മറ്റ് സൂപ്പര്‍ സ്റ്റാറുകള്‍ മമ്മൂട്ടിയെ കണ്ടുപഠിക്കട്ടെ; കണ്ണൂര്‍ സ്‌ക്വാഡിനെ പ്രശംസിച്ച് അന്യഭാഷാ പ്രേക്ഷകര്‍
Film News
മറ്റ് സൂപ്പര്‍ സ്റ്റാറുകള്‍ മമ്മൂട്ടിയെ കണ്ടുപഠിക്കട്ടെ; കണ്ണൂര്‍ സ്‌ക്വാഡിനെ പ്രശംസിച്ച് അന്യഭാഷാ പ്രേക്ഷകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 17th November 2023, 2:58 pm

തിയേറ്ററിലെ വന്‍വിജയത്തിന് ശേഷം ഒ.ടി.ടിയും കീഴടക്കാനിറങ്ങിതിരിച്ച് കണ്ണൂര്‍ സ്‌ക്വാഡ്. ഹോട്‌സ്റ്റാറിലാണ് ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി അഞ്ച് ഭാഷകളിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

ചിത്രം ഒ.ടി.ടിയില്‍ കണ്ട പ്രേക്ഷകര്‍ മികച്ച അഭിപ്രായമാണ് പറയുന്നത്. കേരളത്തിന് പുറത്ത് നിന്നുള്ളവര്‍ വലിയ പ്രശംസയാണ് കണ്ണൂര്‍ സ്‌ക്വാഡിന് നല്‍കുന്നത്.

സമീപകാലത്ത് കണ്ട മികച്ച ത്രില്ലറാണ് സിനിമയെന്നും മികച്ച തിരക്കഥയാണ് ചിത്രത്തിന്റേതെന്നും പ്രേക്ഷകര്‍ പറഞ്ഞു. 72ാം വയസിലും സിനിമയോടുള്ള മമ്മൂട്ടിയുടെ സ്‌നേഹം കണ്ണൂര്‍ സ്‌ക്വാഡിലൂടെ വീണ്ടും തെളിയുകയാണെന്നും ഈ പ്രായത്തില്‍ ഏത് രീതിയിലുള്ള സിനിമകളാണ് ചെയ്യേണ്ടതെന്ന് മറ്റ് സൂപ്പര്‍ സ്റ്റാറുകള്‍ അദ്ദേഹത്തെ കണ്ട് പഠിക്കണമെന്നും പറയുന്നവരുണ്ട്.

കാര്‍ത്തി ചിത്രം തീരനോട് സാമ്യമുള്ള പ്ലോട്ടാണെങ്കിലും കണ്ണൂര്‍ സ്‌ക്വാഡ് വ്യത്യസ്തമാണെന്നും ചിത്രം കണ്ടവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സുഷിന്‍ ശ്യാമിന്റെ സംഗീതത്തിനും പ്രശംസ ഉയരുന്നുണ്ട്.

യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. കേരളത്തില്‍ നടക്കുന്ന ഒരു കൊലപാതകവും അത് തെളിയിക്കാനായി പ്രതികളെ തേടി നാലംഗ അന്വേഷണ സംഘം നോര്‍ത്ത് ഇന്ത്യയിലേക്ക് പോകുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവ വികാസങ്ങളും ആണ് ചിത്രം പറയുന്നത്.

 

ജോര്‍ജ് മാര്‍ട്ടിന്‍ എന്നാണ് മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. ശബരീഷ് വര്‍മ, റോണി, അസീസ് നെടുമങ്ങാട്, വിജയരാഘവന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

സെപ്റ്റംബര്‍ 28നാണ് കണ്ണൂര്‍ സ്‌ക്വാഡ് റിലീസ് ചെയ്തത്. ആദ്യദിനം മുതല്‍ തന്നെ ചിത്രത്തിന് മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ചിരുന്നു. ടോട്ടല്‍ ബിസിനസിലൂടെ കണ്ണൂര്‍ സ്‌ക്വാഡ് 100 കോടി നേടിയിരുന്നു.

Content Highlight: Foreign language audience praises the Kannur squad