തിരുവനന്തപുരം: കേരളത്തിലെ ബാങ്കുകളിലെ വിദേശ നിക്ഷേപത്തില്‍ ഒന്‍പത് മാസത്തിനിടെ ഉണ്ടായത് 8,872 കോടി രൂപയുടെ വര്‍ധനവ്. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2010 ഡിസംബറില്‍ ബാങ്കുകളിലെ ആകെ പ്രവാസിനിക്ഷേപം 37,065 കോടി രൂപയായിരുന്നു. ഇതു 2011 അവസാനത്തോടെ 45,937 കോടിയായി ഉയര്‍ന്നിട്ടുണ്ട്.
പ്രവാസി നിക്ഷേപത്തില്‍ 43.88 ശതമാനവും സ്‌റ്റേറ്റ് ബാങ്ക് ശൃംഖലകളിലാണ് ഉണ്ടായത്. 33.24 ശതമാനം സ്വകാര്യമേഖലയിലെ ബാങ്കുകളിലും 22.43 ശതമാനം ദേശസാല്‍കൃത ബാങ്കുകളിലും നിക്ഷേപം നടന്നു.
അതേസമയം, ആഭ്യന്തര നിക്ഷേപ വളര്‍ച്ചയില്‍ കുറവുണ്ടായിട്ടുണ്ട്. 2010 ഡിസംബറില്‍ ആകെ നിക്ഷേപത്തിന്റെ 76.59 ശതമാനമുണ്ടായിരുന്ന ആഭ്യന്തരനിക്ഷേപം 2011 ഡിസംബറില്‍ 75.34 ശതമാനമായിട്ടുണ്ട്.
2010 ല്‍ 24,901 കോടി അധികം വായ്പ ഇനത്തില്‍ ബാങ്കുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ആകെ വായ്പയുടെ 34.54 ശതമാനവും ദേശസാല്‍കൃത ബാങ്കുകളാണ് നല്‍കിയത്. സ്വകാര്യ ബാങ്കുകള്‍ 29.21 ശതമാനം മാത്രമെ വായ്പ നല്‍കിയിട്ടുള്ളൂ.
വയനാട് ജില്ലയാണ് വായ്പാ നിക്ഷേപ അനുപാതത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. നിക്ഷേപത്തില്‍ വയനാട് ജില്ലയാണുള്ളത് 147.91 ശതമാനം. വായ്പ നിക്ഷേപ അനുപാതം 42.24 ശതമാനമുള്ള പത്തനംതിട്ടയാണ് ഏറ്റവും പിന്നിലുള്ളത്.