|

ഗസ്റ്റ് ലക്ചറര്‍ ആകാന്‍ മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ രേഖ; പൂര്‍വ്വ വിദ്യാര്‍ത്ഥിക്കെതിരെ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഗസ്റ്റ് ലക്ചറര്‍ ആകാന്‍ എറണാകുളം മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ രേഖയുണ്ടാക്കിയതായി പൂര്‍വ്വ വിദ്യാര്‍ത്ഥിക്കെതിരെ പരാതി. മഹാരാജാസിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്ന കെ. വിദ്യക്കെതിരെയാണ് പരാതി. വ്യാജരേഖയുണ്ടാക്കി കാസര്‍ഗോഡ്, പാലക്കാട് കോളേജുകളില്‍ ജോലി ചെയ്തതായാണ് പരാതി. സംഭവത്തില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസില്‍ മഹാരാജാസ് പ്രിന്‍സിപ്പളാണ് പരാതി നല്‍കിയിരിക്കുന്നത്.

അട്ടപ്പാടി കോളേജിലേക്കുള്ള നിയമനത്തിന്റെ ഭാഗമായി നടന്ന അഭിമുഖത്തിന് എത്തിയപ്പോള്‍ സംശയം തോന്നിയ കോളേജ് അധികൃതരാണ് മഹാരാജാസിലെ പ്രിന്‍സിപ്പളുമായി ബന്ധപ്പെട്ടത്. തുടര്‍ന്നാണ് സര്‍ട്ടിഫിക്കറ്റ് ഇത്തരത്തില്‍ വ്യാജമായി നിര്‍മിച്ചതാണെന്ന് കണ്ടെത്തിയത്.

രണ്ട് വര്‍ഷം മഹാരാജാസില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തതായാണ് രേഖ. കോളേജിന്റെ സീലും വൈസ് പ്രിന്‍സിപ്പളിന്റെ ഒപ്പും വ്യാജമായി ഉണ്ടാക്കിയെന്നാണ് പരാതി.

2018-19, 2020-21 കാലയളവുകളില്‍ മലയാളം വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍ ആയി ജോലി ചെയ്‌തെന്ന് കാട്ടിയാണ് വ്യാജസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി രണ്ട് കോളേജുകളില്‍ വിദ്യ ജോലി ചെയ്തിരിക്കുന്നത്.
വ്യാജമായ സീലും എംപ്ലവും പതിപ്പിച്ചുകൊണ്ടാണ് വ്യാജസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയിരിക്കുന്നത്.

കോളേജിന്റെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്നും എല്ലാം വ്യാജമായി ഉണ്ടാക്കിയതാണെന്നും പ്രിന്‍സിപ്പള്‍ പറഞ്ഞു. ഇത് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘തിങ്കളാഴ്ചയാണ് ഇക്കാര്യം അറിയിച്ചുകൊണ്ട് കോളേജില്‍ നിന്നും മെയില്‍ വന്നത്. അട്ടപ്പാടി കോളേജില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പെണ്‍കുട്ടി ഇന്റര്‍വ്യൂവിന് ചെന്നത്. സംശയം തോന്നിയ അധ്യാപകര്‍ കാര്യമറിയാന്‍ മെയില്‍ അയക്കുകയായിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ നിയമനം നടന്നിട്ടില്ല. എല്ലാം വ്യാജമായി ഉണ്ടാക്കിയതാണ്,’ പ്രിന്‍സിപ്പള്‍ അറിയിച്ചു.

അതേസമയം, വിദ്യക്ക് എസ്.എഫ്.ഐയുമായും സി.പി.ഐ.എമ്മുമായും അടുത്ത ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

Content Highlight: Forged certificate in the name of maharajas college; case filed against alumni