സുല്‍ത്താന്‍ ബത്തേരി: വിവാദമായ ബത്തരേി തെരഞ്ഞടുപ്പ് കോഴക്കേസിലെ ഫോണ്‍ സംഭാഷണത്തിലെ ശബ്ദം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ തന്നെയെന്ന് സ്ഥിരീകരണം. ഫോറന്‍സിക് റിപ്പോര്‍ട്ടിലാണ് സ്ഥിരീകരണം.
ജെ.ആര്‍.പി നേതാവ് പ്രസീത അഴീക്കോടാണ് കോഴക്കേസിലെ ഫോണ്‍ സംഭാഷണം പുറത്തുവിട്ടത്. കേസുമായി ബന്ധപ്പെട്ട 14 ഇലക്ട്രോണിക് ഉപകരണങ്ങളുടെയും വിവരം പൊലീസിന് കിട്ടി. ഇനി ലഭിക്കാനുള്ളത് ഒരു ഫോണിലെ വിവരങ്ങള്‍ മാത്രമാണ്. ഉടന്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
നേരത്തെ, ശബ്ദ സാമ്പിള്‍ ശേഖരിച്ച് സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ പരിശോധന നടത്താന്‍ അനുമതി തേടി ക്രൈംബ്രാഞ്ച് സംഘം കോടതിയെ സമീപിച്ചിരുന്നു.
എന്നാല്‍, സംസ്ഥാനത്തെ ലാബുകളേക്കാള്‍ വിശ്വാസ്യത കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഫോറന്‍സിക് ലാബുകള്‍ക്കാണെന്നും സംസ്ഥാനത്തെ ലാബുകളില്‍ കൃത്രിമം നടത്താനുള്ള സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി കെ. സുരേന്ദ്രന്‍ കോടതിയിലെത്തിയിരുന്നു. എന്നാല്‍ സുരേന്ദ്രന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു.
നിലവില്‍ തെരഞ്ഞടുപ്പ് കോഴക്കേസിലെ ഒന്നാം പ്രതി കെ. സുരേന്ദ്രനും രണ്ടാം പ്രതി ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി (ജെ.ആര്‍.പി) സംസ്ഥാന അധ്യക്ഷ സി.കെ. ജാനുവുമാണ്. സുരേന്ദ്രന്‍ സി.കെ ജാനുവിന് പണം നല്‍കിയതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയാകാന്‍ സുരേന്ദ്രന്‍ ജെ.ആര്‍.പി സംസ്ഥാന അധ്യക്ഷ സി.കെ ജാനുവിന് 35 ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് കേസ്.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോഴ നല്‍കിയെന്ന വകുപ്പാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. 2021 മാര്‍ച്ചില്‍ തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച് 10 ലക്ഷം രൂപയും ബത്തേരിയിലെ ഹോംസ്‌റ്റേയില്‍ വെച്ച് 25 ലക്ഷം രൂപയും സി.കെ. ജാനുവിന് കൈമാറിയെന്നാണ് കേസ്.