ലക്നൗ: കാണ്‍പൂര്‍ ഐ.ഐ.ടിയിലെ പ്രൊഫസര്‍ക്കെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി വിദേശ വിദ്യാര്‍ത്ഥി. സ്വന്തം രാജ്യത്തിന്റെ എംബസിയിലാണ് പരാതി നല്‍കിയത്.
എംബസിയില്‍ നിന്നും അയച്ച കത്തിന്‍മേല്‍ കാണ്‍പൂര്‍ ഐ.ഐ.ടിയുടെ ഭരണസമിതി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മറ്റുരാജ്യങ്ങളുമായി ബന്ധപ്പെടുന്ന സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമായിരുന്നു പെണ്‍കുട്ടി ഐ.ഐ.ടിയില്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ആറുമാസം മുതല്‍ രണ്ടു വര്‍ഷം വരെ നീണ്ടു നില്‍ക്കുന്നതാണ് കോഴ്സ്.
ലഭിക്കുന്ന വിവരങ്ങളനുസരിച്ച് പെണ്‍കുട്ടിക്ക് എന്‍ജിനീയറിങ്ങ് വകുപ്പിലെ സീനിയര്‍ പ്രൊഫസറുടെ കീഴില്‍ ആയിരുന്നു പഠനം. ആരോപിതനായ പ്രൊഫസറില്‍ നിന്നും കുറച്ചു ദിവസമായി പെണ്‍കുട്ടിക്ക് ബുദ്ധിമുട്ട് നേരിടേണ്ടിയും വന്നിരുന്നു.
പെണ്‍കുട്ടി ഞായറായഴ്ച വനിതാ സെല്ലില്‍ പരാതി നല്‍കിയിരുന്നെങ്കിലും സെല്‍ അധികൃതര്‍ പരിഹരിക്കാനാണ് ശ്രമിച്ചത്. ശേഷം വിദ്യാര്‍ഥി എംബസിയില്‍ പരാതിപ്പെടുകയായിരുന്നു. എംബസിയില്‍ നിന്നും പരാതി നേരെ കാണ്‍പൂര്‍ ഐ.ഐ.ടിയിലേക്ക് അയക്കുകയായരുന്നു.
ഇത്തരം സംഭവങ്ങള്‍ സ്ഥാപനത്തിന്റെ പ്രതിച്ഛായ തകര്‍ക്കുമെന്ന് സ്ഥാപനത്തിലെ മുതിര്‍ന്ന അധ്യാപകരും വ്യക്തമാക്കി. ആരോപണവിധേയനായ വ്യക്തിക്കുമേല്‍ നടപടിയെടുക്കണമെന്നും അവര്‍ പറഞ്ഞു.
പെണ്‍കുട്ടിയുടെ പരാതി അന്വേഷിച്ച് ശേഷം സുപ്രീം കോടതി പറയുന്ന മാര്‍ഗ നിര്‍ദേശങ്ങളനുസരിച്ച് ആവശ്യമായ നടപടി എടുക്കുമെന്ന് ഐ.ഐ.ടിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
‘ കഴിഞ്ഞയാഴ്ച സ്ഥാപനത്തിലെ അധ്യാപകന്‍ അപമര്യാദയായി പെരുമാറി എന്ന പേരില്‍ ഒരു വിദ്യാര്‍ഥിയുടെ പരാതി ലഭിച്ചിരുന്നു. സ്ഥാപനത്തിന്റെ ഇന്റേര്‍ണല്‍ കംപ്ലയിന്റ്് കമ്മിറ്റി ‘പ്രിവെന്‍ഷന്‍ ഓഫ് സെക്ഷ്വല്‍ ഹരാസ്മെന്റ് ഓഫ് വിമന്‍ അറ്റ് വര്‍ക്ക്പ്ലേസ് ആക്ട്’ പ്രകാരം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടി പരാതി നല്‍കിയ ഉടനെതന്നെ ഐസിസിയുടെ നിര്‍ദേശ പ്രകാരം പ്രൊഫസറെ പഠന ചുമതലകളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.’ കാണ്‍പൂര്‍ ഐ.ഐ.ടിയുടെ ഡെപ്യൂട്ടി ഡയറക്ടറായ പ്രൊഫസര്‍ മണീന്ദ്ര അഗര്‍വാളിന്റെ മൊഴിയില്‍ പറയുന്നു.