ബെംഗളൂരു: കര്‍ണാടകയിലെ ഹംപിയില്‍ വിദേശവനിതയെയും ഹോം സ്റ്റേ ഉടമയായ യുവതിയെയും ബലാത്സംഗത്തിന് ഇരയാക്കി. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ മര്‍ദിച്ച ശേഷം സമീപത്തുണ്ടായിരുന്ന തടാകത്തിലേക്ക് അക്രമികള്‍ തള്ളിയിട്ടു.
തടാകത്തില്‍ വീണ ഒഡീഷ സ്വദേശിയായ യുവാവ് മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍പ്പെട്ട യു.എസ് പൗരനുള്‍പ്പെടെ രണ്ട് പേരെ പരിക്കുകളോടെ കണ്ടെത്തിയിട്ടുണ്ട്.
ഇന്നലെ (വെള്ളി) രാത്രിയാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ ഒരു സംഘമാണ് യുവതികളെ ആക്രമിച്ചത്. പ്രതികളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ ലഭ്യമല്ല. നിലവില്‍ സി.സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സനാപൂര്‍ തടാകത്തിന്റെ സമീപത്ത് തുംഗഭദ്ര കനാലിന്റെ ഒരു കൈവഴിക്കരികില്‍ ഇരിക്കുമ്പോഴാണ് യുവതികള്‍ ആക്രമിക്കപ്പെട്ടത്. മൂന്ന് ബൈക്കിലാണ് പ്രതികള്‍ സ്ഥലത്തെത്തിയതെന്ന് മൊഴി ലഭിച്ചിട്ടുണ്ട്. ടൂറിസ്റ്റ് പാക്കേജുകളുടെ ഭാഗമായി ഹംപിയില്‍ എത്തിയ വിദേശികളാണ് ആക്രമിക്കപ്പെട്ടത്.
ഇസ്രഈല്‍ സ്വദേശിയായ യുവതിയാണ് ബലാത്സംഗത്തിന് ഇരയായത്. ഒഡീഷ, മഹാരാഷ്ട്ര എന്നിടങ്ങളില്‍ നിന്നുള്ള രണ്ട് യുവാക്കളെയും ഒരു യു.എസ് പൗരനേയുമാണ് അക്രമികള്‍ തടാകത്തിലേക്ക് തള്ളിയിട്ടത്.
പെട്രോള്‍ ഉണ്ടോയെന്നും 100 രൂപ തരുമോയെന്നും ചോദിച്ചാണ് അക്രമികള്‍ ടൂറിസ്റ്റുകളെ സമീപിച്ചത്. ടൂറിസ്റ്റുകള്‍ ഇല്ല എന്ന് മറുപടി നല്‍കിയതോടെ വാക്കേറ്റം ഉണ്ടാകുകയും യുവാക്കളെ അക്രമികള്‍ തടാകത്തിലേക്ക് തള്ളിയിടുകയുമായിരുന്നു. തുടര്‍ന്ന് യുവതികളെ ആക്രമിക്കുകയും ചെയ്തു.
സാരമായ പരിക്കുകളുണ്ടെന്നും എന്നാല്‍ യുവതികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
Content Highlight: Foreign woman and homestay owner raped in Hampi, Karnataka