| Friday, 28th February 2020, 6:15 pm

Film Review : ഫോര്‍മുലകള്‍ പൂര്‍ണമായി ഫലിക്കാത്ത ഫോറന്‍സിക്

അശ്വിന്‍ രാജ്

‘കര്‍ണന്‍, നെപ്പോളിയന്‍, ഭഗത് സിംഗ് ഇവര്‍ മൂന്നുപേരുമാണെന്റെ ഹീറോസ്’ … വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും ഇടയ്ക്ക് ഇടയ്ക്ക് പറയുന്ന ഡയലോഗുകളില്‍ ഒന്നാണിത്. 7 th ഡെ എന്ന പൃഥ്വിരാജ് സിനിമയില്‍ നിന്നുള്ളതാണിത്. വര്‍ഷങ്ങള്‍ക്ക് ശേഷം അതേ സിനിമയുടെ എഴുത്തുകാരനില്‍ നിന്ന് ഒരു ത്രില്ലര്‍ സിനിമ, ഫോറന്‍സിക് കാത്തിരിക്കാനും ആദ്യ ദിനത്തില്‍ തന്നെ കാണുന്നതിനുമുള്ള കാരണം അതായിരുന്നു.

ടൊവിനോ തോമസ്, മംമത മോഹന്‍ദാസ്, സൈജു കുറുപ്പ്, രണ്‍ജി പണിക്കര്‍, റെബേക്ക തുടങ്ങിയവരാണ് ഫോറന്‍സികിലെ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. 7 th ഡെയുടെ എഴുത്തുകാരനായ അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവരാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണങ്ങളും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. നവീസ് സേവ്യറും സിജു മാത്യുവുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന കേരള പൊലീസിലെ ഫോറന്‍സിക് വിഭാഗത്തിലെ മെഡിക്കോ ലീഗല്‍ അഡൈ്വസറെയാണ് ടൊവീനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സിറ്റി പൊലീസ് കമ്മീഷ്ണര്‍ ഋതിക സേവ്യര്‍ ഐ.പി.എസ് ആയിട്ടാണ് മംമ്ത മോഹന്‍ദാസ് എത്തുന്നത്.

ഒരു ഫ്‌ളാഷ് ബാക്കിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. പിന്നീട് തിരുവനന്തപുരം ജില്ലയില്‍ നിന്ന് അഞ്ചുവയസുകാരിയായ പെണ്‍കുട്ടിയെ കാണാതാവുന്നതും സിറ്റി പൊലീസ് കമ്മീഷ്ണര്‍ ഋതിക സേവ്യര്‍ ഐ.പി.എസ് കേസ് ഏറ്റെടുക്കുന്നിടത്തുമാണ് ചിത്രം ആരംഭിക്കുന്നത്. ഋതികയുടെ ടീമില്‍ സാമുവല്‍ ജോണ്‍ ഫോറന്‍സിക് സഹായത്തിനായി എത്തുന്നു.

സാമുവല്‍ കാട്ടുകാരന്‍ എന്ന ഫോറന്‍സിക് വിദഗ്ധനെ ആശ്രയിച്ചാണ് ചിത്രം മുന്നോട്ട് പോകുന്നത്. റേബ മോണിക്കയുടെ ഫേറന്‍സിക് ഇന്റേണി കഥാപാത്രത്തിന് കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു.

ഒരു ക്രൈം തില്ലര്‍ സിനിമ ആയതുകൊണ്ട് തന്നെ കഥയിലേക്കോ മറ്റൊ കടക്കാന്‍ ശ്രമിക്കുന്നില്ല. മലയാളത്തിന്റെ പതിവ് സൈക്കോ കില്ലര്‍മാരില്‍ നിന്ന് വ്യത്യസ്തമാണ് ഫോറന്‍സികിലെ കില്ലര്‍ എന്നത് കൈയ്യടി അര്‍ഹിക്കുന്നുണ്ട്. എന്നാല്‍ പതിവ് ക്രൈം തില്ലറുകളില്‍ നിന്ന് വ്യത്യസ്തമാക്കാനുള്ള പരിശ്രമങ്ങള്‍ക്കിടയിലും ഇടയ്ക്ക് ഇടയ്ക്ക് പാളിപോകുന്ന ഒന്നാണ് ഫോറന്‍സിക്.

തിരക്കഥ ആവശ്യപ്പെടുന്ന തരത്തിലുള്ള ഒരു മേക്കിംഗ് ഇല്ലാത്തതാണ് ചിത്രത്തിന്റെ പാളിച്ചയായി തോന്നിയത്. ഇന്റര്‍വെല്‍ പഞ്ചിനായി ഒരു സസ്‌പെന്‍സ് സംവിധായകര്‍ പൊളിക്കുന്നുണ്ട്. എന്നാല്‍ രണ്ടാം പകുതി ഈ പഞ്ചിനെ ന്യായീകരിക്കാനുള്ള ശ്രമങ്ങള്‍ മാത്രമായിരുന്നു.

ജേക്‌സ്ബിജോയിയുടെ ബി.ജി.എം മികച്ചതായിരുന്നെങ്കിലും അനാവശ്യമായി സീനുകളില്‍ ചിലയിടത്തെങ്കിലും കുത്തി നിറച്ചതായി തോന്നി. തിരക്കഥയില്‍ എഴുതി വെച്ചിരിക്കുന്നതില്‍ നിന്ന് ആവശ്യമുള്ളത് മാത്രം എടുക്കുമ്പോഴാണ് ഡയറക്ടര്‍ വിജയിക്കുന്നത്. എന്നാല്‍ മികച്ച ഒരു ഡയറക്ഷന്റെ പോരായ്മ ഇടയ്ക്ക എങ്കിലും ഫോറന്‍സികില്‍ അനുഭവപ്പെടുന്നുണ്ട്.

ത്രില്ലര്‍ സിനിമകളില്‍ അനാവശ്യമായി ഉണ്ടാവുന്ന ചെറിയ ഷോട്ടുകള്‍ പോലും വലിയ രീതിയില്‍ സിനിമയുടെ മൂഡിനെ ബാധിക്കാനുള്ള സാധ്യതകള്‍ ഉണ്ടാവാറുണ്ട്.

അഖില്‍ ജോര്‍ജിന്റെ ഛായാഗ്രഹണം മികച്ചതായിരുന്നു. ഷമീര്‍ മുഹമ്മദാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. 2 മണിക്കൂറും 14 മിനിറ്റും മാത്രമാണ് ചിത്രമുള്ളത് എങ്കിലും ചിലയിടത്തെങ്കിലും ചില ഷോട്ടുകള്‍ വേണ്ടിയിരുന്നില്ലെന്ന് തോന്നി.


ഫോറന്‍സിക് പശ്ചാത്തലത്തില്‍ കുറ്റവാളിയിലേക്ക് എത്താനുള്ള ലീഡുകള്‍ മികച്ച രീതിയില്‍ തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ചിലയിടത്തെങ്കിലും കഥയില്‍ ചില സംശയങ്ങള്‍ പ്രേക്ഷകന് ഉണ്ടാവുന്നുണ്ട്. എന്നാല്‍ ടൊവിനോയുടെ മുന്‍ ചിത്രങ്ങളെ അപേക്ഷിച്ച് ഫോറന്‍സിക് മികച്ചു നില്‍ക്കുന്നുണ്ട്.

ചിത്രത്തിന്റെ ആര്‍ട് വിഭാഗം കൈയ്യടി അര്‍ഹിക്കുന്നുണ്ട്. ലാബ് പശ്ചാത്തലവും മറ്റും മികച്ച രീതിയില്‍ തന്നെ അവതരിപ്പിക്കാന്‍ ആര്‍ട്ട് വിഭാഗത്തിന് കഴിഞ്ഞിട്ടുണ്ട്.

ചുരുക്കി പറഞ്ഞാല്‍ തിയേറ്ററുകളില്‍ നിന്ന് ഒരു തവണ ആസ്വദിക്കാവുന്ന ചിത്രങ്ങളില്‍ ഒന്നാണ് ഫോറന്‍സിക്.

DoolNews Video

അശ്വിന്‍ രാജ്

ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more