[share]
[] തിരുവനന്തപുരം: വയനാട്ടിലെ കാട്ടുതീ സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് വനം വകുപ്പ്. കാട്ടുതീയെക്കുറിച്ച് അന്വേഷിച്ച വിജിലന്‍സ് വനം വകുപ്പ് അഡീഷണല്‍ സി.സി.എഫ് സി.എസ് യാലാക്കിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്.
417.83 ഹെക്ടര്‍ വനഭൂമിയാണ് കാട്ടുതീയില്‍ കത്തി നശിച്ചത്. കാട്ടുതീ മനുഷ്യര്‍ ഉണ്ടാക്കിയതാണെന്ന് തെളിഞ്ഞിട്ടുണ്ടെങ്കിലും കുറ്റക്കാരെ തെളിവുകള്‍ സഹിതം നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതില്‍ വനം വകുപ്പിന് പരിമിതികളുണ്ട്. അതിനാല്‍ തുടരന്വേണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണം-വനം മന്ത്രിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
വനം വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിര്‍ദേശ പ്രകാരമായിരുന്നു വനം വിജിലന്‍സിന്റെ അന്വേഷണം. ജി.പി.എസ് വഴിയും ഫീല്‍ഡ് സര്‍വേ പ്രകാരവുമാണ് അന്വേഷണം നടന്നത്. ഇതില്‍ 417.83 ഹെക്ടര്‍ വനഭൂമി കത്തിനശിച്ചതായാണ് കണ്ടെത്തിയത്.
കഴിഞ്ഞ മാസം 15 മുതല്‍ 20 വരെയാണ് വയനാട്ടില്‍ കാട്ടുതീ ഉണ്ടായത്. വയനാട് വന്യജീവി സങ്കേതത്തില്‍പ്പെടുന്ന തോല്‍പ്പെട്ടി റേഞ്ചിലെ കൊട്ടിയൂര്‍, തൊണ്ടകാപ്പ് ആദിവാസി സെറ്റില്‍മെന്റിന് സമീപത്ത് നിന്ന് ആരംഭിച്ച കാട്ടുതീ വയനാട് നോര്‍ത്ത് ഡിവിഷനിലെ ബേഗൂര്‍ റേഞ്ച് വരെ ആളിപ്പടരുകയായിരുന്നു.
മനപ്പൂര്‍വം കാടിന് തീയിട്ടതാണെന്നു തെളിഞ്ഞിട്ടുണ്ടെങ്കിലും അതിനു പിന്നിലെ വ്യക്തികളെ തിരിച്ചറിയാനായിട്ടില്ല. ആദിവാസികള്‍ക്കോ അവരുടെ സ്വത്തുക്കള്‍ക്കോ തീപിടിത്തത്തില്‍ നാശമുണ്ടായിട്ടില്ല. ഒരു മലയണ്ണാനൊഴികെ മറ്റു വന്യ ജീവികള്‍ക്കും ആപത്തുണ്ടായതായി തെളിവ് ലഭിച്ചിട്ടില്ല. തീപിടിത്തത്തില്‍ 18 തരം വൃക്ഷങ്ങളാണ് കത്തി നശിച്ചത്.