നരൻ സിനിമയിൽ ഉപയോഗിച്ച ഫൈബർ മരങ്ങൾ കള്ളത്തടിയാണെന്ന് പറഞ്ഞ് ഫോറസ്റ്റുകാർ പിടികൂടിയിരുന്നെന്ന് ആർട്ട് ഡയറക്ടർ ജോസഫ് നെല്ലിക്കൽ. പടത്തിന്റെ ഷൂട്ടിന് ശേഷം ഫൈബർ മരങ്ങൾ മോഹൻലാലിൻറെ വിസ്മയ സ്റ്റുഡിയോയിലേക്ക് കൊണ്ട് പോകുമ്പോഴാണ് സംഭവം നടന്നതെന്ന് ജോസഫ് പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നരൻ സിനിമയ്ക്ക് വേണ്ടി പൊള്ളാച്ചിയിലെ ടിമ്പറിൽ പോയി മരങ്ങൾ സെലക്ട് ചെയ്തു. പക്ഷേ നമ്മൾക്ക് ആ മരങ്ങൾ കൊണ്ട് പോകാൻ പറ്റാത്തതുകൊണ്ട് ഫൈബർ കൊണ്ട് മരങ്ങൾ ഉണ്ടാക്കി. മരങ്ങൾ സെറ്റിലേക്ക് കൊണ്ട് പോകുന്നു, അവിടെ നമ്മൾ ഷൂട്ട് ചെയ്യുന്നു, ഇടക്ക് മരങ്ങൾ ഒലിച്ചു പോകുന്നു അങ്ങനെ ഒരുപാട് പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നു.
ഷൂട്ട് പാക്ക് അപ്പ് ചെയ്തതിനു ശേഷം ഈ മരങ്ങൾ എന്ത് ചെയ്യുമെന്നായി . ലാലേട്ടന്റെ കെയറോഫിൽ തിരുവനന്തപുരത്ത് ലാലേട്ടന്റെ സ്റ്റുഡിയോയായ വിസ്മയിലേക്ക് കൊണ്ടുവെക്കാമെന്ന് പറഞ്ഞു. എന്റെ അസിസ്റ്റന്റ് രണ്ടാളും കൂടിയാണ് ഈ മരം കയറ്റി അയക്കുന്നത്.
അങ്ങനെ അവർ പോന്നു. ഇവർ പോകുന്ന വഴി തമിഴ്നാട് ആയതുകൊണ്ട് കുഴപ്പമില്ല. പക്ഷെ മാർത്താണ്ഡം ചെക് പോസ്റ്റ് എത്തിയപ്പോഴേക്കും ഷൂട്ടിനുള്ള സാധനമാണെന്ന് പറഞ്ഞപ്പോൾ അവർ നോക്കി വിട്ടു.
ചെക്ക് പോസ്റ്റ് കഴിഞ്ഞ് കുറച്ച് കഴിഞ്ഞപ്പോൾ ഫോറസ്റ്റുകാർ വണ്ടി ചെയ്‌സ് ചെയ്തത് വട്ടമിട്ടിട്ട് ആകെ പ്രശ്നമായി. അപ്പോൾ എന്റെ അസിസ്റ്റന്റ് എന്നെ വിളിച്ചിട്ട് ‘ചേട്ടാ കള്ളത്തടിയാണെന്ന് പറഞ്ഞിട്ട് വണ്ടി പിടിച്ചു’ എന്ന് പറഞ്ഞു. കള്ളത്തടിയാണെന്ന് പറഞ്ഞ് പിടിക്കേണ്ട ആവശ്യമില്ലല്ലോ ഇത് തടിയല്ലല്ലോ എന്ന് ഞാൻ അവനോട് ചോദിച്ചു.
പക്ഷെ പൊലീസിന് പറഞ്ഞിട്ട് മനസിലാകുന്നില്ല എന്നവൻ പറഞ്ഞു. ഫോറസ്റ്റുകാരോട് വണ്ടിയിൽ കയറി നോക്കാൻ പറ എന്ന് ഞാൻ പറഞ്ഞു. അവരോട് സംസാരിച്ച് വണ്ടിക്ക് അകത്ത് കയറി. കേറി നോക്കി കൊട്ടി നോക്കിയപ്പോഴാണ് അവർക്ക് അബദ്ധം പറ്റിയതാണെന്ന് മനസിലായത്. അങ്ങനെ ഒരുപാട് രസകരമായ കഥകൾ നടന്നിട്ടുണ്ട്,’ജോസഫ് നെല്ലിക്കൽ പറഞ്ഞു.