കല്‍പറ്റ: വയനാട്ടില്‍ വനം വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു. പുളിഞ്ഞാല്‍ ചിറപ്പുല്ല് മലയില്‍ വിനോദ സഞ്ചാരികളുമായി പോയ നെല്ലിക്കച്ചാല്‍ തങ്കച്ചനാണ് (50) കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 10 മണിക്കാണ് ആക്രമണമുണ്ടായത്.
എല്ലാ ദിവസത്തെയും പോലെ വിനോദ സഞ്ചാരികളുമായി ട്രക്കിങ്ങിന് പുറപ്പെട്ടതായിരുന്നു തങ്കച്ചന്‍. ഈ സമയത്താണ് കാട്ടാന മുന്നിലെത്തിയത്. കൂടെയുണ്ടായിരുന്ന സഞ്ചാരികള്‍ ചിതറിയോടിയെങ്കിലും തങ്കച്ചന്‍ കാട്ടാനയെ തുരത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയിലാണ് കാട്ടാന തിരിച്ച് ആക്രമിച്ചത്.
കുതറിയോടിയ വിനോദ സഞ്ചാരികള്‍ അറിയിച്ചതനുസരിച്ച് വനം വകുപ്പിലെ മറ്റു ജീവനക്കാര്‍ നടത്തിയ തിരച്ചിലിലാണ് പരിക്കേറ്റ നിലയില്‍ തങ്കച്ചനെ കണ്ടെത്തിയത്. ഉടന്‍ തന്നെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഒരാഴ്ചക്കിടെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ വനംവാച്ചറാണ് തങ്കച്ചന്‍. കഴിഞ്ഞ ദിവസമാണ് അതിരപ്പള്ളി പൊകലപ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനം വാച്ചറായ കുമാരന്‍ മരണപ്പെട്ടത്. കാടിനുള്ളില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പരിശോധന നടത്തുമ്പോഴാണ് കുമാരനെ മോഴയാന കൊലപ്പെടുത്തിയത്.
content highlights: Forest watcher trampled to death by elephant in Wayanad too, two temporary staff killed within a week