലത്തില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ 184ന് ആറ് എന്ന നിലയില്‍ ഇന്നിങ്സ് അവസാനിപ്പിക്കുകയായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാ കടുവകള്‍ മുന്നേറുമ്പോള്‍ മഴയെത്തുകയും മത്സരം നിര്‍ത്തി വെക്കുകയുമായിരുന്നു. മഴക്ക് ശേഷം 16 ഓവറില്‍ 151 എന്ന് വിജയലക്ഷ്യം പുനര്‍നിര്‍ണയിക്കുകയായിരുന്നു.
ബംഗ്ലാദേശിനെതിരായ വിജയത്തിന് പിന്നാലെ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമതെത്താനും ഇന്ത്യക്കായി. നവംബര്‍ ആറിനാണ് ഇന്ത്യയുടെ അടുത്ത മത്സരം. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ സിംബാബ്‌വേയാണ് എതിരാളികള്‍.