മലപ്പുറം: മലപ്പുറം തിരൂരങ്ങാടിയിലെ വി.കെ പടിയില്‍ ദേശീയപാത വികസനത്തിന് വേണ്ടി മരം മുറിച്ചപ്പോള്‍ പക്ഷികള്‍ ചത്ത സംഭവത്തില്‍ കേസെടുക്കാന്‍ തീരുമാനം. പദ്ധതിയുടെ കരാറുകാര്‍ക്കെതിരെ വനം വകുപ്പാണ് കേസ് എടുക്കുന്നത്.
വന്യജീവി സംരക്ഷണം നിയമ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്യുക. മുട്ട വിരിഞ്ഞ ശേഷം, പക്ഷിക്കുഞ്ഞുങ്ങള്‍ പറക്കാനായ ശേഷമേ മരം മുറിക്കാവൂ എന്ന നിര്‍ദേശം കരാറുകാരന്‍ ലംഘിച്ചെന്ന് വനം വകുപ്പ് അറിയിച്ചു. ഇന്ന് പ്രദേശവാസികളില്‍ നിന്നും വിശദമൊഴി എടുത്ത ശേഷമായിരിക്കും നടപടിയെടുക്കുക.
മരം മുറിച്ചതോടെ പക്ഷികള്‍ ചത്തുവീഴുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് വനം വകുപ്പ് നടപടി.
തള്ളിയിട്ട മരങ്ങള്‍ക്കൊപ്പം താഴേക്ക് വീണത് നിരവധി പക്ഷികളായിരുന്നു. രണ്ട് മൂന്ന് പ്രാവശ്യം ജെ.സി.ബി ഉപയോഗിച്ച് കുലുക്കിയാണ് മരം തള്ളിയിട്ടത്. അമ്പതിലേറെ നീര്‍ക്കാക്ക കുഞ്ഞുങ്ങള്‍ക്കാണ് ജീവന്‍ നഷ്ടമായിരുന്നത്.
പ്രദേശത്ത് നിരവധി മരങ്ങളില്‍ കൂട് വെച്ച് പക്ഷികള്‍ താമസിക്കുന്നുണ്ട്. കൂടുകള്‍ മാറ്റാതെ മരങ്ങള്‍ വെട്ടി മുറിച്ചതോടെയാണ് പക്ഷികള്‍ കൂടുകള്‍ക്കൊപ്പം താഴെ വീണത്. അതിനിടെ, ദേശീയപാത വികസനത്തിന്റെ ഭാഗമായി നേരത്തെ മുറിച്ചുമാറ്റിയിരുന്ന മരങ്ങള്‍ക്ക് പുറമെ വീണ്ടും പലയിടങ്ങളിലും മരംമുറി തുടരുകയാണെന്ന വിമര്‍ശനവുമുണ്ട്.
CONTENT HIGHLIGHTS: Forest department will file a case against the contractors for ‘killing birds’ in the logging shed for the national highway