കൊച്ചി: വീണ്ടുമൊരു വെള്ളിയാഴ്ച വരികയാണ്. ഫെബ്രുവരിമാസത്തിലെ അവസാന ആഴ്ചയില്‍ നിരവധി ചിത്രങ്ങളാണ് തിയേറ്ററുകളില്‍ എത്തുന്നത്. ടൊവിനോ തോമസ്, ഇന്ദ്രന്‍സ്, ദീപക് പറമ്പോല്‍, തമിഴ് സിനിമയുമായി ദുല്‍ഖര്‍ എന്നിവരാണ് തിയേറ്ററുകളില്‍ എത്തുന്നത്. വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തുന്ന ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
1. ഫോറന്‍സിക്
ടൊവിനോ തോമസ്, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതരായ അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫോറന്‍സിക്.
സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന ഫോറന്‍സിക് വിദഗ്ധനയെയാണ് ചിത്രത്തില്‍ ടൊവിനോ അവതരിപ്പിക്കുന്നത്.
നെവിസ് സേവ്യര്‍, സിജു മാത്യു എന്നിവരുടെ സംയുക്ത സംരംഭമായ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അഖില്‍ ജോര്‍ജ് ആണ് ഛായാഗ്രഹണം. ജെയ്ക്സ് ബിജോയ് സംഗീതം നല്‍കും.
2. വെയില്‍മരങ്ങള്‍
ഇന്ദ്രന്‍സിന് അന്താരാഷ്ട്ര പുരസ്‌ക്കാരം ലഭിച്ച വെയില്‍ മരങ്ങള്‍ ആണ് നാളെ തിയേറ്ററുകളില്‍ എത്തു്‌ന ചിത്രങ്ങളില്‍ ഒന്ന്. ഡോ.ബിജു സംവിധാനം ചെയ്ത ചിത്രത്തിലെ അഭിനയത്തിന് നടന്‍ ഇന്ദ്രന്‍സിന് സിംഗപ്പൂരില്‍ നടന്ന സൗത്ത് എഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌ക്കാരം ലഭിച്ചിരുന്നു.
ഷാങ്ഹായി ചലച്ചിത്രമേളയ്ക്ക് ശേഷം ചിത്രത്തിന് ലഭിക്കുന്ന അന്താരാഷ്ട്ര പുരസ്‌കാരമാണിത്. കേരളത്തില്‍ നിന്ന് ഹിമാചലിലേക്ക് പലായനം ചെയ്യപ്പെട്ട ദളിത് കുടുംബത്തിന്റെ കഥ പറയുന്ന വെയില്‍മരങ്ങള്‍ക്ക് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഔട്ട്സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്മെന്റ് അവാര്‍ഡാണ് ലഭിച്ചത്.
മണ്‍റോ തുരുത്ത്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലെ വിവിധ കാലാവസ്ഥകളില്‍ ഒന്നര വര്‍ഷം കൊണ്ടാണ് വെയില്‍മരങ്ങള്‍ ചിത്രീകരിച്ചത്. ഇന്ദ്രന്‍സ്, സരിത കുക്കു, കൃഷ്ണന്‍ ബാലകൃഷ്ണന്‍, പ്രകാശ് ബാരെ, മാസ്റ്റര്‍ ഗോവര്‍ധന്‍,അശോക് കുമാര്‍, നരിയാപുരം വേണു, മെല്‍വിന്‍ വില്യംസ്, എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്
എം.ജെ രാധാകൃഷ്ണനാണ് വെയില്‍മരങ്ങളുടെ ക്യാമറയ്ക്ക് പിന്നില്‍. ബിജിബാലാണ് സംഗീതം.
3.ഭൂമിയിലെ മനോഹര സ്വകാര്യം
ദീപക് പറമ്പോലും പ്രയാഗ മാര്‍ട്ടിനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ‘ഭൂമിയിലെ മനോഹര സ്വകാര്യം’. ഷൈജു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് കോപ് ടാകീസിന്റെ ബാനറില്‍ രാജീവ്കുമാര്‍ ആണ്.
എ ശാന്തകുമാര്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് സച്ചിന്‍ ബാലുവാണ്. ലാല്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, അഭിഷേക് രവീന്ദ്രന്‍, അഞ്ജു അരവിന്ദ്, നിഷ സാരംഗ്, ഹരീഷ് പേരാടി, സന്തോഷ് കീഴാറ്റൂര്‍, മഞ്ജു തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അന്റോണിയോ മിഖായേല്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ, അന്‍വര്‍ അലി, മനു മഞ്ജിത്, എ ശാന്തകുമാര്‍ എന്നിവരുടേതാണ് ചിത്രത്തിലെ ഗാനങ്ങള്‍.
4. കണ്ണും കണ്ണും കൊള്ളയടിത്താല്‍
ഒരിടവേളക്ക് ശേഷം ദുല്‍ഖര്‍ നായകനായി തിയേറ്ററുകളില്‍ എത്തുന്ന തമിഴ് ചിത്രമാണ് കണ്ണും കണ്ണും കൊള്ളയടിത്താല്‍.
പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഋതു വര്‍മയാണ് നായിക.
സംവിധായകന്‍ ഗൗതം മേനോന്‍ ആണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്. രക്ഷന്‍, രഞ്ജിനി, പരേഷ് റാവല്‍, രജനി, ജോണി എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.
മസാല കോഫി ആണ് ചിത്രത്തിലെ സംഗീതം ഒരുക്കിയിരിക്കുന്നത്. ആന്റോ ജോസഫ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രം നാളെ പ്രദര്‍ശനത്തിന് തീയറ്ററുകളിലെത്തും ആന്റോ ജോസഫും വൈകോം 18 കമ്പനിയുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.
5. ഇഷ
മാട്ടുപ്പെട്ടി മച്ചാന്‍, മായാമോഹിനി, ശൃംഗാരവേലന്‍ എന്നീ സിനിമകളൊരുക്കിയ ജോസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇഷ. ചിത്രത്തിന്റെ തിരക്കഥയും ജോസ് തോമസ് തന്നെയാണ്. ജോനാഥന്‍ ബ്രൂസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. കിഷോര്‍ സത്യയാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്.
6. ലൗ എഫ്.എം
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച് നവാഗത സംവിധായകന്‍ ശ്രീദേവ് കപ്പൂര്‍ അപ്പാനി ശരത്തിനെ കേന്ദ്രകഥാപാത്രമായി ഒരുക്കുന്ന ചിത്രമാണ് ലൗ എഫ്.എം. യുവനടന്മാരില്‍ പ്രേക്ഷക ശ്രദ്ധ നേടിയ ടിറ്റോ വില്‍സണ്‍, സിനോജ് അങ്കമാലി, ജിനോ ജോണ്‍, വിജിലേഷ്, നിര്‍മ്മല്‍ പാലാഴി എന്നിവരും ചിത്രത്തിലുണ്ട്.
ജാനകി കൃഷ്ണന്‍, മാളവിക മേനോന്‍, എം 80 മൂസ ഫെയിം അഞ്ജു എന്നിവരാണ് നായികമാര്‍
DoolNews Video