വയനാട്: കുറുക്കന്‍മൂലയില്‍ വീണ്ടും കടുവയെ കണ്ടതോടെ പ്രദേശം വളഞ്ഞ് വനംവകുപ്പ്. ഇന്ന് രാവിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയുടെ കാല്‍പാടുകള്‍ കണ്ടെത്തിയതോടെയാണ് വനംവകുപ്പ് പ്രദേശത്ത് തെരച്ചില്‍ ഊര്‍ജിതമാക്കിയത്. 30 പേരടങ്ങിയ ആറുസംഘങ്ങളായാണ് തെരച്ചില്‍ നടത്തുന്നത്.
കുറുക്കന്‍മൂല പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ പരിസരത്ത് കടുവയുണ്ടെന്നാണ് നിഗമനം. ഈ പ്രദേശങ്ങളില്‍ വനപാലക സംഘവും പൊലീസും ക്യാമ്പ് ചെയ്യുന്നുണ്ട്. കുറുക്കന്‍മൂലയില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളും കൂടുകളും മാറ്റി സ്ഥാപിക്കാനുള്ള നടപടികളും നടക്കുന്നുണ്ട്. മാനന്തവാടി നഗരസഭയിലെ 8 വാര്‍ഡുകളില്‍ നിരോധനാജ്ഞ തുടരുകയാണ്.
കഴിഞ്ഞ ദിവസം പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. തെരച്ചില്‍ ഫലപ്രദമല്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
കടുവയെ പിടിക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വൈകിയെത്തുവെന്ന് പറഞ്ഞ് നാട്ടുകാര്‍ പറഞ്ഞിരുന്നു. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നരേന്ദ്രബാബുവും നാട്ടുകാരും തമ്മില്‍ കയ്യാങ്കളി ഉണ്ടായി. കയ്യാങ്കളിക്കിടെ വനം ഉദ്യോഗസ്ഥന്‍ അരയില്‍ നിന്നും കത്തി പുറത്തെടുക്കാന്‍ ശ്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു
കടുവ നാട്ടിലിറങ്ങിയിട്ട് 20 ദിവസങ്ങള്‍ ആയിരിക്കുകയാണ്. ഇതുവരേയും കടുവ എവിടെയാണെന്ന് ലൊക്കേറ്റ് ചെയ്യാന്‍ പോലും സാധിക്കുന്നില്ല എന്നതാണ് നാട്ടുകാരെ അസ്വസ്ഥരാക്കുന്നത്.
കഴിഞ്ഞ ദിവസം പയ്യമ്പിള്ളിയില്‍ കാര്‍ യാത്രികരായ രണ്ട് പേര്‍ കടുവയെ കണ്ടിരുന്നു. ആ സമയത്ത് വാര്‍ഡ് കൗണ്‍സിലറെ യാത്രക്കാര്‍ വിവരമറിയിക്കുകയും നാട്ടുകാര്‍ ഇവിടെ തമ്പടിക്കുകയും ചെയ്തിരുന്നു.