| Wednesday, 22nd February 2017, 12:05 pm

പൊലീസ് ഞങ്ങളെക്കൊണ്ട് മലം തീറ്റിച്ചു; ജഡ്ജിയോട് പറഞ്ഞാല്‍ ഇതിനപ്പുറം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി: ഫസീലി പറയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൊലീസ് റിമാന്റില്‍ കഴിഞ്ഞ 50 ദിവസം തനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ലെന്ന് ദല്‍ഹി സ്‌ഫോടന പരമ്പരക്കേസില്‍ കോടതി വെറുതെവിട്ട ശ്രീനഗര്‍ സ്വദേശി മുഹമ്മദ് ഹുസൈന്‍ ഫസിലി. ഇന്നും അന്നത്തെ കാര്യങ്ങളൊന്നും വളരെ വ്യക്തമായി തനിക്കു മുമ്പില്‍ തെളിയുന്നുണ്ടെന്നും ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.

കുറ്റം സമ്മതിപ്പിക്കാന്‍ മാനസികവും ശാരീരികവുമായ ക്രൂരപീഡനങ്ങളാണ് ദല്‍ഹി പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്നു പറഞ്ഞ അദ്ദേഹം അവ വിശദീകരിക്കുകയും ചെയ്തു. “എനിക്കിപ്പോഴും ആ ദിവസങ്ങള്‍ ഓര്‍മ്മയുണ്ട്. അവര്‍ ഞങ്ങളുടെ വായില്‍ മലംതിരുകിക്കയറ്റും. എന്നിട്ട് റൊട്ടിയും വെള്ളവും കാട്ടിത്തരും. ഞങ്ങളെക്കൊണ്ട് മലംവിഴുങ്ങിക്കും.” അദ്ദേഹം പറയുന്നു.

“ദല്‍ഹിയിലെത്തിയശേഷം ഞങ്ങളെ ലോധി കോളനിയിലെ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. കോടതിയില്‍ കള്ളം പറയാന്‍ എന്നോട് ആവശ്യപ്പെട്ടു. കൂട്ടാക്കാതായതോടെ കൈകള്‍ കെട്ടിയിട്ട് നിലത്തു കിടത്തി. രണ്ടുപൊലീസുകാര്‍ കാലില്‍ കയറി നിന്നു. ഒരാള്‍ ഉദരഭാഗത്തേക്ക് നടന്നു. മറ്റൊരാള്‍ ഡിറ്റര്‍ജന്റ് കലക്കിയ വെള്ളം കുടിപ്പിച്ചു.” അദ്ദേഹം പറഞ്ഞു.

അന്നുവൈകുന്നേരം ജഡ്ജിയുടെ അടുത്തേക്ക് കൊണ്ടുപോകുന്നതിനു മുമ്പ് പൊലീസ് തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും ഫസീലി പറയുന്നു. “അവര്‍ പറഞ്ഞു. ജഡ്ജി സാഹിബിനു മുമ്പില്‍ വായ തുറക്കരുത്. തുറന്നാല്‍ ഇതിലും വലുതാണ് കിട്ടുക.” അദ്ദേഹം ആരോപിച്ചു.

200ഓളം വെള്ള പേപ്പറില്‍ തങ്ങളെക്കൊണ്ട് ഒപ്പിടിവിച്ചെന്നും അദ്ദേഹം പറയുന്നു.

“നിങ്ങള്‍ നിരപരാധിയാണെന്ന് തങ്ങള്‍ക്കറിയാം എന്ന് അവര്‍ ഞങ്ങളോടു പറഞ്ഞു. നിങ്ങളെ ഇതില്‍ കുടുക്കാന്‍നൂറു വഴികളുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.” അദ്ദേഹം വിശദീകരിക്കുന്നു.

തീഹാര്‍ ജയിലിലേക്കു മാറ്റിയപ്പോഴാണ് പീഡനങ്ങള്‍ക്ക് അറുതിയായതെന്നും ഫസീലി പറയുന്നു. “തീഹാറില്‍ അവര്‍ ഞങ്ങളെ മര്‍ദ്ദിച്ചിട്ടില്ല.” അദ്ദേഹം പറഞ്ഞു. “പക്ഷെ ക്രിമിനലുകള്‍ ഞങ്ങളെ ആക്രമിക്കുമെന്ന ഭയമുണ്ടായിരുന്നു. തുടക്കത്തില്‍ അവര്‍ വളരെ രോഷാകുലരായിരുന്നു. മൂന്നുകിലോമീറ്ററോളം എന്നെക്കൊണ്ട് തറതുടപ്പിച്ചിട്ടുണ്ട്. പക്ഷെ പിന്നീട് കേസ് മറനീക്കിയപ്പോള്‍ അവരുടെ പെരുമാറ്റം മാറി. ഞങ്ങളെ കുറ്റവിമുക്തരായ ദിവസം അവര്‍ മധുരം വിതരണം ചെയ്തിരുന്നു.” ഫസീലി പറഞ്ഞു.

2005ലെ ദല്‍ഹി സ്‌ഫോടന പരമ്പരക്കേസില്‍ പിടിയിലായ ഫസീലി 12വര്‍ഷത്തിനുശേഷമാണ് ജയില്‍മോചിതനായത്. ഫസീലിക്കു പുറമേ മുഹമ്മദ് റഫീഖ് ഷായെന്ന ശ്രീനഗര്‍ സ്വദേശിയെയും കോടതി കഴിഞ്ഞയാഴ്ച വെറുതെ വിട്ടിരുന്നു.

We use cookies to give you the best possible experience. Learn more