ഹോസ്റ്റലിൽ നമസ്കാരം നടത്തിയതിന് ഗുജറാത്ത് സർവകലാശാലയിലെ വിദേശ വിദ്യാർത്ഥികൾക്ക് നേരെ ആൾക്കൂട്ട ആക്രമണം
India
ഹോസ്റ്റലിൽ നമസ്കാരം നടത്തിയതിന് ഗുജറാത്ത് സർവകലാശാലയിലെ വിദേശ വിദ്യാർത്ഥികൾക്ക് നേരെ ആൾക്കൂട്ട ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th March 2024, 12:22 pm

ഗാന്ധിന​ഗർ: ഗുജറാത്ത് സർവകലാശാലയിലെ വിദേശ വിദ്യാർത്ഥികൾക്ക് നേരെ ആൾക്കൂട്ട ആക്രമണം നടന്നതായി റിപ്പോർട്ട്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് ആക്രമണം നടന്നത്. ഹോസ്റ്റലിൽ നമസ്കാരം നടത്തുന്നതിനെ ചൊല്ലിയാണ് മർദനമുണ്ടായതെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.

ക്രിക്കറ്റ് ബാറ്റും കല്ലും ഉപയോ​ഗിച്ച് വിദ്യാർത്ഥികളെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. റമദാൻ നമസ്കാരം നടക്കുന്നകിനിടെ ജയ് ശ്രീറാം വിളിച്ച് ആൾക്കൂട്ടം ഹോസ്റ്റലിലേക്ക് കടന്ന് വന്നെന്ന് വിദ്യാർത്ഥികൾ പറ‍ഞ്ഞു. ഇവർ കല്ലും ബാറ്റും ഉൾപ്പടെയുള്ള ആയുധങ്ങൾ ഉപയോ​ഗിച്ച് വിദ്യാർത്ഥികളെ മർദിക്കുകയായിരുന്നു. ഉസ്ബക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ് ആക്രമണത്തിന് ഇരയായത്.

“നമസ്‌കരിക്കുന്നതിനിടയിൽ ചിലർ ഹോസ്റ്റൽ കെട്ടിടത്തിലേക്ക് പ്രവേശിച്ചു. ജയ് ശ്രീറാം വിളിച്ച് കൊണ്ട് നിങ്ങളെ ഇവിടെ നമസ്കാരം നടത്താൻ അനുവദിക്കില്ലെന്ന് അവർ ഉറക്കെ വിളിച്ച് പറഞ്ഞു. അവർ ആക്രമണം തുടങ്ങിയപ്പോൾ ഹോസ്റ്റലിനകത്തെ മറ്റ് വിദ്യാർത്ഥികൾ തടയാൻ ശ്രമിച്ചെങ്കിലും അവരെയും മർദിക്കുകയായിരുന്നു”, പരിക്കേറ്റ വിദ്യാർത്ഥി പറഞ്ഞു.

ഹോസ്റ്റൽ മുറിയിലേക്ക് പ്രവേശിച്ച അക്രമികൾ ലാപ്‌ടോപ്പുകൾ, മൊബൈൽ ഫോണുകൾ ഉൾപ്പടെയുള്ളവ അടിച്ച് നശിപ്പിച്ചെന്നും വിദ്യാർത്ഥികൾ കൂട്ടിച്ചേർത്തു.

സംഭവത്തിൽ അഞ്ച് വിദ്യാർത്ഥികൾക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. കൂടാതെ നിരവധി വിദ്യാർത്ഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യാതൊരു പ്രകോപനവും ഇല്ലാതെയാണ് ആക്രമണം നടന്നതെന്ന് ഹോസ്റ്റലിലെ വിദ്യാർത്ഥികൾ പറഞ്ഞു. പൊലീസ് എത്തിയതിന് ശേഷവും ആൾക്കൂട്ടം ഹോസ്റ്റൽ പരിസരത്ത് തന്നെ തമ്പടിച്ചെന്നും ശേഷം ഒരുപാട് സമയം കഴിഞ്ഞാണ് അവർ സ്ഥലത്ത് നിന്ന് പോയതെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.

ആക്രമണം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും ആരേയും അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ല. ആക്രമണത്തിന് ഇരയായത് വിദേശ വിദ്യാർത്ഥികൾ ആയതിനാൽ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്ന് ഇതിനോടകം ആവശ്യം ഉയർന്നിട്ടുണ്ട്.

Content Highlight: foreign students attacked at Gujarat University