| Tuesday, 26th February 2019, 11:46 am

തകര്‍ത്തത് ജെയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ ക്യാമ്പ്, കൊല്ലപ്പെട്ടത് നിരവധി ഭീകരര്‍ : ബാലാകോട്ടിലെ ആക്രമണം സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാക് അധീന കശ്മീരില്‍ ജെയ്‌ഷെ ഭീകരരുടെ താവളം ഇന്ത്യന്‍ വ്യോമസേന തകര്‍ത്തെന്ന റിപ്പോര്‍ട്ട് സ്ഥിരീകരിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. ആക്രമണത്തില്‍ ജെയ്‌ഷെ കമാന്‍ഡര്‍മാരും പരിശീലനം ലഭിച്ച നിരവധി ഭീകരരും കൊല്ലപ്പെട്ടെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ജനവാസമില്ലാത്ത ഇടത്താണ് ക്യാമ്പുകള്‍ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ സാധാരണ ജനങ്ങളെ ആക്രമണം ഒരുതരത്തിലും ബാധിച്ചിട്ടില്ല. ബാലാകോട്ടില്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ആദ്യമായാണ് സര്‍ക്കാര്‍ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിക്കുന്നത്.

ഭീകരക്യാമ്പുകളെക്കുറിച്ച് പാക്കിസ്ഥാന് വിവരം നല്‍കിയിരുന്നുവെന്ന് വിദേശകാര്യ സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍ ഇതിനെതിരെ പാക്കിസ്ഥാന്‍ യാതൊരു വിധ നടപടിയും സ്വീകരിച്ചില്ലെന്നും ഈ സാഹചര്യത്തിലാണ് ഇന്ത്യ ആക്രമണം നടത്തിയതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more