പിണറായി: ഒരു കുടുംബത്തിലെ നാലുപേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ രണ്ടുപേരുടെ മരണ കാരണം അലൂമിനിയം ഫോസ്‌ഫൈഡ് എന്ന മാരക രാസവസ്തുവെന്ന് കണ്ടെത്തല്‍. പിണറായിയില്‍ മരിച്ച പടന്നക്കര വണ്ണത്താന്‍ വീട്ടില്‍ കമലയുടെയും ഭര്‍ത്താവ് കുഞ്ഞിക്കണ്ണന്റെയും മരണത്തിന് കാരണം കീടനാശിനികളിലും എലിവിഷത്തിലും ഉപയോഗിക്കുന്ന ഈ വിഷവസ്തുവാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
കോഴിക്കോട് ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നടന്ന പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. കമലയുടെയും ഭര്‍ത്താവ് കുഞ്ഞിക്കണ്ണന്റെയും ആന്തരികാവയവങ്ങളുടെ മേല്‍ നടന്ന പത്തോളം പരിശോധന ഫലങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
ഇരുവരുടെയും ശരീരത്തില്‍ അലുമിനിയം ഫോസ്‌ഫൈഡ് എന്ന വിഷം അടിഞ്ഞുകൂടിയിരുന്നു. എന്നാല്‍ ഇവരുടെ മരണകാരണം തന്നെയാണോ കുട്ടികളുടെ മരണത്തിനും കാരണം എന്നത് വ്യക്തമല്ല. ഇക്കാര്യമാണ് പൊലീസ് അന്വേഷിക്കുന്നത്.
ദുരൂഹസാഹചര്യത്തില്‍ മരിച്ച എട്ടുവയസുകാരി ഐശ്വര്യയുടെ മൃതദേഹം കഴിഞ്ഞ ദിവസം പുറത്തെടുത്ത് പരിശോധിച്ചിരുന്നു. പരിശോധനയ്ക്കായി ശേഖരിച്ച ആന്തരികാവയവങ്ങള്‍ ഇന്ന് കോഴിക്കോട്ടെ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്കയക്കും.
2018 ജനുവരി 31-നാണ് ഐശ്വര്യ മരണത്തിന് കീഴടങ്ങിയത്. ഐശ്വര്യയുടെ മുത്തച്ഛനും മുത്തശ്ശിയും ഉള്‍പ്പെടെ കുടുംബത്തിലെ മറ്റു മൂന്നുപേര്‍കൂടി സമാനസാഹചര്യത്തില്‍ നേരത്തേ മരിച്ചിരുന്നു. കുട്ടികളുടെ അമ്മ സൗമ്യ ഛര്‍ദ്ദിയെ തുടര്‍ന്ന് തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിലെ ദുരൂഹത സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് ഐശ്വര്യയുടെ മരണത്തിലെ ദുരൂഹതയും അന്വേഷിക്കണമെന്ന ആവശ്യമുയര്‍ന്നത്. ഐശ്വര്യയുടെ മൃതദേഹം പരിശോധന കൂടാതെയാണ് അന്ന് സംസ്‌കരിച്ചത്.