വാഷിങ്ടണ്‍: ഇസ്രഈലിനുള്ള ആയുധ നിര്‍മാണത്തില്‍ നിന്ന് പിന്മാറണമെന്ന ഫലസ്തീന്‍ ട്രേഡ് യൂണിയനുകളുടെ ആഹ്വാനം അംഗീകരിച്ച്
ഫോര്‍ഡ് മോട്ടോര്‍ കമ്പനി. കമ്പനിയുടെ വാഹനങ്ങള്‍ ലൈറ്റ് കവചിത വാഹനങ്ങളുടെ അടിത്തറയായി ഇസ്രഈലി സൈന്യം ഉപയോഗിക്കുന്ന പശ്ചാത്തലത്തിലാണ് കമ്പനിയുടെ തീരുമാനം.
ഇസ്രഈലിലേക്ക് ആയുധങ്ങള്‍ കൊണ്ടുപോവുന്നത് നിരസിക്കാന്‍ ലേബര്‍ യൂണിയനും ആഹ്വനം ചെയ്തതായി കമ്പനിയുടെ ചിക്കാഗോ അസംബ്ലി പ്ലാന്റിനെ പ്രതിനിധീകരിക്കുന്ന യുണൈറ്റഡ് ഓട്ടോ വര്‍ക്കേഴ്സ് ലോക്കല്‍ 551ന്റെ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഗസയില്‍ ഇസ്രഈലി ഭരണകൂടം നടത്തുന്ന അതിക്രമങ്ങളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് യുണൈറ്റഡ് ഓട്ടോമൊബൈല്‍ വര്‍ക്കേഴ്‌സ് (യു.എ.ഡബ്ല്യു) ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ഫോര്‍ഡ് മോട്ടോര്‍ കമ്പനിയുടെ ബ്രാഞ്ച് തീരുമാനം.
അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ അംഗീകരിച്ചതില്‍ ആന്തരികമായി സംഘടനക്കുള്ളില്‍ വിയോജിപ്പുകള്‍ നിലനില്‍ക്കുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതേതുടര്‍ന്ന് ഇസ്രഈലിന്റെ ആക്രമണങ്ങള്‍ക്ക് പിന്തുണ നല്‍കാത്ത രാഷ്ട്രീയ നേതാക്കളെ അംഗീകരിക്കണമെന്ന് ഏതാനും അംഗങ്ങള്‍ സംഘടനയോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
വെള്ളിയാഴ്ച ഇസ്രാഈലിനെതിരെ ദക്ഷിണാഫ്രിക്ക നല്‍കിയ വംശഹത്യ കേസില്‍ അന്താരാഷ്ട്ര നീതി ന്യായ കോടതി ആദ്യ വിധി പുറപ്പെടുവിച്ചിരുന്നു.
വംശഹത്യയ്ക്ക് പ്രേരിപ്പിക്കുന്നവരെ ശിക്ഷിക്കണമെന്നും വംശഹത്യയുടെ തെളിവുകള്‍ നശിപ്പിക്കുന്ന ഭരണകൂടത്തിന്റെയും മറ്റുള്ളവരുടെയും നീക്കം തടയപ്പെടണമെന്നും കോടതി നിര്‍ദേശിച്ചു. ഗസയിലെ ജനങ്ങള്‍ക്ക് മാനുഷിക സഹായം നല്‍കണമെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഫലസ്തീനികളെ സംരക്ഷിക്കാന്‍ കൂടുതല്‍ നടപടികള്‍ ഇസ്രഈല്‍ കൈക്കൊള്ളണമെന്നും ഒരു മാസത്തിനകം കോടതിയില്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ഇസ്രഈലിന് അന്താരാഷ്ട്ര നീതി ന്യായ കോടതി മുന്നറിയിപ്പ് നല്‍കി.
Content Highlight: Ford Motor Company agrees to demand of Palestinian trade unions on Israel issue