ന്യൂദൽഹി: ഇന്ത്യയിൽ വനഭൂമി കൈയേറ്റം വർധിക്കുന്നതായി റിപ്പോർട്ട്. പരിസ്ഥിതി മന്ത്രാലയം ദേശീയ ഹരിത ട്രിബ്യുണലിന് സമർപ്പിച്ച റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്. 13,000 ചതുരശ്ര കിലോമീറ്ററിലധികം വനപ്രദേശം 25 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി കൈയേറ്റത്തിന് വിധേയമാണെന്ന് റിപ്പോർട്ട് പറയുന്നു. ദൽഹി, സിക്കിം, ഗോവ എന്നിവിടങ്ങളിലെ മൊത്തം ഭൂമിശാസ്ത്ര വിസ്തൃതിയേക്കാൾ കൂടുതലാണിത്.
ദൽഹിയുടെ അഞ്ചിരട്ടിയിലധികം വലിപ്പമുള്ള 7,50,648 ഹെക്ടർ വനപ്രദേശം ഇന്ത്യയിൽ കൈയേറ്റത്തിന് വിധേയമാണെന്ന് സർക്കാർ ഡാറ്റ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെ ഈ റിപ്പോർട്ട് ദേശീയ ഹരിത ട്രിബ്യുണൽ സ്വമേധയാ ഏറ്റെടുക്കുകയും കഴിഞ്ഞ വർഷം ഏപ്രിലിൽ, എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വനമേഖലയിലെ കൈയേറ്റങ്ങളുടെ വിശദാംശങ്ങൾ ശേഖരിക്കാൻ എൻ.ജി.ടി മന്ത്രാലയത്തിന് നിർദേശം നൽകുകയും ചെയ്തിരുന്നു.
കഴിഞ്ഞ ആഴ്ച എൻ.ജി.ടിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ, 2024 മാർച്ച് വരെ, 25 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ആകെ 13,05,668.1 ഹെക്ടർ വനപ്രദേശം കയ്യേറ്റത്തിന് വിധേയമാണെന്ന് പരിസ്ഥിതി മന്ത്രാലയം പറഞ്ഞു.
ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ, അസം, അരുണാചൽ പ്രദേശ്, ആന്ധ്രപ്രദേശ്, ചണ്ഡീഗഡ്, ഛത്തീസ്ഗഡ്, ദാദർ & നഗർ, ദാമൻ & ദിയു, ജാർഖണ്ഡ്, കേരളം, ലക്ഷദ്വീപ്, മഹാരാഷ്ട്ര, മധ്യപ്രദേശ് , മിസോറാം, മണിപ്പൂർ, ഒഡീഷ, പുതുച്ചേരി, പഞ്ചാബ്, സിക്കിം, തമിഴ്നാട്, ത്രിപുര, ഉത്തർപ്രദേശ് എന്നിവയാണ് ഈ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും.
ബീഹാർ, ഹരിയാന, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, തെലങ്കാന, പശ്ചിമ ബംഗാൾ, നാഗാലാൻഡ്, ദൽഹി, ജമ്മു കശ്മീർ , ലഡാക്ക് എന്നിവിടങ്ങളിൽ നിന്നും വനഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട വിവരങ്ങൾ വന്നിട്ടില്ലെന്നും പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.
വനമേഖല അല്ലെങ്കിൽ റെക്കോർഡഡ് ഫോറസ്റ്റ് ഏരിയ (RFA) എന്നത് സർക്കാർ ഔദ്യോഗികമായി വനമായി നിശ്ചയിച്ചിട്ടുള്ള ഭൂമിയാണ്. അവിടെ വൃക്ഷങ്ങൾ ഇല്ലെങ്കിലും അത് വനഭൂമിയാണ്.
മന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് ഏറ്റവും കൂടുതൽ വനഭൂമി കയ്യേറ്റം നടന്നത് മധ്യപ്രദേശിലാണ്. 2024 മാർച്ച് വരെ 5,460.9 ചതുരശ്ര കിലോമീറ്റർ വനഭൂമി ഇവിടെ കൈയേറ്റം ചെയ്യപ്പെട്ടു. അസമിൽ 3,620.9 ചതുരശ്ര കിലോമീറ്റർ വനപ്രദേശം കൈയേറ്റത്തിന് വിധേയമാണ്.
കർണാടകയിൽ 863.08 ചതുരശ്ര കിലോമീറ്റർ വനഭൂമി കൈയേറ്റം ചെയ്യപ്പെട്ടു. മഹാരാഷ്ട്രയിൽ 575.54 ചതുരശ്ര കിലോമീറ്ററും, അരുണാചൽ പ്രദേശിൽ 534.9 ചതുരശ്ര കിലോമീറ്ററും, ഒഡീഷയിൽ 405.07 ചതുരശ്ര കിലോമീറ്ററും, ഉത്തർപ്രദേശിൽ 264.97 ചതുരശ്ര കിലോമീറ്ററും, മിസോറാമിൽ 247.72 ചതുരശ്ര കിലോമീറ്ററും, ജാർഖണ്ഡിൽ 200.40 ചതുരശ്ര കിലോമീറ്ററും, ഛത്തീസ്ഗഡിൽ 168.91 ചതുരശ്ര കിലോമീറ്ററും വനഭൂമി കൈയേറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.
തമിഴ്‌നാട്ടിൽ 157.68 ചതുരശ്ര കിലോമീറ്റർ, ആന്ധ്രാപ്രദേശ് 133.18 ചതുരശ്ര കിലോമീറ്റർ, ഗുജറാത്ത് 130.08 ചതുരശ്ര കിലോമീറ്റർ, പഞ്ചാബ് 75.67 ചതുരശ്ര കിലോമീറ്റർ, ഉത്തരാഖണ്ഡ് 49.92 ചതുരശ്ര കിലോമീറ്റർ, കേരളം 49.75 ചതുരശ്ര കിലോമീറ്റർ, ത്രിപുരയിൽ 42.42 ചതുരശ്ര കിലോമീറ്റർ, ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ 37.42 ചതുരശ്ര കിലോമീറ്റർ, മണിപ്പൂരിൽ 32.7 ചതുരശ്ര കിലോമീറ്റർ എന്നിങ്ങനെയാണ് കൈയേറ്റ വനഭൂമിയുടെ കണക്ക് വരുന്നത്.
മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ ഇതുവരെ 409.77 ചതുരശ്ര കിലോമീറ്റർ വനഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ചതായി പറയുന്നു.
Content Highlight: Forest area encroached in 25 states, UTs; highest encroachment in MP