കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്തിന്റെ മരണം കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്നു തന്നെയാണെന്ന് ഫോറന്‍സിക് നിഗമനം. 18 മുറിവുകളായിരുന്നു ശ്രീജിത്തിന്റെ ശരീരത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത്.
ജനനേന്ദ്രീയ ഭാഗങ്ങളില്‍ കണ്ടെത്തിയ മുറിവുകള്‍ പൊലീസ് മര്‍ദനത്തെ തുടര്‍ന്നാണെന്നാണ് ഫോറന്‍സിക് വിദഗ്ദ്ധരുടെ നിഗമനം. വൃഷണങ്ങളുടെ ഉള്ളില്‍ രക്തം കട്ടപിടിച്ചത് എങ്ങനെയെന്നു പരിശോധന നടത്തിയിട്ടുണ്ട്. പൊലീസ് മര്‍ദനക്കേസുകളുടെ സ്ഥിരം സ്വഭാവമുള്ള ക്ഷതങ്ങളാണിവ. തൊലിപ്പുറത്ത് ചതവില്ലാതെ ചെറുകുടലിനേറ്റ മാരകമായ പരിക്കാണ് കസ്റ്റഡി മര്‍നത്തിന്റെ മറ്റൊരു തെളിവായി ചൂണ്ടിക്കാണിക്കുന്നത്.
വയറിനു മുകളില്‍ കനത്തില്‍ മടക്കിയ കിടക്കവിരിയോ പ്ലാസ്റ്റിക്ക് ഷീറ്റോ കയറ്റിവെച്ച ശേഷം പൊലീസ് ബൂട്ടിന്റെ ഉപ്പൂറ്റികൊണ്ടു ശക്തിയായി ആവര്‍ത്തിച്ചു തൊഴിക്കുമ്പോഴാണ് ഇത്തരം മുറിവുണ്ടാകുന്നത്. ചെറുകുടല്‍ മുറിഞ്ഞു വേര്‍പെട്ട് പോകാറായ സ്ഥിതിയിലായിരുന്നു. ശ്രീജിത്തിന്റെ ദേഹത്തുകാണപ്പെട്ട മാരക മുറിവുകളാണ് മരണ കാരണമെന്ന് വിദഗ്ദ്ധരുടെ നിരീക്ഷണം.
കുടല്‍ തകര്‍ന്ന് പുറത്തുവന്ന ഭക്ഷ്യവസ്തുക്കള്‍ രക്തത്തില്‍ കലര്‍ന്ന് അണുബാധയുണ്ടായി. ഇതു എല്ലാ ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനങ്ങളേയും ബാധിച്ചു. അതേസമയം, ശ്രീജിത്തിനു മര്‍ദനമേറ്റത് പൊലീസ് വാഹനത്തില്‍ നിന്നാണോ എന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. എന്നാല്‍ ശ്രീജിത്തിന്റെ തലമുടി, ശരീരസ്രവങ്ങള്‍, രക്തം എന്നിവയുടെ സാമ്പിളുകള്‍ പൊലീസ് വാഹനങ്ങളില്‍ വീണിട്ടുണ്ടോയെന്ന് പരിശോധിച്ച ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.