Kerala News
നായാട്ടുകേസില്‍ കീഴടങ്ങിയ പ്രതിയെ പട്ടിയെ കൊണ്ട് കടിപ്പിച്ചതായി ആരോപണം; റേഞ്ച് ഓഫീസില്‍ ഉപരോധവുമായി കുടുംബം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 May 11, 03:08 am
Saturday, 11th May 2019, 8:38 am

പീരുമേട്: നായാട്ടുകേസില്‍ കീഴടങ്ങിയ പ്രതിയെ  വനപാലകര്‍ പട്ടിയെ കൊണ്ട് കടിപ്പിച്ചതായി ആരോപണം. പെരിയാര്‍ വന്യജീവിസങ്കേതത്തില്‍ കാട്ടുപോത്തിനെ വേട്ടയാടിയ കേസില്‍ ഒന്നാം പ്രതി കല്ലംപറമ്പില്‍ ജോസുകുട്ടിയുടെ വീട്ടുകാരാണ് ആരോപണവുമായി രംഗത്തെത്തിയത്.

പീരുമേട് ഫോറസ്റ്റോഫീസിലെ വനപാലകര്‍ക്കെതിരെയാണ് ആരോപണം. കേസില്‍ കീഴടങ്ങിയ ജോസുകുട്ടിയെ രാത്രിമുഴുവന്‍ റെയ്ഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചെന്നും തുടര്‍ന്ന് പട്ടിയെ വിട്ട് കടിപ്പിക്കുകയായിരുന്നെന്നും കുടുംബം ആരോപിച്ചു.

സംഭവത്തില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ റേഞ്ച് ഓഫീസ് ഉപരോധം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് തെളിയാതെ കിടക്കുന്ന കേസുകള്‍ ഏറ്റെടുക്കാത്തതിനാല്‍ ആണ് ജോസുകുട്ടിക്ക് നേരെ അക്രമണം നടത്തിയതെന്നും സമരസമിതി ആരോപിച്ചു.

പട്ടിയുടെ ആക്രമണത്തില്‍ പരിക്കേറ്റ ജോസുകുട്ടി നിലവില്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്. നേരത്തെ ജോസുകുട്ടി വേട്ടയ്ക്ക് ഉപയോഗിച്ച തോക്ക് വനപാലകര്‍ പിടികൂടിയിരുന്നു.

ജോസുകുട്ടിക്കൊപ്പമുള്ള പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. എന്നാല്‍ ആരോപണങ്ങള്‍ വനപാലകര്‍ നിഷേധിച്ചിരിക്കുകയാണ്.