മുംബൈ: വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് ഇന്ത്യയിലെ ഉത്പാദനം നിര്‍ത്തുന്നു. രാജ്യത്തെ രണ്ട് പ്ലാന്റുകളിലേയും പ്രവര്‍ത്തമം അവസാനിപ്പിക്കുന്നതായി ഫോര്‍ഡ് അറിയിച്ചു.
ഗുജറാത്തിലെ സാനന്ദിലും തമിഴ്‌നാട്ടിലെ ചെന്നൈയിലുമാണ് ഫോര്‍ഡിന് പ്ലാന്റുകളുള്ളത്. സാനന്ദിലുള്ള പ്ലാന്റ് ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനം നിര്‍ത്തും.
ചെന്നൈയിലെ എഞ്ചിന്‍ നിര്‍മാണ യൂണിറ്റ് അടുത്ത വര്‍ഷം രണ്ടാം പാദത്തോടെ അവസാനിപ്പിക്കും.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ 200 കോടി ഡോളറിന്റെ പ്രവര്‍ത്തന നഷ്ടം നേരിട്ട സാഹചര്യത്തില്‍ റീസ്ട്രക്ചറിങ്ങിനു നിര്‍ബന്ധിതമായിരിക്കുകയാണെന്നാണ് ഫോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.
1994ല്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ച ആദ്യത്തെ മള്‍ട്ടി-നാഷണല്‍ ഓട്ടോമോട്ടീവ് കമ്പനികളില്‍ ഒന്നാണ് ഫോര്‍ഡ്.
നേരത്തെ ഫോര്‍ഡ് 2019 ഒക്ടോബറില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുമായി ഒരു സംയുക്ത സംരംഭം ആരംഭിച്ചിരുന്നു. 2020 ഡിസംബര്‍ 31 ന് ആ ഉടമ്പടി അവസാനിച്ചു. ഇതോടെ പ്ലാന്റുകള്‍ ഉപയോഗശൂന്യമായി തുടങ്ങി.
കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഇന്ത്യയില്‍ പ്രവര്‍ത്തനം നിര്‍ത്തുന്ന രണ്ടാമത്തെ ഓട്ടോ ഭീമനാണ് ഫോര്‍ഡ്. 2017 ല്‍ ജനറല്‍ മോട്ടോഴ്സ് ഇന്ത്യയിലെ വില്‍പന നിര്‍ത്തിയിരുന്നു.
ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണും ഇന്ത്യയിലെ ഉത്പാദനം നിര്‍ത്തിയിട്ടുണ്ട്.