| Tuesday, 5th March 2024, 6:42 pm

വന്യജീവി ആക്രമണം; കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലുമെന്ന് ഡെപ്യൂട്ടി കളക്ടര്‍, 48 മണിക്കൂറിനകം നഷ്ടപരിഹാരം നല്‍കുമെന്ന് വനംമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വന്യജീവി ആക്രമണത്തില്‍ കക്കയത്ത് കര്‍ഷകന്‍ മരണപ്പെട്ടതില്‍ കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലുമെന്ന് കോഴിക്കോട് ഡെപ്യൂട്ടി കളക്ടര്‍. മരണപ്പെട്ട പാലാട്ടിയില്‍ എബ്രഹാമിന്റെ കുടുംബത്തിന് അടിയന്തരമായി അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.

കാട്ടുപോത്തിനെ മയക്കുവെടി വെക്കുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രനും അറിയിച്ചു. 48 മണിക്കൂറിനകം നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. മൃതദേഹങ്ങള്‍ വെച്ചുള്ള സമരങ്ങള്‍ സാധാരണ പ്രതിഷേധമായി കാണാന്‍ കഴിയില്ലെന്നും നഷ്ടപരിഹാരത്തിനായി ഇത്തരത്തില്‍ വിലപേശുന്നത് തുടരണമോയെന്ന് പൊതുസമൂഹം ആലോചിക്കേണ്ടതുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കശുവണ്ടി ശേഖരിക്കാന്‍ പോകുന്നതിനിടയിലാണ് എബ്രഹാമിന് നേരെ കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസവും കക്കയത്തിന് സമീപമുള്ള കൂരാച്ചുണ്ട് കല്ലാനോട് ഭാഗത്തെ ജനവാസ മേഖലയില്‍ കാട്ടുപോത്ത് ഇറങ്ങിയിരുന്നു.

അതേസമയം തൃശ്ശൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരണപ്പെട്ട ആദിവാസി സ്ത്രീയായ വത്സയെ ചാലക്കുടി ആശുപത്രിയില്‍ എത്തിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനടക്കമുള്ള നേതാക്കള്‍ സ്ഥലത്തെത്തി. സംഭവത്തില്‍ ഊരുമൂപ്പനുമായി പ്രതിപക്ഷ നേതാവ് സംസാരിക്കുകയുണ്ടായി.

കാട്ടാനയുടെ ആക്രമണത്തില്‍ ആശുപത്രിയുടെ സമീപത്തായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: Forest minister says compensation will be given to the family of the farmer who was killed by the wild buffalo in Kakkayam within 48 hours

We use cookies to give you the best possible experience. Learn more