ഫോഡ് ഇക്കോ സ്‌പോര്‍ട്ട് ജൂണില്‍ ഇന്ത്യന്‍ വിപണിയിലെത്തും
Big Buy
ഫോഡ് ഇക്കോ സ്‌പോര്‍ട്ട് ജൂണില്‍ ഇന്ത്യന്‍ വിപണിയിലെത്തും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th May 2013, 4:48 pm

[]കാത്തിരിപ്പിനൊടുവില്‍ കോംപാക്ട് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനമായ (എസ്.യു.വി) “ഇക്കോ സ്‌പോര്‍ട് ഇന്ത്യന്‍ വിപണിയില്‍ സജീവമാകാനൊരുങ്ങുന്നു.
അടുത്ത മാസം വാഹനം വിപണിയിലെത്തിക്കുമെന്ന് ഫോഡ് പ്രഖ്യാപിച്ചിട്ടുണ്ട്.

വാഹനം പുറത്തിറക്കുന്നതിന്റെ ഭാഗമായി ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക, തയ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നൂറ്റി അന്‍പതോളം വാഹന വിദഗ്ധരെയും മാധ്യമ പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് ഗോവയില്‍ വിശദമായ ടെസ്റ്റ് ഡ്രൈവ് സംഘടിപ്പിച്ചിരുന്നു.[]

ജൂണ്‍ 11 ന് ഇക്കോ സ്‌പോട്ട് ഇന്ത്യന്‍ വിപണിയില്‍ സജീവമാകുമെന്നാണ് കമ്പനി നല്‍കുന്ന സൂചന. നേരത്തെ വിപണിയില്‍ അരങ്ങേറുന്നതിനെ കുറിച്ച് ഫോഡ് കൃത്യമായ വിവരം നല്‍കിയിരുന്നില്ല.

വിദേശ രാജ്യങ്ങളില്‍ വില്‍പ്പനയ്ക്കുള്ള “ഇക്കോ സ്‌പോര്‍ട്ടിന്  മികച്ച വരവേല്‍പ്പാണ് മിക്ക വിപണിയിലും ലഭിച്ചത്. പലയിടത്തും വില്‍പ്പനയില്‍ റെനോ “ഡസ്റ്ററിനെ പിന്തള്ളാനും ഫോഡിന്റെ ഈ കോംപാക്ട് എസ്.യു.വിക്കു സാധിച്ചിട്ടുണ്ട്.

വിപുല പരസ്യങ്ങളും മികച്ച വിപണന തന്ത്രങ്ങളുമൊക്കെയായി ഇന്ത്യയിലും റെനോ “ഡസ്റ്ററിനെ വെല്ലുവിളിക്കാനുള്ള ഊര്‍ജിത ശ്രമമാണു ഫോഡ് നടത്തുന്നുണ്ടെന്നാണ് അറിയുന്നത്.

വ്യത്യസതമായ മൂന്ന് എന്‍ജിനുകളോടെയായിരിക്കും ഇക്കോ സ്‌പോര്‍ട്ട് ഇന്ത്യന്‍ വിപണിയിലെത്തുന്നത്.  എന്‍ട്രി ലവല്‍ വകഭേദങ്ങള്‍ക്ക് “ഫിയസ്റ്റയില്‍ കണ്ട 1.5 ലീറ്റര്‍, നോര്‍മലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിനാവും കരുത്തേകുക.  പ്രകടനത്തിലും ഇന്ധനക്ഷമതയിലും മുന്നിലുള്ള, ഫോഡ് ഇക്കോ ബൂസ്റ്റ് 1.0 ലീറ്റര്‍ എന്നു പേരുള്ള ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് രണ്ടാമത്തെ സാധ്യത; 1.5 ലീറ്റര്‍ ശേഷിയുള്ള, നോര്‍മലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന്റെ കരുത്തും കുതിപ്പും സൃഷ്ടിക്കാന്‍ കഴിയുമെന്നതാണ് ഈ എന്‍ജിന്റെ സവിശേഷത.

ഡീസല്‍ വിഭാഗത്തില്‍ “ഇക്കോ സ്‌പോര്‍ട്ടിനു കരുത്തേകുക “ഫിയസ്റ്റയിലെ 1.5 ലീറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിനാവും. റെനോ “ഡസ്റ്ററിനും മറ്റും വെല്ലുവിളി ഉയര്‍ത്തുക ഈ എന്‍ജിന്‍ ഘടിപ്പിച്ചെത്തുന്ന “ഇക്കോ സ്‌പോര്‍ട്ട് ആവുമെന്നാണ്  അറിവാകുന്നത്.