| Friday, 12th July 2019, 3:19 pm

ആദിവാസികള്‍ വനത്തില്‍ പ്രവേശിക്കുന്നത് വനം വകുപ്പ് തടയുന്നു; കേരളത്തില്‍ തുടര്‍ച്ചയായി നടക്കുന്ന വനാവകാശ നിയമത്തിന്റെ ലംഘനങ്ങള്‍

ഷഫീഖ് താമരശ്ശേരി

കോഴിക്കോട് കക്കയം അമ്പലക്കുന്ന് കോളനിയിലെ ആദിവാസി കുടുംബങ്ങളെയാണ് വിറക് ശേഖരണത്തിനായി വനത്തിലേക്ക് പ്രവേശിക്കുന്നതിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞത്. വിറക് ശേഖരിക്കാനെന്നല്ല, ഒരാവശ്യത്തിനും വനത്തിനകത്തേക്ക് പ്രവേശിക്കാന്‍ പാടില്ല എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ആദിവാസികുടുംബങ്ങള്‍ പറയുന്നു.

കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ വനമേഖലയിലെ, വയനാടുമായി അതിര് പങ്കിടുന്ന പെരുവെണ്ണാമുഴി ഫോറസ്റ്റ് റേഞ്ചിലാണ് സംഭവം. തലമുറകളായി വനവിഭവങ്ങള്‍ ശേഖരിച്ചും വനത്തെ ആശ്രയിച്ചും ഇവിടെ ജീവിച്ചുവരുന്ന പണിയ ആദിവാസി കുടുംബങ്ങളെയാണ് വനത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും വനംവകുപ്പ് തടഞ്ഞത്. 2006 ലെ കേന്ദ്ര വനാവകാശനിയമപ്രകാരം ആദിവാസികള്‍ക്ക് സാമൂഹ്യ വനാവകാശം ലഭിച്ച പ്രദേശമാണിതെന്നിരിക്കെ ഗുരുതരമായ ആരോപണമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ വാര്‍ത്തകള്‍ പുറത്തുവന്നതോടുകൂടി ഇത്തരമൊരു സംഭവം നടന്നിട്ടേയില്ലെന്ന രീതിയിലാണ് വനംവകുപ്പിന്റെ പ്രതികരണം. ഇത്തരമൊരു സംഭവം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് പെരുവെണ്ണാമുഴി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അഖില്‍ നാരായണന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

കോളനിവാസിയായ ശാരദ

കക്കയം വനമേഖലയില്‍ ആദിവാസികള്‍ക്ക് നേരെ ഇതിന് മുമ്പും വനംവകുപ്പിന്റെ നിരവധി ദ്രോഹനടപടികള്‍ ഉണ്ടായതായാണ് അമ്പലക്കുന്ന് കോളനിവാസികള്‍ പറയുന്നത്. വിറകിന് പുറമെ മറ്റ് തേന്‍, തെള്ളി, മുള, കാട്ടുകിഴങ്ങുകള്‍ തുടങ്ങി മറ്റ് വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനായി കാട്ടിലേക്ക് പോകുമ്പോള്‍ വനം വകുപ്പ് സ്ഥിരമായി തടസ്സം നില്‍ക്കാറുണ്ടെന്ന് അമ്പലക്കുന്ന് കോളനിയിലെ ഊര് മൂപ്പന്‍ ബിജു ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

‘ഇത് ഞങ്ങളുടെ കാടാണ്. ഞങ്ങളൊക്കെ തലമുറകളായി ജീവിക്കുന്ന സ്ഥലമാണിത്. ഈ കാട്ടില്‍ നിന്ന് കിട്ടുന്നവയെല്ലാം എടുത്താണ് ഞങ്ങളുടെ അപ്പനപ്പൂപ്പന്‍മാരുടെ കാലം മുതല്‍ ജീവിക്കുന്നത്. കാട് കൊണ്ട് മാത്രമാണ് ഞങ്ങളുടെ ജീവിതം. പെട്ടന്നൊരു ദിവസം ഞങ്ങളോട് കാട്ടിലേക്ക് കയറരുതെന്ന് പറയാന്‍ ഈ സാറന്‍മാര്‍ക്ക് എന്താണവകാശം’ കോളനിവാസിയായ ശാരദ ചോദിക്കുന്നു.

”കുടിവെള്ള വിതരണമില്ലാത്തതിനാലും റേഷന്‍ വിതരണത്തില്‍ തട്ടിപ്പ് നടന്നതിനാലുമൊക്കെ ഈ അടുത്ത കാലത്ത് തന്നെ അമ്പലക്കുന്ന് കോളനി വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. പാവപ്പെട്ട ഈ കുടുംബങ്ങളുടെ റേഷന്‍ വിതരണത്തില്‍ നടന്ന ക്രമക്കേടിനെതിരെ ഇവര്‍ കോഴിക്കോട് ജില്ലാ സപ്ലൈ ഓഫീസില്‍ ചെന്ന് സമരം ചെയ്തിട്ട് ഏതാണ്ട് പത്ത് ദിവസം മാത്രമേ ആയിട്ടുള്ളൂ. ഒരേ സമയം അവരുടെ റേഷന്‍ വിതരണത്തില്‍ ക്രമക്കേട് നടത്തുന്നു. അതേ സമയം അവര്‍ വനത്തില്‍ പ്രവേശിക്കുന്നത് തടയുന്നു. സ്ഥിരമായ ജോലിയോ വരുമാനമോ ഇല്ലാത്ത ഈ കുടുംബങ്ങള്‍ പിന്നെങ്ങിനെ ജീവിക്കും.’ പ്രദേശവാസിയും സാമൂഹികപ്രവര്‍ത്തനുമായ തോമസ് പീറ്റര്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.

ഊര് മൂപ്പന്‍ ബിജു

കക്കയത്ത് നടന്ന ഈ സംഭവം ഒറ്റപ്പെട്ടതല്ല. വനത്തിന്‍മേലുള്ള ആദിവാസികളുടെ അവകാശങ്ങളെ അട്ടിമറിക്കുന്ന രീതിയിലുള്ള വനംവകുപ്പിന്റെ ഇടപെടല്‍ സംസ്ഥാനത്ത് തുടര്‍ച്ചയായി നടക്കുന്നുണ്ട്. ചിമ്മിനി വനമേഖലയില്‍ നിന്നും മുള വെട്ടിയ മലയ ആദിവാസികള്‍ക്ക് നേരെ വനം വകുപ്പ് കേസ്സെടുത്തത് സമീപകാലത്താണ്. തൃശ്ശൂരിലെ വരന്തരപ്പള്ളിയില്‍ കാടര്‍ ആദിവാസികള്‍ വീടിനോട് ചേര്‍ന്ന് നിര്‍മ്മിച്ച ഷെഡ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പൊളിച്ചു മാറ്റിയ സംഭവവും നടന്നിരുന്നു. ആദിവാസികള്‍ക്ക് സാമൂഹിക വനാവകാശം നല്‍കിയിരിക്കുന്ന മേഖലകളില്‍ പുതുതായി ആരംഭിക്കാന്‍ പോകുന്ന ഏതൊരു പദ്ധതിയും, ഊരുകൂട്ടങ്ങളുടെ അനുമതിയോടെയായിരിക്കണമെന്നാണ് നിയമം. എന്നാല്‍ കേരളത്തില്‍ ആദ്യമായി സാമൂഹ്യ വനാവകാശം പതിച്ചുനല്‍കിയ വാഴച്ചാല്‍ വനമേഖലയില്‍ ഊരുകൂട്ടത്തിന് യാതൊരു വിലയും കല്‍പ്പിക്കാതെയാണ് വനം വകുപ്പും, കെ.എസ്.ഇ.ബി യും പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നത്.

വയനാട് വന്യജീവി സങ്കേതമടക്കമുള്ള കേരളത്തിലെ വിവിധ സംരക്ഷിത വനപ്രദേശങ്ങളില്‍ ആദിവാസികള്‍ ഇപ്പോഴും കുടിയിറക്ക് ഭീഷണി നേരിടുന്നുമുണ്ട്. ഇതിനെല്ലാം പുറമെ വനാവകാശ നിയമത്തിന് കീഴില്‍ വരുന്ന വ്യക്തിഗത അവകാശം, സാമൂഹിക അവകാശം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായി ആയിരക്കണക്കിന് അപേക്ഷകള്‍ ഇപ്പോഴും സര്‍ക്കാര്‍ ഫയലുകളില്‍ കെട്ടിക്കിടക്കുന്നുമുണ്ട്.

എം. ഗീതാനന്ദന്‍

‘ഇന്ത്യയിലെ ആദിവാസി വിഭാഗങ്ങള്‍ നൂറ്റാണ്ടുകളായി നേരിടുന്ന ചരിത്രപരമായ അനീതികള്‍ക്ക് ഒരു പരിഹാരമെന്ന ആമുഖ നിരീക്ഷണത്തോടുകൂടിയാണ് 2006ല്‍ കേന്ദ്ര വനാവകാശ നിയമം പ്രാബല്യത്തില്‍ വരുന്നത്. വനഭൂമിയുടെയും വനവിഭവങ്ങളുടെയും സാമൂഹികമായ ഉടമസ്ഥത തദ്ദേശീയരായ ഗോത്ര ജനതയ്ക്ക് രേഖാ മൂലം പതിച്ചുനല്‍കണമെന്ന നിയമനിര്‍ദേശങ്ങളുണ്ടായിട്ടും നമ്മുടെ സര്‍ക്കാറുകള്‍ അവ നടപ്പിലാക്കാന്‍ തയ്യാറാകാത്തത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. അഖിലേന്ത്യാ കിസാന്‍ സഭ, മഹാരാഷ്ട്രയില്‍ നടത്തിയ ലോങ്ങ് മാര്‍ച്ചിന്റെ മുഖ്യ ആവശ്യങ്ങളിലൊന്ന് വനാവകാശ നിയമം നടപ്പിലാക്കുക എന്നതായിരുന്നു.

അതേസമയം സി.പി.ഐഎം അധികാരത്തിലിരിക്കുന്ന കേരളത്തില്‍, വനാവകാശ നിയമപ്രകാരമുള്ള ആദിവാസികളുടെ അവകാശങ്ങള്‍ പരസ്യമായി തന്നെ അട്ടിമറിക്കപ്പെടുന്നു എന്നത് അങ്ങേയറ്റം ഖേദകരമാണ്.’ എം. ഗീതാനന്ദന്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more