| Saturday, 5th June 2021, 8:20 am

വിവാഹത്തിലൂടെയുള്ള മതപരിവര്‍ത്തനം തടയല്‍; നിയമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: സംസ്ഥാനത്തെ വിവാഹത്തിലൂടെയുള്ള മതപരിവര്‍ത്തനം തടയുന്ന നിയമം ജൂണ്‍ 15 ന് നിലവില്‍ വരുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനി. ഏറെ വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ഏപ്രില്‍ ഒന്നിനാണ് ഗുജറാത്ത് നിയമസഭയില്‍ ബില്‍ പാസാക്കിയത്.

കൃത്യമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് ഈ നിയമഭേദഗതിയെന്ന് പറഞ്ഞ കോണ്‍ഗ്രസ് ബില്ലിനെ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ പ്രതിഷേധങ്ങള്‍ മറികടന്ന് ഭേദഗതി നിയമസഭയില്‍ പാസാക്കിയിരുന്നു.

ഗവര്‍ണറുടെ അംഗീകാരത്തോടെ നിയമം ജൂണ്‍ 15 മുതല്‍ നിലവില്‍ വരുമെന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രി വിജയ് രുപാനി പറയുന്നത്.

വിവാഹത്തിലൂടെ മതപരിവര്‍ത്തനം നടത്തുന്ന വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നാണ് പുതിയ നിയമഭേദഗതിയില്‍ പറയുന്നത്. ഇതുപ്രകാരം പ്രതികളാക്കപ്പെടുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവും, അഞ്ച് ലക്ഷം രൂപ പിഴയും ഏര്‍പ്പെടുത്തുമെന്നും നിയമഭേഗതിയില്‍ പറയുന്നു.

സംസ്ഥാനത്തെ ലവ് ജിഹാദ് തടയുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഗുജറാത്തില്‍ പുതിയനിയമഭേദഗതി പാസാക്കിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ നിയമഭേദഗതിയില്‍ ഒരിടത്തും തങ്ങള്‍ ലവ് ജിഹാദ് എന്ന പദമുപയോഗിച്ചിട്ടില്ലെന്നാണ് ഗുജറാത്ത് സര്‍ക്കാരിന്റെ വാദം.

2020 നവംബറില്‍ ലവ് ജിഹാദിനെതിരെ നിയമനിര്‍മ്മാണവുമായി ബി.ജെ.പി ഭരിക്കുന്ന ചില സംസ്ഥാനങ്ങള്‍ രംഗത്തെത്തിയിരുന്നു. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളായിരുന്നു ഈ നിയമഭേദഗതിയ്ക്കായി മുന്നോട്ടുവന്നത്.

നവംബര്‍ 29നാണ് നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമ പ്രകാരം ആദ്യ അറസ്റ്റ് നടന്നത്. യു.പി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിന് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ അംഗീകാരം നല്‍കി മണിക്കൂറുകള്‍ക്കകമാണ് ആന്റി കണ്‍വേര്‍ഷന്‍ നിയമപ്രകാരം ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Forcible Conversion Through Marriage Came Into Being In June 15 Says Gujarath CM

We use cookies to give you the best possible experience. Learn more