| Thursday, 22nd August 2019, 10:27 am

ബഷീറിന്റെ മരണം; ഡ്രൈവിങ് സീറ്റ് ബെല്‍റ്റിലെ വിരലടയാളം ശ്രീറാമിന്റേതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് ; സ്റ്റിയറിങ്ങില്‍ നിന്നുള്ള വിരലയടയാളം വ്യക്തമല്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്.

അപകടം വരുത്തിവെച്ച കാര്‍ ഓടിച്ചത് ശ്രീറാം വെങ്കിട്ട രാമന്‍ ആണെന്ന സൂചന നല്‍കുന്നതാണ് റിപ്പോര്‍ട്ട്. ഡ്രൈവിങ് സീറ്റ് ബെല്‍റ്റിലെ വിരലടയാളം ശ്രീറാമിന്റേതാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ സ്റ്റിയറിങ്ങില്‍ നിന്നുള്ള വിരലയടയാളം വ്യക്തമല്ല.

ലെതര്‍ കവറിലെ അടയാളവും വ്യക്തമല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം അപകടത്തിന് ശേഷം കാണാതായ ബഷീറിന്റെ ഫോണ്‍ കണ്ടെത്താനുള്ള ശ്രമം അന്വേഷണ സംഘം ഊര്‍ജിതമാക്കിയിട്ടുണ്ട്.

മൊബൈലിന്റെ ഐ.എം.ഇ.എ നമ്പര്‍ ഉപയോഗിച്ച് അന്നേദിവസം മൊബൈല്‍ സഞ്ചരിച്ചിരുന്ന റൂട്ട് ഇതിനോടകം തിട്ടപ്പെടുത്തിയിട്ടുണ്ട്. ഇതിനു പിന്നാലെ എല്ലാ മൊബൈല്‍ സേവനദാതാക്കള്‍ക്കും പ്രത്യേകം അപേക്ഷയും സമര്‍പ്പിച്ചിട്ടുണ്ട്.

അപകടം കഴിഞ്ഞ 18 ദിവസം കഴിയുമ്പോഴും സംഭവസ്ഥലത്തുനിന്നും നഷ്ടപ്പെട്ട ബഷീറിന്റെ മൊബൈലിനെക്കുറിച്ച് യാതൊരുവിധ തുമ്പും ലഭിക്കാത്തത് അന്വേഷണ സംഘത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ബഷീറിന്റെ കൊലപാതകത്തില്‍ ദുരൂഹത ആരോപിച്ച് റിട്ട എസ്.പി ജോര്‍ജ് ജോസഫ് രംഗത്തെത്തിയിരുന്നു. ബഷീറിന്റെ ഫോണ്‍ കണ്ടെടുക്കാന്‍ കഴിയാത്തതില്‍ ദുരൂഹതയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആരോപണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ബഷീറിന്റെ സ്മാര്‍ട്‌ഫോണ്‍ ഇന്ന് വരെ കണ്ടെടുക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. പക്ഷേ വീണ്ടും അന്വേഷിച്ചപ്പോള്‍ മനസിലായത്. അപകടം നടന്ന ശേഷം ഒരു പൊലീസുകാരന്‍ 1 :56 ന് ഈ നമ്പറിലേക്ക് വിളിച്ചുവെന്നും ഫോണ്‍ എടുത്ത് നോക്കിയ ശേഷം ഡിസ്‌കണക്ട് ചെയ്തുവെന്നാണ്. അതിന് ശേഷം ഇതുവരെ ആ ഫോണ്‍ സ്യുച്ഡ് ഓണ്‍ ആയിട്ടില്ല. വളരെ ദുരൂഹമായ ഒരു എവിഡന്‍സ് നശിപ്പിക്കുവാനുള്ള ഒരു ശ്രമമാണ് അതില്‍ കണ്ടത്. ഫോണ്‍ കണ്ടെടുത്താല്‍ ആ മൊബൈല്‍ ഫോണ്‍ സംസാരിക്കും. കഥ മാറും. ഇല്ലെങ്കില്‍ തന്നെ വഫ വെങ്കിട്ടരാമനെ കയറ്റിയെന്ന് പറയുന്ന കവടിയാര്‍ പാലസിന്റെ മുന്‍വശത്ത് തന്നെ കൊല്ലപ്പെട്ട കെ.എം ബഷീര്‍ ഉണ്ടെന്നാണ് ഇതിന്റെ ചരിത്രം’ എന്നാണ് ജോര്‍ജ് ജോസഫ് പറഞ്ഞത്.

ആഗസ്റ്റ് 3നാണ് ശ്രീറാം വെങ്കിട്ടരാമനും വഫയെന്ന യുവതിയും സഞ്ചരിച്ച കാറിടിച്ച് ബഷീര്‍ കൊല്ലപ്പെട്ടത്. അമിത വേഗതയില്‍ വന്ന കാര്‍ ബൈക്കിന് പിന്നിലിടിച്ചായിരുന്നു അപകടം. അപകട സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു.

We use cookies to give you the best possible experience. Learn more