|

യു.എസില്‍ 30 ദിവസത്തില്‍ കൂടുതല്‍ താമസിക്കുന്ന വിദേശികള്‍ ഇനി രജിസ്റ്റര്‍ ചെയ്യണം; നിര്‍ദേശവുമായി ട്രംപ് ഭരണകൂടം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: യു.എസില്‍ 30 ദിവസത്തിലധികം ദിവസം താമസിക്കുന്ന വിദേശികള്‍ക്ക് പുതിയ നിയമവുമായി ട്രംപ് ഭരണകൂടത്തിന്റെ കീഴിലുള്ള ഹോം ലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ്. യു.എസിലെ താമസം സംബന്ധിച്ച് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് തടവും പിഴയും നല്‍കുമെന്ന്‌ ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗം അറിയിച്ചു.

അനധികൃതമായി യുഎസില്‍ താമസിക്കുന്നവരെ കണ്ടെത്തുവാനും ഇവരെ നാടുകടത്തുവാനും വേണ്ടിയാണ് പുതിയ നിയമം. അനധികൃതമായി താമസിക്കുന്നവരെ കണ്ടെത്തി അവരെ അറസ്റ്റ് ചെയ്ത് പിന്നീട് ഒരിക്കലും യു.എസിലേക്ക് പ്രവേശിപ്പിക്കില്ല എന്നും വൈറ്റ് ഹൌസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് വ്യക്തമാക്കി.

’30 ദിവസത്തില്‍ കൂടുതല്‍ അമേരിക്കയില്‍ താമസിക്കുന്ന എല്ലാ വിദേശ പൗരന്മാരും ഫെഡറല്‍ ഗവണ്‍മെന്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഇത് പാലിക്കുന്നതില്‍ പരാജയപ്പെടുന്നത് പിഴയോ തടവോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. അല്ലെങ്കില്‍, നിങ്ങളെ അറസ്റ്റ് ചെയ്യുകയോ, പിഴ ചുമത്തുകയോ, നാടുകടത്തുകയോ ചെയ്യും. പിന്നീട് ഒരിക്കലും നമ്മുടെ രാജ്യത്തേക്ക് നിങ്ങളെ മടങ്ങിവരാന്‍ അനുവദിക്കില്ല,’ കരോലിന്‍ ലീവിറ്റ് പറഞ്ഞു.

എച്ച്-1 ബി വിസയിലോ സ്റ്റുഡന്റ് വിസയിലോ അമേരിക്കയില്‍ താമസിക്കുന്ന വിദേശികളെ പുതിയ നിര്‍ദേശം ബാധിക്കുകയില്ല. എന്നാല്‍ എച്ച്-1 ബി വിസയിലെത്തി ജോലി നഷ്ടപ്പെട്ടിട്ടും നിര്‍ദിഷ്ട കാലയളവിനുള്ളില്‍ രാജ്യം വിടാത്തവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നടപടി നേരിടേണ്ടി വരും. അതുകൊണ്ട് എച്ച്-1 ബി വിസയുള്ളവരും വിദ്യാര്‍ഥികളും ആവശ്യമായ രേഖകളുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

രജിസ്റ്റര്‍ ചെയ്യുന്ന അനധികൃത താമസക്കാരായ വിദേശികള്‍ക്ക് സ്വയം നാടുവിടാനുള്ള അവസരവും സ്വന്തം ഇഷ്ടത്തിന് വിമാനം ഉള്‍പ്പെടെ തിരഞ്ഞെടുക്കാനുള്ള സൗകര്യവും ലഭ്യമാകും. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടാത്ത അനധികൃത താമസക്കാര്‍ക്ക് യു എസില്‍നിന്ന് സമ്പാദിച്ച പണം ഉള്‍പ്പെടെയുള്ളവ കൈവശം വെക്കാനും സാധിക്കും.

30 ദിവസത്തില്‍ കൂടുതല്‍ രാജ്യത്ത് താമസിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മാതാപിതാക്കളും തങ്ങളുടെ കുട്ടികളെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗം അറിയിച്ചിട്ടുണ്ട്.

സ്വയം നാടുവിടുന്നവര്‍ക്ക് ഭാവിയില്‍ നിയമപരമായ കുടിയേറ്റത്തിനും അവസരം ഉണ്ടാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. രജിസ്റ്റര്‍ ചെയ്യാതെ അനധികൃതമായി താമസിക്കുന്നവര്‍ പിടിക്കപ്പെടുകയാണെങ്കില്‍ ഇവരെ ഉടന്‍തന്നെ നാടുകടത്തും. ജയില്‍ശിക്ഷ നേരിടേണ്ടിവരികയും ചെയ്യും. പിന്നീടൊരിക്കലും യു.എസില്‍ പ്രവേശിക്കാനുള്ള അനുമതി ലഭിക്കുകയുമില്ല എന്നുമാണ് വൈറ്റ് ഹൗസിന്റെ നിര്‍ദേശത്തില്‍ പറയുന്നത്.

Content Highlight: Foreigners staying in the US for more than 30 days must now register; Trump administration proposes

Video Stories