തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ബിജുരമേശ് ഹാജരാക്കിയ ഫോണ്‍ സംഭാഷണത്തില്‍ കൃത്രിമം നടന്നെന്ന് ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട്. അഹമ്മദാബാദിലെ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനഫലം വിജിലന്‍സ്, കോടതിയില്‍ സമര്‍പ്പിച്ചു. സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ ബാര്‍ കോഴ കേസിന്റെ ഭാവി ഇതോടെ പ്രതിസന്ധിയിലായി.
ബാര്‍ ഉടമയായ ബിജു രമേശ് അന്നത്തെ ധനമന്ത്രിയായിരുന്ന കെ.എം മാണിക്കെതിരെ അന്വേഷണ സംഘത്തിന് നല്‍കിയത് എഡിറ്റ് ചെയ്ത ശബ്ദരേഖയാണെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. നാലാം തിയതി കോടതി കേസ് പരിഗണിക്കുമ്പോള്‍ ഇതു കൂടി പരിശോധിക്കും.
പ്രതീക്ഷിച്ച തെളിവുകളൊന്നും കിട്ടില്ലെന്നുറപ്പായതോടെയാണ് ശബ്ദപരിശോധനയെ ആശ്രയിക്കാന്‍ വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ നിര്‍ണായകമായ ശബ്ദപരിശോധനയിലും കാര്യമായ തുമ്പില്ലാതായതോടെ കേസന്വേഷണം പ്രതിസന്ധിയിലായി.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷവും ബാര്‍ കോഴകേസില്‍ തെളിവില്ലെന്നു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കേസില്‍ സമ്മര്‍ദ്ദമുണ്ടായെന്ന മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്.പി സുകേശന്റെ ഹര്‍ജിയിലാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.
അതേ സമയം കേസ് അട്ടിമറിക്കാന്‍ വിജിലന്‍സ് ശ്രമിക്കുകയാണെന്ന് ബിജു രമേശ് ആരോപിച്ചു.