മലയാള ചിത്രം ഫോറന്‍സികിന്റെ ഹിന്ദി പതിപ്പ് ഇറങ്ങുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഫോറന്‍സിക് എന്നു തന്നെയാണ് ഹിന്ദി പതിപ്പിന്റെയും പേര്.
പോസ്റ്ററിന് പിന്നാലെ ചിത്രത്തിന്റെ കാസ്റ്റിംഗ് ആണ് എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്.
ടൊവിനോ തോമസ് അവതരിപ്പിച്ച സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന കഥാപാത്രമായി ഹിന്ദിയിലെത്തുന്നത് വിക്രാന്ത് മസേയാണ്. മംമ്ത മോഹന്‍ദാസ് ചെയ്ത റിഥിക സേവ്യര്‍ ഐ.പി.എസായി എത്തുന്നത് രാധിക ആപ്തേയാണ്.
ഹിന്ദി ചിത്രത്തിലെ വിക്രാന്ത് മസേയുടെയും രാധിക ആപ്തേയുടെയും കഥാപാത്രങ്ങളുടെ പേര് പുറത്തുവിട്ടില്ല.
സോഹം റോക്ക്സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ പ്രൈവറ്റ് ലിമിറ്റഡും മിനി ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിശാല്‍ ഫ്യൂരിയ.
നിരൂപക ശ്രദ്ധ നേടിയ വെബ് സീരിസായ ക്രിമിനല്‍ ജസ്റ്റിസിന് ശേഷം ഫ്യൂരിയയും വിക്രാന്ത് മസേയും ഒന്നിക്കുന്ന പ്രോജക്ട് കൂടിയായിരിക്കും ഫോറന്‍സിക്.
പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന എന്റര്ടെയ്നറായിരിക്കും ഫോറന്‍സിക് എന്നാണ് വിശാല്‍ ഫ്യൂരിയ പറയുന്നത്. വിക്രാന്തിനെയും രാധികയെയും പോലുള്ള മികച്ച അഭിനേതാക്കള്‍ കൂടി എത്തുന്നതോടെ ചിത്രത്തിന്റെ നിലവാരമുയരുമെന്നും വിശാല്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് മലയാളത്തില്‍ ഫോറന്‍സിക് റിലീസ് ചെയ്തത്. കുറ്റാന്വേഷണ വിഭാഗത്തില്‍ പെടുന്ന ത്രില്ലറായിരുന്നു ചിത്രം.
അഖില്‍ പോള്‍ – അനസ് ഖാന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത്.