ട്രെയിനിടിച്ച കാട്ടാനയെ വനംവകുപ്പ് അധികൃതര്‍ കല്ലെറിഞ്ഞ് ഓടിച്ചു
Kerala
ട്രെയിനിടിച്ച കാട്ടാനയെ വനംവകുപ്പ് അധികൃതര്‍ കല്ലെറിഞ്ഞ് ഓടിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd October 2013, 10:32 am

[]പാലക്കാട്: കഞ്ചിക്കോട് ട്രെയിന്‍ ഇടിച്ച് പരിക്കേറ്റ കാട്ടാനയോട് വനംവകുപ്പിന്റെ കൊടുംക്രൂരത.

പരിക്കേറ്റ കാട്ടാനയെ ചികിത്സ നല്‍കാതെ വനംവകുപ്പ് അധികൃതര്‍ കാട്ടിലേക്ക് കല്ലെറിഞ്ഞ് ഓടിച്ചു.

മലമ്പുഴ ഒന്നാംപുഴ വനത്തിനുള്ളില്‍ അത്യാസന്ന നിലയിലായിരുന്നു കാട്ടാന. ദേഹമാഹസകലം വ്രണങ്ങള്‍ പറ്റിയ കാട്ടാനയുടെ രണ്ടുകാലുകളും ഒടിഞ്ഞിട്ടുണ്ട്.

കാട്ടാനയ്ക്ക് ചുറ്റും മറ്റ് കാട്ടാനക്കൂട്ടങ്ങള്‍ ഉണ്ട്. ഏതാണ്ട് 14 കിലോമീറ്റര്‍ അകലെ ഉള്‍വനത്തിലാണ് ഇപ്പോള്‍ കാട്ടാന ഉള്ളത്. ഏകദേശം 130 ഓളം കാട്ടാനകള്‍ ഉള്ള പ്രദേശമാണിത്.

ഇന്നലെ രാത്രി 12 മണിയോടെയാണ് ആനയെ ട്രെയിന്‍ ഇടിക്കുന്നത്. സംഭവമറിഞ്ഞ ആദിവാസികളും പ്രദേശവാസികളും വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറയിച്ചു.

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും അവര്‍ ആനയെ കല്ലെറിഞ്ഞ് ഓടിക്കുകയായിരുന്നെന്ന് പ്രദേശത്തെ ആദിവാസി കുടുംബങ്ങളാണ് അറിയിച്ചത്.

കാട്ടാനയ്ക്ക് ദയാവധം നല്‍കാനെങ്കിലും അധികൃതര്‍ തയ്യാറാകണമെന്ന് കവയത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി പറഞ്ഞു. അങ്ങേയറ്റം ദു;ഖകരമായ കാര്യമാണിതെന്നും അധികൃതരുടെ ക്രൂരതയെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അവര്‍ വ്യക്തമാക്കി.

ഒരാഴ്ചമുന്‍പാണ് ഇതേസ്ഥലത്ത് പാളംമുറിച്ചുകടന്ന കാട്ടാനയെ ട്രെയിന്‍ ഇടിച്ചിരുന്നു.