ന്യൂദല്‍ഹി: കേന്ദ്ര ബജറ്റില്‍ അതിസമ്പന്നര്‍ക്ക് ഏര്‍പ്പെടുത്തിയ അധിക സര്‍ച്ചാര്‍ജില്‍ നിന്ന് വിദേശ നിക്ഷേപകരെ ഒഴിവാക്കിയതായി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. രണ്ടുമുതല്‍ അഞ്ചുകോടി വരെ വാര്‍ഷിക നികുതി നല്‍കുന്നവര്‍ക്കു മൂന്നു ശതമാനവും അഞ്ചു കോടിയോ അതിനു മുകളിലോ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഏഴു ശതമാനവും തുകയാണ് സൂപ്പര്‍ റിച്ച് ടാക്‌സ് എന്ന പേരില്‍ സര്‍ച്ചാര്‍ജായി ഇക്കഴിഞ്ഞ ബജറ്റില്‍ ഏര്‍പ്പെടുത്തിയത്.
രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനുള്ള നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു അവര്‍ ഇക്കാര്യം പറഞ്ഞത്.
നിലവിലുള്ള ആദായനികുതിക്കു പുറമെയായിരുന്നു ഇത്. തുടര്‍ന്ന് വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ നിക്ഷേപം പിന്‍വലിക്കാന്‍ തുടങ്ങിയത് ഓഹരി വിപണിയെ ഉലച്ചിരുന്നു. ഈ പ്രവണത തുടരുന്നതിനിടെയാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.
വിദേശ നിക്ഷേപകരുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും മന്ത്രി ഇക്കഴിഞ്ഞ മാസങ്ങളില്‍ ചര്‍ച്ച നടത്തിയിരുന്നു.
രൂപയുടെ മൂല്യമിടിയുന്നതു തുടരുന്നതു മന്ത്രാലയത്തെ ആശങ്കയിലാഴ്ത്തിയിരുന്നു. ഡോളറുമായുള്ള വിനിമയത്തില്‍ ഓഗസ്റ്റ് 23-ന് രൂപ എട്ടുമാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു.
ലോകം സാമ്പത്തിക മാന്ദ്യത്തിലാണെങ്കിലും ഇന്ത്യ ഭേദപ്പെട്ട നിലയിലാണെന്ന് മന്ത്രി പറഞ്ഞു.
ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങുകയാണ്. ആഗോളതലത്തില്‍ സാമ്പത്തിക വളര്‍ച്ച കുറഞ്ഞു. അമേരിക്കയും ജര്‍മനിയും അടക്കമുള്ള രാജ്യങ്ങള്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. അമേരിക്കയെയും ചൈനയെയും അപേക്ഷിച്ച് മെച്ചപ്പെട്ട നിലയിലാണ് ഇന്ത്യയുള്ളത്.
സാമ്പത്തിക പുനരുജ്ജീവന നടപടികളുമായി രാജ്യം മുന്നോട്ടു പോകുകയാണ്. ജി.എസ്.ടി നിരക്കുകള്‍ ലളിതമാക്കും. ഇതുസംബന്ധിച്ച് ഞായറാഴ്ച ഉദ്യോഗസ്ഥരുടെ യോഗം ചേരും. ജി.എസ്.ടി റീഫണ്ട് വൈകിക്കില്ല.
നികുതി റിട്ടേണ്‍ കൂടുതല്‍ സുതാര്യമാക്കും. സി.എസ്.ആര്‍ ലംഘനം ക്രിമിനല്‍ക്കുറ്റമായി കണക്കാക്കില്ല. സംരംഭകര്‍ക്ക് ഉദ്യോഗസ്ഥരുടെ ഉപദ്രവം ഉണ്ടാകില്ല. ആദായനികുതി വകുപ്പിന്റെ പ്രവര്‍ത്തനം കേന്ദ്രീകൃത രീതിയിലാക്കും.
എല്ലാ ഉത്തരവുകളും നോട്ടീസുകളും ഒരു കേന്ദ്രത്തില്‍ നിന്നായിരിക്കും ഉണ്ടാവുക.- അവര്‍ പറഞ്ഞു.