| Saturday, 20th May 2023, 4:00 pm

വെടിവെക്കാന്‍ ഉത്തരവിട്ടാലും ഇല്ലെങ്കിലും സര്‍ക്കാരിന്‌ കുറ്റം; എന്ത് ചെയ്യണമെന്ന് ഈ സംഘടനകള്‍ ഉപദേശിച്ചാല്‍ തരക്കേടില്ലായിരുന്നു : വനംവകുപ്പ് മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വനം വകുപ്പ് എടുക്കുന്ന ഏത് തീരുമാനങ്ങളും സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള ആയുധമാക്കുകയാണ് ചില അനൗദ്യോഗിക സംഘടനകളെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. എരുമേലിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ട് പേര്‍ മരണപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് കോഴിക്കോട് വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വകുപ്പ് സമയോചിതമായി ഇടപെട്ടു എന്നും നാട്ടുകാരുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും മന്ത്രി പറഞ്ഞു.

ചില സംഘടനകള്‍ സര്‍ക്കാരിനെതിരെ ജനവികാരം ആളിക്കത്തിക്കാനാണ് ശ്രമിക്കുന്നത്. ഇത്തരം വിഷയങ്ങളില്‍ എന്ത് തീരുമാനമെടുത്താലും അതില്‍ സര്‍ക്കാറിനെ വിമര്‍ശിക്കുകയാണ് ചെയ്യുന്നത്. ഇനി എന്താണ് ചെയ്യേണ്ടത് എന്ന് ഇത്തരം സംഘടനകള്‍ ഉപദേശിച്ചാല്‍ നന്നാകുമെന്നും മന്ത്രി പറഞ്ഞു.

‘എരുമേലിയിലെ കാട്ടുപോത്തിന്റെ വിഷയത്തില്‍, അവയെ നിരീക്ഷണ വലയത്തിലാക്കി, ഏതെങ്കിലും ഘട്ടത്തില്‍ അതിക്രമിച്ച് നാട്ടിലേക്ക് വരികയാണെങ്കില്‍ മയക്കുവെടിവെക്കാനും അല്ലെങ്കില്‍ ഉള്‍ക്കാട്ടിലേക്ക് തന്നെ അയക്കാനുമാണ് തീരുമാനം. അവിടെയും ഒരു പ്രശ്‌നമുണ്ട്. മയക്കുവെടിവെക്കുന്നതിനെതിരെ ആരെങ്കിലും കോടതിയില്‍ പോകില്ലെന്നുണ്ടോ. അരിക്കൊമ്പന്റെ വിഷയത്തില്‍ അതാണ് സംഭവിച്ചത്. തൊട്ടാല്‍ കൈ പൊള്ളുകയാണിപ്പോള്‍.

അരിക്കൊമ്പന്റെ വിഷയത്തില്‍ ജനളുടെ പക്ഷംനിന്ന സര്‍ക്കാറിനെ കോടതിയില്‍ പോയി പ്രതിസ്ഥാനത്ത് നിര്‍ത്തുകയാണുണ്ടായത്. ഇങ്ങനെയൊരു സാഹചര്യത്തില്‍ വനംവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ആത്മവിശ്വാസത്തോട് കൂടി പ്രവര്‍ത്തിക്കാന്‍ കഴിയുമോ? അവര്‍ നാളെ കോടതിയില്‍ പോകേണ്ടി വരുമോ എന്ന ഒരു ചോദ്യം സ്വാഭാവികമായും ഉണ്ടാകും. അതുകൊണ്ട് തന്നെ അവര്‍ക്ക് ആത്മ വിശ്വാസം നല്‍കേണ്ട ചുമതലയുണ്ട്. അത് കൊണ്ടാണ് എത്രയും പെട്ടെന്ന് ഉത്തരവിട്ടത്.

പെട്ടെന്ന് ഉത്തരവ് കൊടുത്താലും ഇല്ലെങ്കിലും പ്രശ്‌നമാണ്. വെള്ളനാടിലെ കരടിയുടെ വിഷയത്തില്‍ പെട്ടെന്ന് ഉത്തരവിട്ടതായിരുന്നു പ്രശ്‌നം. വേണ്ടത്ര പരിശോധന നടത്താതെ, സ്ഥലം സന്ദര്‍ശിക്കാതെ ഉത്തരവിട്ടു എന്നതായിരുന്നു അവിടുത്തെ പ്രശ്‌നം. അങ്ങനെ ഓരോ പരാതി വരുമ്പോഴും ഓരോ തരത്തില്‍ വ്യാഖ്യാനിച്ച് അതിന് അനാവശ്യ പ്രാധാന്യം കൊടുത്ത് പ്രചരിക്കുമ്പോള്‍ അവര്‍ ഉദ്യോഗസ്ഥര്‍ എന്താണ് ചെയ്യേണ്ടത് എന്ന ആശയക്കുഴപ്പത്തിലാണ്. ജനങ്ങളോടൊപ്പം നില്‍ക്കണോ, അതോ വന നിയമത്തിനൊപ്പം നില്‍ക്കണോ എന്ന പ്രശ്‌നം അവര്‍ക്കിടയില്‍ നില്‍ക്കുന്നുണ്ട്. ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. ഉദ്യോഗസ്ഥരുടെ ആത്മവീര്യം തകര്‍ക്കുന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചാരണങ്ങളും അവസാനിപ്പിക്കണം.

വെടിവെക്കാന്‍ ഉത്തരവിട്ടാലും ഇല്ലെങ്കിലും അത് സര്‍ക്കാറിനെതിരെയുള്ള ആയുധമാക്കുകയാണ് ചിലര്‍. ഏത് പക്ഷത്താണ് ശരി. നടപടിയെടുക്കാന്‍ കാലതാമസമുണ്ടായി എന്നതായിരുന്നു അരിക്കൊമ്പന്റെയും കാട്ടുപോത്തിന്റെയും വിഷയത്തിലുള്ള പരാതി. എന്നാല്‍ എത്രയും പെട്ടെന്ന് നടപടിയെടുത്തതാണ് വെള്ളനാട്ടെ കരടിയുടെ വിഷയത്തിലുണ്ടായ പ്രശ്‌നം. അതിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷനും കോടതി നടപടികളും നേരിടേണ്ടി വരുന്നു. ഈ തരത്തില്‍ പ്രശ്‌നപരിഹാരത്തേക്കാള്‍ പ്രധാനമായി സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുക എന്നതാണ് ചിലരുടെ താത്പര്യം. അവര്‍ക്കൊപ്പം നില്‍ക്കാനാവില്ല. ഈ ഇരട്ടത്താപ്പാണ് മലയോര മേഖലയില്‍ ചില അനൗദ്യോഗിക സംഘടനകള്‍ പ്രയോഗിക്കുന്നത്. ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത് എന്ന് ഇവരൊക്കെ ഉപദേശിച്ചാല്‍ തരക്കേടില്ലായിരുന്നു,’ മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.

content highlights; Forest Minister A.K. Saseendran talks about wildlife attacks

We use cookies to give you the best possible experience. Learn more