തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ നിന്ന് ദുരിതാശ്വാസ സഹായം സ്വീകരിക്കാന്‍ ഇന്ത്യയില്‍ വ്യവസ്ഥയില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം തെറ്റ്. കേന്ദ്രത്തിന്റെ വാദം പച്ചക്കള്ളമാണെന്ന് രേഖകള്‍ തന്നെ വ്യക്തമാക്കുന്നു.
സഹായം നല്‍കാന്‍ ഏതെങ്കിലും വിദേശ രാജ്യം സന്നദ്ധമാകുകയാണെങ്കില്‍ സര്‍ക്കാരിന് സഹായം സ്വീകരിക്കാമെന്ന് 2016ലെ ദേശീയ ദുരന്തനിവാരണ നയത്തില്‍ വ്യക്തമാക്കുന്നു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ രാജ്യങ്ങളുടെ സഹായം അഭ്യര്‍ഥിക്കേണ്ട എന്നത് സര്‍ക്കാരിന്റെ നിലപാട് മാത്രമാണ്. 2004 വരെ ഇന്ത്യ വിദേശത്ത് നിന്ന് ദുരിതാശ്വാസ സഹായം സ്വീകരിച്ചിരുന്നു. സംസ്ഥാനങ്ങള്‍ നേരിട്ടല്ല കേന്ദ്രസര്‍ക്കാര്‍ വഴിയാണ് ഇത്തരം സഹായങ്ങള്‍ സ്വീകരിക്കുക.
നിയമത്തിന്റെ പേര് പറഞ്ഞ സഹായം നിഷേധിച്ച കേന്ദ്രത്തിന്റെ നടപടി ഒരുതരത്തിലും അംഗീരിക്കാനാവില്ലെന്ന് വിദേശകാര്യവിദഗ്ധന്‍ എം.കെ ഭദ്രകുമാറും പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് നല്‍കിയത് നാമമാത്രമായ സഹായം മാത്രമാണെന്നും കേന്ദ്രത്തിന്റെ നടപടി അങ്ങേയറ്റം തെറ്റാണെന്നും ഇദ്ദേഹം പറഞ്ഞു.
പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് യു.എ.ഇ, ഖത്തര്‍, മാലിദ്വീപ് എന്നീ രാജ്യങ്ങള്‍ നല്‍കിയ സഹായവും കേന്ദ്രം തടഞ്ഞിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ സഹായം സ്വീകരിക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞത്. വിദേശകാര്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച തീരുമാനം കേരളത്തെ അറിയിച്ചത്.
കേരളത്തിന് 700 കോടി രൂപ നല്‍കാമെന്ന് യു.എ.ഇ പ്രസിഡന്റ് പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. ഇക്കാര്യം മുഖ്യമന്ത്രി കഴിഞ്ഞദിവസം നടന്ന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ ഈ സഹായം സ്വീകരിക്കേണ്ടതില്ലെന്ന് കേന്ദ്രം നിലപാടെടുത്തിരുന്നു.
യു.പി.എ കാലത്തുണ്ടായ നയം തടസമായി ഉയര്‍ത്തിക്കാട്ടിയായിരുന്നു കേന്ദ്രം നടപടിയെ ന്യായീകരിച്ചത്. വിദേശ സഹായം സ്വീകരിക്കുന്നത് സംബന്ധിച്ച് യു.പി.എ സര്‍ക്കാരിന്റെ നയം മാറ്റേണ്ടതില്ലെന്ന് കേന്ദ്രം നിലപാടെടുക്കുകയായിരുന്നു. വായ്പയായി മാത്രമേ പണം സ്വീകരിക്കാന്‍ കഴിയുകയുള്ളൂ. കേരളത്തിനാണെങ്കില്‍ യു.എ.ഇയില്‍ നിന്ന് നേരിട്ട് വായപയെടുക്കാനും സാധിക്കില്ല.
നേരത്തെ യു.എന്‍ ഉള്‍പ്പെടെ കേരളത്തിന് വാഗ്ദാനം ചെയ്ത സഹായവും കേന്ദ്രംതടഞ്ഞിരുന്നു. മാത്രമല്ല
പ്രളയദുരിതം നേരിടുന്ന കേരളത്തിന് അനുവദിച്ച അരിയ്ക്ക് പണമീടാക്കാനുള്ള കേന്ദ്രനീക്കം കഴിഞ്ഞദിവസം വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ക്കു വഴിവെച്ചിരുന്നു.
വര്‍ഗീയ രാഷ്ട്രീയത്തെ എന്നും അകറ്റി നിര്‍ത്തിയിട്ടുള്ള കേരളത്തോടുള്ള കേന്ദ്രത്തിന്റെ പ്രതികാര നടപടിയുടെ ഭാഗമാണിതെന്ന വിമര്‍ശനം ഇതിനകം തന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്.