| Saturday, 11th November 2017, 1:12 pm

നിര്‍ബന്ധിച്ച് ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിച്ചു, ലൈംഗിക അടിമയാക്കി സൗദിയിലേക്ക് കടത്തി: പരാതിയുമായി യുവതി ഹൈക്കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തന്നെ നിര്‍ബന്ധിച്ച് ഇസ്‌ലാം മതത്തിലേക്കു പരിവര്‍ത്തനം ചെയ്യിച്ചശേഷം സൗദി അറേബ്യയിലേക്ക് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് 25 കാരി ഹൈക്കോടതിയില്‍. തന്റെ മതപരിവര്‍ത്തനവും വിവാഹവുമായി പോപ്പുലര്‍ ഫ്രണ്ടിന് ബന്ധമുണ്ടെന്നും യുവതി ഹര്‍ജിയില്‍ ആരോപിക്കുന്നു.

ഗുജറാത്തില്‍ ജനിച്ചുവളര്‍ന്ന മലയാളി യുവതിയാണ് പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിച്ചശേഷം തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയും ലൈംഗിക അടിമയായി സൗദിയിലേക്ക് കൊണ്ടുപോകുകയും ചെയ്‌തെന്നാണ് യുവതി ആരോപിക്കുന്നത്.

“സൗദി അറേബ്യയിലെത്തിയശേഷം 9ാം പ്രതി തനിനിറം കാട്ടി. ഹര്‍ജിക്കാരിയെ ഒരു ലൈംഗിക അടിമയായായിരുന്നു അദ്ദേഹം പരിഗണിച്ചിരുന്നത്. സിറിയയിലേക്കു പോകാനുള്ള പദ്ധതിയും അയാള്‍ക്കുണ്ടായിരുന്നു. കുറച്ചുദിവസത്തിനുള്ളില്‍ അവര്‍ സിറിയയിലേക്ക് പോകുമെന്നും അവിടെ ഐ.എസ്.ഐ.എസ് തീവ്രവാദികള്‍ക്ക് ഹര്‍ജിക്കാരിയെ വില്‍ക്കാനാണ് പദ്ധതിയെന്നും പ്രതി ഹര്‍ജിക്കാരിയോട് പറഞ്ഞു. അയാള്‍ ഹര്‍ജിക്കാരിയെ നിര്‍ബന്ധിച്ച് ഇസ്‌ലാമിക് ക്ലാസുകളില്‍ പങ്കെടുപ്പിക്കുകയും സാക്കിര്‍ നായിക്കിന്റെ വീഡിയോ കാണാന്‍ ആവശ്യപ്പെടുകയും ചെയ്തു.” എന്നാണ് യുവതിയുടെ ഹര്‍ജിയില്‍ ആരോപിക്കുന്നത്.


Must Read: ‘ഗുജറാത്ത് തെരഞ്ഞെടുപ്പിന് പെരുത്ത് നന്ദി’ ജി.എസ്.ടി നിരക്കു കുറച്ച മോദി സര്‍ക്കാര്‍ തീരുമാനത്തെ പരിഹസിച്ച് പി. ചിദംബരം


“ഒക്ടോബര്‍ ആദ്യവാരം അയാള്‍ സിറിയയിലേക്ക് പോകാന്‍ പദ്ധതിയിടുകയായിരുന്നു. ഒക്ടോബര്‍ മൂന്നാം തിയ്യതി യുവതി ഇന്റര്‍നെറ്റ് വഴി അവരുടെ മാതാപിതാക്കളെ വിളിക്കുകയും രക്ഷിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഒക്ടോബര്‍ നാലാം തിയ്യതി പിതാവിന്റെ സഹായത്തോടെ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. ഹര്‍ജിക്കാരിയുടെ പിതാവ് വാട്‌സ്ആപ്പ് വഴി വിമാനടിക്കറ്റിന്റെ സ്‌കാന്‍ ചെയ്ത കോപ്പി അയക്കുകയും യുവതി ഒക്ടോബര്‍ അഞ്ചിന് അഹമ്മദാബാദില്‍ ഇറങ്ങുകയും ചെയ്തു.” ഹര്‍ജിക്കാരി പറയുന്നു.

ബംഗളുരുവില്‍ പഠിക്കുന്നതിനിടെയാണ് യുവതി പ്രതിയെന്നാരോപിക്കുന്നയാളെ പരിചയപ്പെട്ടത്. കേസ് നവംബര്‍ 13ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

ഇയാള്‍ തന്റെ ആധാര്‍ കാര്‍ഡ് പുതിയ പേരിലേക്കുമാറ്റി. തന്റെ അറിവില്ലാതെ വ്യാജ വിലാസമുണ്ടാക്കിയെന്നും യുവതി ആരോപിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more