പാപ്പരായ കമ്പനികള്‍ക്കുവരെ വിദേശത്ത് കോടികളുടെ കള്ളപ്പണ നിക്ഷേപം; രേഖകള്‍ പുറത്തുവിട്ട് അമേരിക്കന്‍ കമ്പനി; വിശ്വാസ്യത തകര്‍ന്ന് മോദി സര്‍ക്കാര്‍
Kerala News
പാപ്പരായ കമ്പനികള്‍ക്കുവരെ വിദേശത്ത് കോടികളുടെ കള്ളപ്പണ നിക്ഷേപം; രേഖകള്‍ പുറത്തുവിട്ട് അമേരിക്കന്‍ കമ്പനി; വിശ്വാസ്യത തകര്‍ന്ന് മോദി സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd September 2020, 9:17 am

ന്യൂദല്‍ഹി: ഇന്ത്യക്കാര്‍ വിദേശത്തു നിക്ഷേപിച്ച കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ മോദി സര്‍ക്കാരിന്റെ വിശ്വാസ്യത തകര്‍ക്കുന്ന രേഖകള്‍ പുറത്ത്.

ഇന്ത്യക്കാര്‍ വിദേശ ബാങ്കുകളില്‍ നടത്തിയ സംശയകരമായ ആയിരക്കണക്കിന് ഇടപാടുകളുടെ വിവരം അമേരിക്കന്‍ ഏജന്‍സി പുറത്തുവിട്ടു. ഇതിന് പിന്നാലെയാണ് സാമ്പത്തിക തട്ടിപ്പുനടത്തി രാജ്യം വിട്ടവരെ തിരിച്ചുകൊണ്ടുവരാന് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തു വന്നത്.

അമേരിക്കന്‍ ധനവകുപ്പ് ഏജന്‍സി ഫിനാന്‍ഷ്യല്‍ ക്രൈംസ് എന്‍ഫോഴ്സ്മെന്റ് നെറ്റ്വര്‍ക്കാണ്(ഫിന്‍സെന്‍) ഇന്ത്യക്കാരുടെ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിട്ടത്.

3201 സംശയകരമായ ഇടപാടുകള്‍ ഫിന്‍സെല്‍ പുറത്തുവിട്ട കണക്കില്‍ ഉണ്ട്. ഇതില്‍ വിവാദ വജ്രവ്യാപാരി, പാപ്പരായി പ്രഖ്യാപിച്ച ഉരുക്കു കമ്പനി, ആഢംബര കാര്‍ഡീലര്‍, ഐ.പി.എല്‍ ടീമിന്റെ സ്‌പോണ്‍സര്‍ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖരുടെ പേരുകള്‍ ഉണ്ട്.

ഇന്ത്യയില്‍ നിന്നുള്ള മേല്‍ വിലാസത്തില്‍ നിന്ന് ഏകദേശം പതിനൊന്നായിരം കോടി രൂപയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് കണക്കുകള്‍. പുറത്തു നിന്നുള്ള മേല്‍വിലാസത്തിലും ഇടപാടുകള്‍ നടന്നിട്ടുണ്ട്.

നേരത്തെ സ്വിസ് ലീക്ക്സ്(2015), പനാമ പേപ്പേഴ്സ്(2016), പാരഡൈസ് പേപ്പേഴ്സ്(2017) എന്നീ അന്വേഷണ പരമ്പരകള്‍ വഴി കള്ളപ്പണ നിക്ഷേപകരുടെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനുശേഷവും സര്‍ക്കാര്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

2ജി കുംഭകോണവുമായി ബന്ധപ്പെട്ട കമ്പനികള്‍, എയര്‍സെല്‍-മാക്സിസ് അഴിമതിയുമായി ബന്ധപ്പെട്ടവര്‍, അഗസ്തവെസ്റ്റ്ലാന്‍ഡ് കേസിലെ ഇടപാടുകാര്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖകളില്‍ പരാമര്‍ശിക്കപ്പെടുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Foreign blank money investment data out