തിരുവനന്തപുരം: സംസ്ഥാനം പ്രളയക്കെടുതിയിലമരുമ്പോള്‍ വിദേശപര്യടനവുമായി വനം മന്ത്രി കെ.രാജുവും എം.പി ഇ.ടി മുഹമ്മദ് ബഷീറും. ഇന്നലെയാണ് ഇരുവരും ജര്‍മ്മനിയിലെത്തിയത്.
സംസ്ഥാനം സമാനതകളില്ലാത്ത ദുരന്തത്തെ നേരിടുമ്പോഴാണ് ദുരിതാശ്വാസപ്രവര്‍ത്തനത്തിന്റെ ചുമതലയുള്ള മന്ത്രി ജര്‍മ്മനിയിലേക്ക് പോയത്. കോട്ടയത്തിന്റെ ചുമതലയാണ് മന്ത്രിക്കുണ്ടായിരുന്നത്.
എന്നാല്‍ പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ച ഇന്നലെ തന്നെയാണ് ജനപ്രതിനിധികളായ ഇരുവരും വിദേശത്തേക്ക് പറന്നതെന്നതും ശ്രദ്ധേയമാണ്.
മന്ത്രിമാരായ തോമസ് ഐസക്, ജി.സുധാകരന്‍, ഇ. ചന്ദ്രശേഖരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ആറന്‍മുള എം.എല്‍.എ വീണാ ജോര്‍ജ് തുടങ്ങിയവര്‍ ദുരന്തമുഖത്ത് നേരിട്ട് രക്ഷാപ്രവര്‍ത്തനത്തിനെത്തിയിരുന്നു.
ലോക മലയാളി കൗണ്‍സിലിന്റെ സമ്മേളനത്തില്‍ പങ്കെടുക്കാനായാണ് മന്ത്രിയും എം.പിയും ജര്‍മ്മനിയിലേക്ക് തിരിച്ചത്. സംഭവം വിവാദമായതോടെ സി.പി.ഐ നേതൃത്വം മന്ത്രി രാജുവിനോട് തിരിച്ചെത്താന്‍ ആവശ്യപ്പെട്ടിരുന്നു. രണ്ട് ദിവസത്തിനകം തിരിച്ചെത്തുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.
ALSO READ: ഡാമുകള്‍ തുറക്കുമെന്ന തരത്തില്‍ പത്തനംതിട്ടയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്ത : കളക്ടര്‍
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഭാരവാഹികളോട് കേരളത്തിലെ പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട അവസ്ഥ പറഞ്ഞുവെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ ആവശ്യപ്പെട്ടെന്നുമാണ് മന്ത്രിയുടെ വിശദീകരണം.
വിദേശയാത്ര നടത്താന്‍ കെ. രാജു നേരത്തെ പാര്‍ട്ടിയുടെ അനുമതി വാങ്ങിയിരുന്നു. എന്നാല്‍, മഴക്കെടുതിയുടെ സാഹചര്യത്തില്‍ യാത്ര നടത്തുന്നത് ഉചിതമാകുമോ എന്ന കാര്യം പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്തിട്ടില്ല എന്നാണ് വിവരം. ഈ പശ്ചാത്തലത്തിലാണ് പാര്‍ട്ടി അടിയന്തരമായി ഇടപെട്ട് മന്ത്രി രാജുവിനോട് ഉടന്‍ തിരികെയെത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ചിത്രം കടപ്പാട്- മനോരമ ഓണ്‍ലൈന്‍
WATCH THIS VIDEO: