തൃശ്ശൂര്‍: ചേര്‍പ്പ് സി.എന്‍.എന്‍ ഗേള്‍സ് സ്‌കൂളില്‍ കുട്ടികളെ നിര്‍ബന്ധിത പാദപൂജ ചെയ്യിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. കൂടാതെ കമീഷന്‍ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടുകയയും ചെയ്തു.
ഡി.പി.ഐ, ഡി.ഡി.ഇ, പ്രിന്‍സിപ്പല്‍, സി.എന്‍.എന്‍ ഹൈസ്‌കൂള്‍ എന്നിവരോടാണ് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പട്ടിരിക്കുന്നത്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മീഷന്റെ നിര്‍ദ്ദേശം.
സംഭവത്തില്‍ നേരത്തെ ഡി.പി.ഐ റിപ്പോര്‍ട്ട് തേടിയിരുന്നു. തൃശൂര്‍ ഡി.ഇ.ഒയോടാണ് ഡി.പി.ഐ വിശദീകരണം തേടിയത്. അതേസമയം ഗുരുപൂജയില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
Read Also : ഗസല്‍ ഗായകന്‍ ഉമ്പായി അന്തരിച്ചു
ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സഞ്ജീവനി എന്ന ട്രസ്റ്റിന്റെ കീഴിലുള്ള സ്‌കൂളിലാണ് പരിപാടി സംഘടിപ്പിച്ചത്. 1262 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഓരോ ക്ലാസിലുമാണ് പാദപൂജ നടത്തിയത്. വേദവ്യാസ ജയന്തി -വ്യാസ പൗര്‍ണമിയുടെ ഭാഗമായണ് നിര്‍ബന്ധിത പാദ പൂജ നടത്തിയത്.
എന്നാല്‍ കഴിഞ്ഞ 13 വര്‍ഷമായി ഈ സ്‌കൂളില്‍ പരിപാടി നടത്താറുണ്ടെന്നും ഇതുവരെ ആരും ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നുമായിരുന്നു സ്‌കൂള്‍ അധികൃതരുടെ ആദ്യ പ്രതികരണം.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്‌കൂളുകളില്‍ ഇത്തരം പരിപാടികള്‍ നടത്തരുതെന്ന കര്‍ശന നിര്‍ദ്ദേശമിരിക്കെയാണ് ആര്‍.എസ്.എസ് പരിപാടി സംഘടിപ്പിച്ചത്. ചേര്‍പ്പ് സ്‌കൂള്‍ അധികൃതരുടെ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയിലും പുറത്തും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.