| Sunday, 4th August 2024, 10:54 pm

യുദ്ധഭീതി; ലെബനനില്‍ നിന്ന് പൗരന്മാരോട് രാജ്യം വിടാന്‍ നിര്‍ദേശിച്ച് ഫ്രാന്‍സ് അടക്കമുള്ള രാജ്യങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്റൂട്ട്: ഇസ്രഈലിന് നേരെ ഹിസ്ബുള്ള മിസൈലാക്രമണം നടത്തിയതിന് പിന്നാലെ പൗരന്മാരോട് ലെബനന്‍ വിടാന്‍ ഉത്തരവിട്ട് വിദേശരാഷ്ട്രങ്ങള്‍. ലെബനനിലേക്ക് യുദ്ധം വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന ഭീതിയിലാണ് രാജ്യങ്ങള്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഫ്രാന്‍സ്, ജോര്‍ദാന്‍, കാനഡ എന്നീ രാജ്യങ്ങളാണ് തങ്ങളുടെ പൗരന്മാരോട് ലെബനന്‍ വിടാന്‍ നിര്‍ദേശം നല്‍കിയത്.

ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയ ഇറാനില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഹിസ്ബുള്ള ഇസ്രഈലില്‍ ആക്രമണം നടത്തിയത്. കത്യുഷ മിസൈലുകള്‍ ഉപയോഗിച്ചാണ് ഹിസ്ബുള്ള ആക്രമണം നടത്തിയത്.

അതേസമയം ഹനിയ കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ബെയ്‌റൂട്ടില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ ഹിസ്ബുള്ളയുടെ ഉന്നത സൈനിക കമാന്‍ഡറായ ഫൗദ് ഷുക്കൂറും കൊല്ലപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയായാണ് ഇസ്രഈലിലെ ബെയ്റ്റ് ഹില്ലില്‍ ഹിസ്ബുള്ള മിസൈലാക്രമണം നടത്തിയത്.

ഇതിനെ തുടര്‍ന്നാണ് ഫ്രാന്‍സ് അടക്കമുള്ള രാജ്യങ്ങള്‍ പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കിയത്. ലെബനനിലേക്കുള്ള യാത്രയും പൗരന്മാര്‍ ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ട്. അമേരിക്കയും ബ്രിട്ടനും സമാനമായ നിര്‍ദേശം പൗരന്മാര്‍ക്ക് നല്‍കിയിട്ടുണ്ട്. അതേസമയം പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രദേശത്തെ സൈന്യത്തിന്റെ സാന്നിധ്യം വര്‍ധിപ്പിക്കുമെന്നും യു.എസ് നേരത്തെ അറിയിച്ചിരുന്നു.

പല പാശ്ചാത്യ വിമാനക്കമ്പനികളും ലെബനനിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം പകല്‍ സമയങ്ങളിലെ ദോഹ-ബെയ്റൂട്ട് സര്‍വീസ് തുടരുമെന്ന് ഖത്തര്‍ എയര്‍വേസും അറിയിച്ചു.

കഴിഞ്ഞ ദിവസം ഇറാന്‍, ഹമാസ്, ഹൂത്തി വിമതസംഘം എന്നിവര്‍ സംയുക്തമായി ഇസ്രഈലിനെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തിങ്കളാഴ്ചയോടെ ഇസ്രഈലിന് നേരെ ഇറാന്റെ ആക്രമണം ഉണ്ടായേക്കുമെന്നാണ് യു.എസിനെയും ഇസ്രഈലിലെ ചില ഉദ്യോഗസ്ഥരെയും ഉദ്ധരിച്ചുകൊണ്ട് ഗാര്‍ഡിയന്‍ ഉള്‍പ്പടെ റിപ്പോര്‍ട്ട് ചെയ്തത്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് രാഷ്ട്രങ്ങള്‍ പൗരന്മാര്‍ക്ക് നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

Content Highlight: Foreign nationals told to leave Lebanon amid fears of war

We use cookies to give you the best possible experience. Learn more