ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നമ്മുടെ സര്‍ക്കാര്‍ ഏജന്‍സികളും വിവിധ പരിസ്ഥിതി കൂട്ടായ്മകളും രാഷ്ട്രീയ പാര്‍ട്ടികളുമെല്ലാം ഇന്ന് മരങ്ങള്‍ നടുന്ന തിരക്കിലാണ്. അതിനിടയിലും ചില സസ്യങ്ങള്‍ പിഴുതുമാറ്റുന്ന യജ്ഞത്തിലാണ് വയനാട്ടിലെ വനപാലകര്‍. കേള്‍ക്കുമ്പോള്‍ കൗതുകം തോന്നിയേക്കാം. പക്ഷേ, ഇവര്‍ പിഴുതുമാറ്റുന്നത് ഉപദ്രവകാരികളായ ചില പ്രത്യേക തരം ചെടികളെയാണ്.
മൈസൂരില്‍ നിന്നും കോഴിക്കോട്ടേക്കുള്ള 400 കെ.വി വൈദ്യുത ലൈനിന് വേണ്ടി വര്‍ഷങ്ങള്‍ക്ക് മുമ്പ് വയനാട്ടിലെ റിസര്‍വ് വനത്തിലൂടെ നാല് കിലോമീറ്റര്‍ നീളത്തിലും ഇരുപത് മീറ്റര്‍ വീതിയിലുമായി ആയിരക്കണക്കിന് മരങ്ങള്‍ മുറിച്ചുമാറ്റിയിരുന്നു. ഈ സ്ഥലങ്ങളില്‍ പിന്നീട് യൂപ്പറ്റോറിയം ലന്റാന, സെന്ന സ്പെക്ടാബിലിസ് തുടങ്ങിയ ചില പ്രത്യേക ചെടികള്‍ വളരാന്‍ തുടങ്ങി.
ഇന്‍വേസീവ് സ്പീഷീസ് ഇനത്തില്‍ പെടുന്ന ഈ ചെടികള്‍ നമ്മുടെ നാട്ടിലെ തദ്ദേശീയ ജൈവവിധ്യങ്ങളുടെ ഭാഗമായുള്ളതല്ല. പകരം പുറത്തുനിന്നുമെത്തിയതാണ്. ഇത്തരം ചെടികള്‍ എവിടെയെങ്കിലും വളര്‍ന്നുതുടങ്ങിയാല്‍ അത് പിന്നീട് കൂട്ടമായി പടരുകയും അവിടെ നേരത്തെയുണ്ടായിരുന്ന വൈവിധ്യങ്ങളെയെല്ലാം നശിപ്പിക്കുകയും ചെയ്യും. നമ്മുടെ നാട്ടിലെ ജൈവവൈവിധ്യ ശോഷണത്തിന്റെ മുഖ്യകാരണങ്ങളിലൊന്നാണ് ഇന്‍വേസീവ് സ്പീഷീസുകള്‍, എക്സോട്ടിക് സ്പീഷീസുകള്‍ എന്നെല്ലാം അറിയപ്പെടുന്ന ഇത്തരം ചെടികള്‍.
അനിയന്തിതമായി വളരുന്ന ഇത്തരം ചെടികള്‍ വന്യജീവികള്‍ക്ക് ഭക്ഷ്യയോഗ്യമല്ല എന്നതിനാല്‍ ഇത് മനുഷ്യവന്യജീവി സംഘര്‍ഷങ്ങളെയും രൂക്ഷമാക്കുന്നുണ്ടെന്നാണ് വനപാലകര്‍ പറയുന്നത്. വന്യജീവികള്‍ നേരത്തെ ഭക്ഷണമായി വിനിയോഗിച്ചിരുന്ന സസ്യങ്ങളെ ഇല്ലാതാക്കിയാണ് ഇത്തരം ചെടികള്‍ വളരുന്നത്.
അതുകൊണ്ട് തന്നെ ഇത് വനത്തിനകത്തെ ഭക്ഷ്യലഭ്യതയെ കുറയ്ക്കുകയും അത് വന്യജീവികള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങിവരുന്നതിന് കാരണമാവുകയും ചെയ്യുന്നുണ്ട്.
ഇതിനെല്ലാം പരിഹാരം എന്ന നിലയിലാണ് വയനാട്ടിലെ വനമേഖലയില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന ഇന്‍വേസീവ് സ്പീഷീസില്‍ പെട്ട ചെടികളെ പിഴുതെറിയാനായി വനപാലകര്‍ രംഗത്ത് വന്നിരിക്കുന്നത്. പിഴുതെറിയുന്ന ചെടികള്‍ക്ക് പകരമായി വന്യജീവികള്‍ക്ക് ഭക്ഷ്യയോഗ്യമാക്കാന്‍ കഴിയുന്ന തരം സസ്യങ്ങളെ അവര്‍ നട്ടുപിടിപ്പിക്കുന്നുമുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിവരുന്ന ഈ പദ്ധതി വിജയം കാണുകയാണെങ്കില്‍ ജില്ലയിലെ മുഴുവന്‍ വനമേഖലയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക