ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ വനസംരക്ഷണത്തിനായുള്ള ഫണ്ട് ഐഫോണുകളും ഓഫീസ് അലങ്കാര വസ്തുക്കളും വാങ്ങുന്നതിനായി വിനിയോഗിച്ചുവെന്ന് സി.എ.ജി റിപ്പോര്‍ട്ട്. നിയമങ്ങള്‍ ലംഘിച്ച് ആരോഗ്യവകുപ്പും തൊഴിലാളി ക്ഷേമബോര്‍ഡും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ അനുമതിയില്ലാതെ പൊതു ഫണ്ട് ഉപയോഗിച്ചതായാണ് റിപ്പോര്‍ട്ട്.
പണം ഉപയോഗിച്ച് കെട്ടിട നവീകരണം, കോടതി കേസുകള്‍ക്ക് പണം നല്‍കല്‍, ലാപ്‌ടോപ്പ്, ഫ്രിഡ്ജ്, കൂളറുകള്‍ എന്നിവ വാങ്ങുന്നതിനായി ഉപയോഗിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.
2017 നും 2021 നും ഇടയില്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ തൊഴിലാളി ക്ഷേമ ബോര്‍ഡ് 607 കോടി രൂപ ചെലവഴിച്ചതായും വനഭൂമി കൈമാറ്റം ചെയ്യുന്നതിനുള്ള നിയമങ്ങളും ലംഘിക്കപ്പെട്ടുവെന്നും ഉത്തരാഖണ്ഡ് നിയമസഭയില്‍ ബജറ്റ് സമ്മേളനത്തിനിടെ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
കോമ്പന്‍സേറ്ററി അഫോറസ്‌റ്റേഷന്‍ ഫണ്ട് മാനേജ്‌മെന്റ് ആന്റ് പ്ലാനിങ് അതോറിറ്റിയില്‍ നിന്ന് ഏകദേശം 14 കോടി രൂപയുടെ ഫണ്ട് മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി വകമാറ്റിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
വനഭൂമി സംരക്ഷണത്തിനായി സമാഹരിച്ച ഫണ്ട് ഇതര ആവശ്യങ്ങള്‍ക്കാണുപയോഗിച്ചതെന്നും ഫണ്ട് ലഭിച്ച് ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ മാര്‍ഗനിര്‍ദേശത്തിനനുസരിച്ച് കാര്യങ്ങള്‍ ചെയ്തില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ 37ഓളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വനഭൂമി കൈമാറ്റ നിയമങ്ങളും അവഗണിക്കപ്പെട്ടുവെന്നും റോഡ്, വൈദ്യുതി ലൈനുകള്‍, ജലവിതരണ ലൈനുകള്‍, റെയില്‍വേ, ഓഫ്-റോഡ് ലൈനുകള്‍ തുടങ്ങിയ വനേതര പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെങ്കിലും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ അനുമതിയില്ലാതെ കാര്യങ്ങള്‍ ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നട്ടുപിടിപ്പിച്ച മരങ്ങളുടെ അതിജീവന നിരക്ക് കുറവാണെന്നും സി.എ.ജി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചു. 2017-22 കാലയളവില്‍ ഇത് 33% മാത്രമായിരുന്നു, ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍ദ്ദേശിച്ച 60-65% നേക്കാള്‍ കുറവാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
Content Highlight: Forest conservation fund reversed in Uttarakhand; CAG reports that iPhones and laptops were bought