കോട്ടയം: കോട്ടയം കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനെതിരെ വിമര്‍ശനവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മയക്കുവെടി വെക്കേണ്ടത് കാട്ടുപോത്തിനല്ലെന്നും വനംമന്ത്രിക്കാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട കോട്ടയം കണമല സന്ദര്‍ശിക്കവെയായിരുന്നു ചെത്തിത്തലയുടെ പ്രതികരണം. വിഷയത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വനം വകുപ്പിനും വനം വകുപ്പ് മന്ത്രിക്കും എന്താണ് പറ്റിയതെന്നും അദ്ദേഹം പറയുന്നത് എന്താണെന്ന് അദ്ദേഹത്തിന് തന്നെ മനസിലാകുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഒരു ജനകീയ മന്ത്രി ഇങ്ങനെയാണോ സംസാരിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
‘വനം വകുപ്പിനും വനം വകുപ്പ് മന്ത്രിക്കും എന്ത് പറ്റിയതെന്നാണ് എന്റെ ചോദ്യം. എന്താണ് സംഭവിക്കുന്നത്. കാട്ടുപോത്തിനല്ല. വനംമന്ത്രിക്ക് മയക്കുവെടി വെക്കണം. അദ്ദേഹം പറയുന്നത് എന്താണെന്ന് അദ്ദേഹത്തിന് തന്നെ മനസിലാകുന്നില്ല. എന്താണ് അദ്ദേഹം ചെയ്ത് കൊണ്ടിരിക്കുന്നത്. ഇന്നലത്തെ അദ്ദേഹത്തിന്റെ പ്രസ്താവന കേട്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു പോയി. ഒരു ജനകീയ മന്ത്രി ഇങ്ങനെയാണോ സംസാരിക്കേണ്ടത്. രണ്ട് മൂന്ന് ആളുകള്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരിക്കുമ്പോള്‍ സംസാരിക്കേണ്ടത് ഇങ്ങനെയാണോ. വളരെ പ്രതിഷേധാര്‍ഹമായ കാര്യമാണ്,’ ചെന്നിത്തല കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ എന്തുകൊണ്ടാണ് നടപടി എടുക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. പ്രദേശത്തെ ജനങ്ങളെല്ലാം ഭീതിയിലാണെന്നും മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
‘നടപടി ഉണ്ടാക്കാന്‍ എന്തുകൊണ്ട് സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നില്ല. വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നതിന് പകരം ഇതിന് എന്താണ് നടപടിയെന്നല്ലേ സര്‍ക്കാര്‍ ചിന്തിക്കേണ്ടത്. വനംമന്ത്രി ഒരു കാര്യം പറയുന്നു. റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് ഒരു കാര്യം പറയുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥമാര്‍ മയക്കുവെടി വെക്കാമെന്ന് പറയുന്നു. സര്‍ക്കാരിന് കാര്യത്തില്‍ ഒരു വ്യക്തതയില്ല. അടിയന്തരമായി മുഖ്യമന്ത്രി ഇടപെടണം. പ്രദേശത്തെ ജനങ്ങളെല്ലാം ഭീതിയിലാണ്. രണ്ട് ജീവനുകളാണ് നഷ്ടപ്പെട്ടത്,’ ചെന്നിത്തല പറഞ്ഞു.
ജനങ്ങളെ വന്യജീവി ആക്രമണത്തില്‍ നിന്നും രക്ഷിക്കാനുള്ള സമഗ്രമായ നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
‘കെ.സി.ബി.സിയെ കുറ്റപ്പെടുത്തുക, ബിഷപ്പുമാരെ കുറ്റപ്പെടുത്തുക, നായാട്ട് സംഘം പോയി വെടിവെച്ചതു കൊണ്ടാണെന്ന് പറയുക, ഇതൊന്നുമല്ല ചെയ്യേണ്ടത്. ജനങ്ങളെ വന്യജീവി ആക്രമണത്തില്‍ നിന്നും രക്ഷിക്കാനുള്ള സമഗ്രമായ നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടത്,’ ചെന്നിത്തല ആവശ്യപ്പെട്ടു.
Contenthighlight: Forest minister should be drugged, not bison: Ramesh chennithala