മണിപ്പൂർ കലാപം; മ്യാന്മർ, ബംഗ്ലാദേശ് തീവ്രവാദികൾ ഗൂഢാലോചന നടത്തിയെന്ന് എൻ.ഐ.എ
national news
മണിപ്പൂർ കലാപം; മ്യാന്മർ, ബംഗ്ലാദേശ് തീവ്രവാദികൾ ഗൂഢാലോചന നടത്തിയെന്ന് എൻ.ഐ.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st October 2023, 3:49 pm

ഇംഫാൽ: മ്യാന്മറിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള തീവ്രവാദികൾ ഇന്ത്യയിലെ വടക്കുകിഴക്കൻ മേഖലയിലുള്ള ഭീകരന്മാരോടൊപ്പം ചേർന്ന് മണിപ്പൂരിൽ വംശഹത്യ നടത്താനും ഇന്ത്യക്കെതിരെ യുദ്ധം നടത്താനും ‘അന്തർദേശീയ ഗൂഢാലോചന’ നടത്തിയെന്ന് എൻ.ഐ.എ.

ഗൂഢാലോചനയിൽ പങ്കുണ്ടെന്ന സംശയത്തിൽ കഴിഞ്ഞ ആഴ്ച എൻ.ഐ.എ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. അയൽ രാജ്യങ്ങളിൽ നിന്നുള്ള വിമത നേതാക്കൾ ആയുധങ്ങളും വെടിമരുന്നുകൾ സംഭരിക്കാൻ ഫണ്ടുകൾ ലഭ്യമാക്കിയെന്നും അതിർത്തിയിൽ നിന്നും വടക്കുകിഴക്കൻ മേഖലയിലെ തീവ്രവാദ സംഘടനകളിൽ നിന്നുമാണ് ആയുധങ്ങൾ വാങ്ങുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി എൻ.ഐ.എ പറഞ്ഞു.

‘വ്യത്യസ്ത സമുദായങ്ങളിൽപെട്ട ആളുകൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനും ഇന്ത്യൻ സർക്കാരിനെതിരെ യുദ്ധം നടത്താനും മ്യാന്മറിലെയും ബംഗ്ലാദേശിലെയും തീവ്രവാദ സംഘടനകൾ ഇന്ത്യയിലെ ചില ഭീകരവാദ ഗ്രൂപ്പുകളുമായി ചേർന്ന് ഗൂഢാലോചന നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി,’ എൻ.ഐ.എ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

സെപ്റ്റംബർ 22ന് വിവിധ കേസുകളിൽ പൊലീസ് അന്വേഷിക്കുന്ന മെയ്തേയ് വിഭാഗത്തിലുള്ള ഒരാളെയും സെപ്റ്റംബർ 30ന് കൂകി ഗോത്രത്തിൽപെട്ട ഒരാളെയും എൻ.ഐ.എ അറസ്റ്റ് ചെയ്തിരുന്നു.

സൈനിക ഉദ്യോഗസ്ഥരെ ആക്രമിക്കാനും മണിപ്പൂരിലെ നിലവിലെ പ്രതിസന്ധികൾ ചൂഷണം ചെയ്ത് ഗോത്ര വിഭാഗങ്ങളെ എതിരിടാനും താഴെ തട്ടിൽനിന്ന് ആളുകളെ നിയോഗിക്കുന്നുണ്ടെന്നും എൻ.ഐ.എ പറഞ്ഞു. ഇതിനായി ആയുധങ്ങൾ കൈക്കലാക്കുന്നതിന് സർക്കാർ സംവിധാനങ്ങളും വിഭവങ്ങളും തീവ്രവാദ സംഘങ്ങൾ കൊള്ളയടിക്കുന്നതായും എൻ.ഐ.എ ആരോപിച്ചു.

മേയ് മാസം മുതൽ ആരംഭിച്ച കൂകി-മെയ്തേയ് വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷങ്ങളിൽ ഇതുവരെ 175ലധികം ആളുകൾ കൊല്ലപ്പെടുകയും 60,000ൽ കൂടുതൽ ആളുകൾ പലായനം നടത്തുകയും ചെയ്തു.

സുരക്ഷാ ഏജൻസിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ കേന്ദ്രം എൻ.ഐ.എക്ക് നിർദേശം നൽകിയതായി സൂചനകളുണ്ട്. മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിങ്ങും മെയ്തേയ് സംഘടനകളും മ്യാന്മറിലെ തീവ്രവാദ സംഘടനകളുടെ പങ്ക് ആരോപിച്ച് രംഗത്ത് വന്നിരുന്നു. മ്യാന്മറുമായുള്ള മണിപ്പൂരിലെ അതിർത്തികളിൽ ഭൂരിപക്ഷവും വേലികെട്ടിയിട്ടില്ല എന്നത് തീവ്രവാദികൾക്കും കള്ളക്കടത്തുകാർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അവസരമൊരുക്കുന്നു എന്നും ആക്ഷേപമുണ്ട്.

ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനൽ പിന്തുടരുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Content Highlight: Foreign conspiracy behind Manipur violence: NIA